ഹരിതകേരളം – ധര്‍മ്മടം

ഹരിത കേരള മിഷന്‍റെ ഭാഗമായി കൃഷി, ജല സംരക്ഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 5000 ഒട്ടുമാവിന്‍ തൈകളും 7000 കാന്താരി തൈകളും വിതരണത്തിനായി എത്തിക്കഴിഞ്ഞെന്നും അതിനുപുറമെ 5000 മഴക്കുഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്ലാഘനീയമായ കാര്യമാണിത്.

ഐക്യകേരളത്തിന്‍റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്‍പങ്ങള്‍ വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.

44 നദികളും 18,681 കുളങ്ങളും അമ്പത് ലക്ഷത്തോളം കിണറുകളും കേരളത്തിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണം കൊണ്ടും അളവുകൊണ്ടും ഈ രാജ്യത്തെ മറ്റേത് പ്രദേശത്തേക്കാളും ജലസമൃദ്ധമാണ് നമ്മുടെ നാട്. ജലലഭ്യത ഒരു പ്രശ്നമേ ആകാതിരുന്ന കാലം ഇന്ന് വിസ്മൃതിയിലേക്ക് മറയുകയാണ്. ശുദ്ധജലത്തിന്‍റെ ലഭ്യതയില്‍ ഗണ്യമായ ഇടിവാണ് കഴിഞ്ഞ കുറച്ചുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ക്കാലത്ത് കിണറുകളും കുളങ്ങളും പുഴകളും വരണ്ടുണങ്ങുന്നു. മഴലഭ്യതയില്‍ ഉണ്ടാകുന്ന കുറവ് കൊണ്ടാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.

നമ്മുടെ നാടിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം പെയ്യുന്ന മഴയുടെ വലിയൊരു ഭാഗവും കടലിലേക്ക് ഒഴുകിപ്പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. മഴക്കുഴികളും, മറ്റ് മഴവെള്ള സംഭരണസംവിധാനങ്ങളും സജ്ജമാക്കുന്നത് വഴി ഇതില്‍
ഗുണപരമായ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കും. നവീന സാങ്കേതികവിദ്യയുപയോഗിച്ച് തയ്യാറാക്കുന്ന നദീതട മാസ്റ്റര്‍പ്ലാനുകളുടെ അടിസ്ഥാനത്തില്‍ നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള തടയണകളും മറ്റ് സംവിധാനങ്ങളും നിര്‍മിക്കാനാവും.

പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവ് മഴയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. അതുകൊണ്ടുതന്നെ കേരളം ഒരു വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കുടിവെളള ക്ഷാമം മനുഷ്യരെ മാത്രമല്ല, വന്യജീവികളെയും വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ജലസുരക്ഷയുടെ പ്രസക്തി ഇവിടെയാണ്. ഹരിതകേരളത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ജലസുരക്ഷാപദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സമ്പൂര്‍ണ കിണര്‍ റീച്ചാര്‍ജ് പദ്ധതിയിലൂടെ നമ്മുടെ സംസ്ഥാനത്തെ പ്രധാന കുടിവെള്ളസ്രോതസ്സായ കിണറുകളിലെ ജലലഭ്യത സുസ്ഥിരമായി ഉറപ്പുവരുത്തും. കുളങ്ങള്‍, തോടുകള്‍, നദികള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളിലെ ജലലഭ്യത അഞ്ചുവര്‍ഷം കൊണ്ട് വളരെ ശ്രദ്ധേയമാംവിധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാണു കരുതുന്നത്. 2030 ആകുമ്പോഴേക്ക് 29 ശതമാനം അധികം കുടിവെള്ളവും 81 ശതമാനം അധികം ജലസേചനാവശ്യത്തിനുള്ള വെള്ളവും കേരളം കണ്ടെത്തേണ്ടതുണ്ട്. ഇതുകൂടി മനസ്സില്‍വെച്ചാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.

നദികള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ മലിനപ്പെടുന്നത് സംസ്ഥാനത്തെ ജലപ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ജനസംഖ്യാ വര്‍ദ്ധനവുമൂലവും ആസൂത്രണരഹിതമായ വികസനമാതൃകകള്‍മൂലവും ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്. ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായി സമൂഹത്തില്‍ പ്രബലമായ ഉപഭോഗസംസ്കാരത്തിനെ തൃപ്തിപ്പെടുത്തുന്ന
രീതിയിലുള്ളതാണ് നാം കണ്ടുപരിചയിച്ച വികസനമാതൃകകള്‍.തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അതീതമായി വിഭവങ്ങളെ ഉപയോഗിച്ചു തീര്‍ക്കുന്ന ഈ ഉപഭോഗത്വരയുടെ അനന്തരഫലമാണ് നാം നേരിടുന്ന മാലിന്യപ്രതിസന്ധി. മാലിന്യോല്‍പാദനത്തിന് ആനുപാതികമായി സംസ്കരണ സംവിധാനങ്ങളുടെ വികസനത്തിനും വിപുലീകരണത്തിനും ഊന്നല്‍ നല്‍കാത്തതുകൊണ്ട് മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള ഒരു കേരളം ഉത്തരവാദിത്തബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നതാണ് ഹരിതകേരളത്തിന്‍റെ ഭാഗമായ മാലിന്യസംസ്കരണ കര്‍മപദ്ധതിയുടെ ഉദ്ദേശം.

