ഇടമലക്കുടിയിലെ വികസനപ്രവര്‍ത്തനങ്ങൾ

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മുതുവാന്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ് ഇടമലക്കുടിയില്‍ അധിവസിക്കുന്നത്. വികസനം ഇനിയും എത്തിച്ചേരാത്ത ഒരു പ്രദേശമാണ് ഇടമലക്കുടി. വൈദ്യുതിയോ ആധുനിക ആശയവിനിമയ സംവിധാനങ്ങളോ ഇല്ല. ഇതിനൊരു പ്രധാന കാരണം ഈ പ്രദേശത്തേക്ക് ഒരു റോഡ് ഇല്ലായെന്നതാണ്. ഇരുപത്തിയാറ് കുടികളിലായി ഏകദേശം 2400 പേര്‍ താമസിക്കുന്ന ഇടമലക്കുടി പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ ചില കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഔദ്യോഗികാവശ്യങ്ങള്‍ക്ക് വേണ്ടിപ്പോലും കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ് ഇന്നും ഇടമലക്കുടി നിവാസികള്‍ക്കുള്ളത്. കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമപഞ്ചായത്ത് ഓഫീസ് ഉടനേ തന്നെ ഇടമലക്കുടിയിലേക്ക് മാറ്റും. ഇടമലക്കുടിയിലെ കമ്മ്യൂണിറ്റി ഹാളിലേക്കായിരിക്കും അത് മാറ്റിസ്ഥാപിക്കുക. അനുയോജ്യ സാങ്കേതികവിദ്യകളുപയോഗിച്ച് പുതിയ കെട്ടിടങ്ങള്‍ ഇടമലക്കുടിയില്‍ സ്ഥാപിക്കുവാനും നടപടികള്‍ സ്വീകരിക്കും. പ്രാദേശിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക നിരക്കുപട്ടിക തയ്യാറാക്കും. ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേകസമിതിയെ നിയോഗിക്കും.

കൊടുംവനത്തില്‍ ചിതറിക്കിടക്കുകയാണ് ഇടമലക്കുടിയിലെ ഇരുപത്തിയാറ് കുടികളും. റോഡ് സൗകര്യം തീരെയില്ല. തൊട്ടടുത്ത കുടിയിലേക്ക് യാത്ര ചെയ്യുന്നതിന് കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പഞ്ചായത്തിലെ പ്രാദേശിക യാത്രയ്ക്ക് രണ്ടു ജീപ്പുകള്‍ സജ്ജമാക്കും. നിരക്കുകള്‍ ഗവണ്‍മെന്റ് തീരുമാനിക്കും. വനം വകുപ്പിനായിരിക്കും ജീപ്പൂകള്‍ ഓടിക്കുവാനുള്ള ചുമതലയുണ്ടാവുക.

ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടമലക്കുടിയില്‍ ഒരു പുതിയ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങും. പ്രദേശവാസികള്‍ വളരെക്കാലമായി ഉയര്‍ത്തുന്ന ഒരാവശ്യമാണിത്. ആദിവാസി യുവതയ്ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, ഒരു കുടിക്ക് ഒന്ന് എന്ന നിലയില്‍ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പരിശീലനം നല്‍കും. ഇത്തരത്തില്‍ സേവനത്തിനായി മുന്നോട്ടുവരുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തെ തീവ്രപരിശീലനം നല്‍കും. നിലവില്‍ വനം വകുപ്പിന്റെ കൈവശമുള്ള രണ്ടു കെട്ടിടങ്ങളില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ സജ്ജമാക്കുവാനും ഉദ്ദേശിക്കുന്നു. വൃത്തിയുള്ളതും സൗകര്യപ്രദവുമായ വാലായ്മപ്പുരകള്‍ നിര്‍മിക്കും. അതിനായി തദ്ദേശീയരായ ആദിവാസി കുടുംബങ്ങളുമായി, വിശേഷിച്ചും വനിതകളുമായി, ചര്‍ച്ച നടത്തി രൂപരേഖ തയ്യാറാക്കും.

