കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാന്യത്തോടെ കാണും

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാന്യത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷിവ്യാപിപ്പിക്കാനും വിഷമുക്ത പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കാനും ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്തസംരംഭമായി ‘വിഷുക്കണി-2017’ എന്ന പേരില്‍ നാടന്‍ പഴം-പച്ചക്കറി വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച കുറച്ചുകാലമായി താഴോട്ടാണെന്ന അവസ്ഥ ഗൗരവമായി പരിഗണിക്കണം. കാര്‍ഷികവികസനമില്ലാതെ വികസനം പൂര്‍ണമാകില്ല. പുതിയ ആളുകള്‍ മേഖലയിലേക്ക് കടന്നുവരാനും ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ആദായം ലഭിക്കാനുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് കൃത്യമായ പരിഹാരമാര്‍ഗമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വിഷലിപ്തമായ പച്ചക്കറികളുടെ വ്യാപനം ശക്തമായി നിയന്ത്രിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. നമ്മുടെ പച്ചക്കറി ആവശ്യത്തിന്റെ പകുതിപോലും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. എല്ലാവരും ഒരുതരത്തില്‍ കര്‍ഷകരാകുകയാണ് ആവശ്യം. പച്ചക്കറി സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഇടുക്കിയില്‍ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക കാര്‍ഷിക മേഖലകളായി പ്രഖ്യാപിച്ചത്. കേരള ഓര്‍ഗാനിക്’ ബ്രാന്റിലെ പച്ചക്കറികള്‍ ജനം നല്ലരീതിയില്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് പുതിയ ജൈവ കീട നിയന്ത്രണോപാധികളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് അധികം വിലയ്ക്ക് വാങ്ങി, വിപണിവിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ ആരംഭിക്കുന്ന വിഷു-ഈസ്റ്റര്‍ ഔട്ട്‌ലെറ്റുകളില്‍ 40 ശതമാനത്തോളം തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍, കൗണ്‍സിലര്‍ ഐഷാ ബക്കര്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ എ.എം. സുനില്‍കുമാര്‍, പി.കെ. രഞ്ജിനി തുടങ്ങിയവര്‍ സംബന്ധിച്ചു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ. സുരേഷ് നന്ദി പറഞ്ഞു.

ഓണസമൃദ്ധിയുടെ മാതൃകയില്‍ വിഷു-ഈസ്റ്റര്‍ അനുബന്ധിച്ച് ഇന്നും നാളെയും (ഏപ്രില്‍ 12,13) 1090 പച്ചക്കറി വിപണികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. നാടന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം നല്‍കിയാണ് കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. ഇവ 30 ശതമാനം വരെ വില കുറച്ചാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ഇതിനുപുറമേ നല്ല കൃഷിമുറകള്‍ പാലിച്ച് കൃഷി ഉദ്യോഗസ്ഥരുടെ നേരിട്ടുളള നിരീക്ഷണത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ജി.എ.പി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കേരള ഓര്‍ഗാനിക് എന്ന പേരില്‍ കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകള്‍ വഴി ലഭ്യമാക്കും. ജി.എ.പി ഉത്പന്നങ്ങള്‍ 20 ശതമാനം വരെ അധികം വില നല്‍കിയാണ് കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നത്. 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

കൃഷിവകുപ്പ് മുഖേന 886 വിപണികളും, വി.എഫ്.പി.സി.കെയുടെ 106, ഹോര്‍ട്ടികോര്‍പ്പിന്റെ 98 വിപണികളുമാണ് സംഘടിപ്പിക്കുന്നത്.