ഭരണമലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു

മലയാളം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കുന്നതിന് നന്ദി:സുഗതകുമാരി

ഭരണമലയാളം എന്ന പേരില്‍ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. glossary.kerala.gov.in സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ്. ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ നിരവധി മലയാളരൂപങ്ങളും ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകള്‍, ടൈപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണമലയാളം മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗങ്ങളായ സുഗതകുമാരി, ജോര്‍ജ് ഓണക്കൂര്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഡെപ്യൂട്ടി സെക്രട്ടറി ജി.സതീഷ്‌കുമാര്‍, ഭാഷാവിദഗ്ധന്‍ ആര്‍.ശിവകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഓണ്‍ലൈന്‍ നിഘണ്ടുവിന് ആവശ്യമായ സാങ്കേതികസഹായം ചെയ്ത എഫ്.ജോസിന് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി. മലയാളം പത്താംക്‌ളാസ് വരെ നിര്‍ബന്ധമാക്കുന്നതിന് സുഗതകുമാരി ചടങ്ങില്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തന്റെ ജീവിതകാലത്ത് ഇത് സഫലമാകുമെന്ന് വിചാരിച്ചതല്ലെന്നും സുഗതകുമാരി പറഞ്ഞു.