എല്ലാ അംഗന്‍വാടികളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. തദ്ദേശീയരായ ആദിവാസി വനിതകളെ മാത്രമേ ഇവിടെ നിയമിക്കുകയുള്ളൂ. എത്രയും പെട്ടെന്ന് തന്നെ നിലവില്‍ അവിടെ പണിയെടുക്കുന്ന പുറത്തുനിന്നുമുള്ള ജോലിക്കാരെ മറ്റിടങ്ങളിലേക്ക് പുനര്‍വിന്യസിക്കും. പൊതുവിതരണസംവിധാനത്തിന്റെ ഭാഗമായി തദ്ദേശവാസികള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ ഭക്ഷ്യവസ്തുക്കളും ആട്ടയും ഉള്‍പ്പെടുന്ന ഒരു ഭക്ഷ്യപാക്കേജ് തയ്യാറാക്കും. ഭക്ഷ്യശേഖരണ സംവിധാനങ്ങള്‍ക്കായി ഒരു ഗോഡൗണും സജ്ജമാക്കും.

പഞ്ചായത്തില്‍ ഇപ്പോഴുള്ള എല്‍.പി. സ്കൂള്‍ നവീകരിക്കും. ഏഴാം ക്ലാസ് വരെയുള്ള പഠനസൗകര്യമുള്ള സ്കൂളായി ഉയര്‍ത്തും. ഇതു പൂര്‍ണമായും നടപ്പിലാകുന്നത് വരെ പഠനത്തിനായി താല്‍ക്കാലികമായ സൗകര്യമേര്‍പ്പെടുത്തും. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ പ്രദേശവാസികളെ ഇതിനായി പ്രയോജനപ്പെടുത്തും. കുടുംബങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നപക്ഷം കുട്ടികളെ മറ്റിടങ്ങളിലുള്ള നല്ല സ്കൂളുകളില്‍ പഠിപ്പിക്കും.

ഇടമലക്കുടിയില്‍ വൈദ്യുതിയെത്തിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. വികേന്ദ്രീകൃതമായ രീതിയിലുള്ള വൈദ്യുതോല്പാദനവും വിതരണവും ഉറപ്പാക്കുന്നതിനായി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കേരള വൈദ്യുതി ബോര്‍ഡ് കണ്ടെത്തും. ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ മേല്‍നോട്ടം സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും.

ഇടമലക്കുടിയിലെ ആദിവാസികളുടെ ഗോത്രാവകാശങ്ങള്‍ വനം വകുപ്പ് ഉടനെ തന്നെ പ്രത്യേകമായി പ്രഖ്യാപിക്കും. ആദിവാസികള്‍ ശേഖരിക്കുന്ന തടി-ഇതര വനോല്പന്നങ്ങളുടെ വിപണനം ചെയ്യുവാനുള്ള പുതിയ സംവിധാനം പട്ടികജാതി/പട്ടികവര്‍ഗ വകുപ്പിന്റെയും വനം വകുപ്പിന്റെയും സംയുക്ത മേല്‍നോട്ടത്തില്‍ ഉറപ്പാക്കും. പ്രദേശത്ത് ജൈവ കൃഷിരീതികള്‍ മാത്രം പ്രോല്‍സാഹിപ്പിക്കും. ഏലകൃഷിയില്‍ പുറം ഇനങ്ങള്‍ അനുവദിക്കുകയില്ല.

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പരിപാടിയായ ‘Project LIFE’ മുന്‍ഗണനയോടെ നടപ്പിലാക്കും. തദ്ദേശീയമായി ലഭ്യമായ നിര്‍മണസാമഗ്രികളും രൂപരേഖകളും പരമാവധി ഉപയോഗിച്ചു തന്നെ നിര്‍മാണം നടത്തും. ഗോത്രജനതയുമായി വിശദമായ കൂടിയാലോചന നടത്തിയായിരിക്കും ഇതു ചെയ്യുക.

ഇടമലക്കുടിയിലെ വികസനപ്രവര്‍ത്തനങ്ങളുടെയെല്ലാം ഏകോപനത്തിനായി ദേവികുളം സബ് കളക്റ്ററെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കും.