പരിസ്ഥിതിസൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ-മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുവാനും ഇക്കാര്യത്തില്‍ ഒരു ലോകോത്തര മാതൃക സൃഷ്ടിക്കുവാനുമാണ് ശുചിത്വ-മാലിന്യസംസ്കരണ കര്‍മപദ്ധതി ലക്ഷ്യമിടുന്നത്. ശുചിത്വമാലിന്യ സംസ്കരണ കര്‍മപദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തവും നമ്മുടെ ശീലങ്ങളിലും ജീവിതശൈലിയുമുള്ള മാറ്റവും നിര്‍ണായകമാണ്.

വ്യക്തിഗത ശുചിത്വത്തിന് മുന്‍ഗണന കൊടുക്കുന്നവരാണ് മലയാളികള്‍. എങ്കിലും സാമൂഹികമായി, ശുചിത്വം എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കുറ്റകരമായ നിസ്സംഗതയാണ് നാം പ്രകടിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. പൊതു ഇടങ്ങള്‍ മാലിന്യരഹിതമായി സൂക്ഷിക്കപ്പെടുന്ന, സാമൂഹികശുചിത്വം ഒരു ഉത്തരവാദിത്തമായി കാണുന്ന ഒരു സംസ്കാരം ശീലമാക്കുവാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. തീവ്രമായതും തുടര്‍ച്ചയുള്ളതുമായ പ്രചരണ-ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനാവശ്യമാണ്. ആശുപത്രികള്‍, ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍
എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന നല്‍കും.

ജൈവ-അജൈവ മാലിന്യങ്ങളുടെ ശേഖരണ-സംഭരണ-സംസ്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അജൈവമായ മാലിന്യത്തിന്‍റെ തോത് ഹരിത മര്യാദ (ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പിലാക്കിക്കൊണ്ട് കുറയ്ക്കും. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങിയ മാലിന്യങ്ങളുടെ പുനഃരുപയോഗ-പുനഃചംക്രമണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന അജൈവമാലിന്യം സംഭരിക്കുന്നതിനും പുനഃചംക്രമണം ചെയ്യുന്നതിനും വ്യവസായ വകുപ്പുമായി ചേര്‍ന്ന് റീസൈക്ലിംങ്ങ് പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക. പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ജൈവമാലിന്യം വികേന്ദ്രീകൃതമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് സംസ്കരിക്കും. സാധ്യമായ സാഹചര്യങ്ങളില്‍ ദ്രവമാലിന്യങ്ങള്‍ അതത് സ്ഥലത്തുതന്നെ ശുദ്ധീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. ജൈവമാലിന്യ സംസ്കരണത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവവളം കാര്‍ഷികവകുപ്പുമായി സഹകരിച്ച് വിപണനം ചെയ്യുവാനുള്ള സംവിധാനം രൂപപ്പെടുത്തും.

സംസ്ഥാനവരുമാനത്തിന്‍റെ നല്ലൊരു ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തിന്‍റെ കാര്‍ഷികമേഖലയാണ്. ഏതാണ്ട് നാലിലൊന്നു ഭാഗം. ജനസംഖ്യയില്‍ മൂന്നില്‍രണ്ടു ഭാഗം ആശ്രയിക്കുന്നത് കൃഷിയെയാണുതാനും. എന്നാല്‍, വേണ്ടത്ര പിന്തുണ നല്‍കാത്തതുമൂലം കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക് താഴേക്കാണ്. കൃഷിയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതോടുകൂടി കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കുവേണ്ടി പരിവര്‍ത്തനപ്പെടുത്തുന്നത് വ്യാപകമാണ്.

നമ്മുടെ ജലസമൃദ്ധിയില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇത്തരത്തില്‍ ഇല്ലാതെയായി മാറി. അത്തരമൊരു ഘട്ടത്തിലാണ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുവാന്‍ മുമ്പ് നിയമം കൊണ്ടുവന്നത്. കാര്‍ഷികേതരാവശ്യങ്ങള്‍ക്ക് വയലുകള്‍ നികത്തപ്പെടുമ്പോള്‍ അത് നമ്മുടെ ഭക്ഷ്യസ്വയംപര്യാപ്തതേയും സാരമായി ബാധിക്കുന്നു. ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനൊരു കാരണമാണ്. അശാസ്ത്രീയമായ കൃഷിരീതികളും അമിതമായ രാസവള-കീടനാശിനി പ്രയോഗവും കാര്‍ഷികമേഖലയിലെ വര്‍ത്തമാനകാല തിരിച്ചടികളാണ്.

ഹരിതകേരളം പദ്ധതി ഒരുവശത്ത് ജലസ്രോതസ്സുകളടക്കം കേരളത്തെയാകെ ശുചീകരിക്കുമ്പോള്‍ മറുവശത്ത് പച്ചക്കറി അടക്കമുള്ള കൃഷിക്ക് വലിയ ഊന്നല്‍ നല്‍കുന്നു. പച്ചക്കറിക്കുപോലും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ നാട്ടില്‍ 70 ലക്ഷത്തിലധികം വീടുകളുണ്ട്. ഓരോ വീടിനും അനുബന്ധമായി ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷിയുണ്ടായാല്‍ കേരളത്തില്‍ ആ രംഗത്ത്
സ്വയംപര്യാപ്തത നേടാം. മിഷന്‍ ഗൗരവപൂര്‍വം ഏറ്റെടുത്തിട്ടുള്ള കാര്യമാണിത്.

മാലിന്യ പുനഃചംക്രമണത്തിലൂടെയും ജലസേചന പദ്ധതികളുടെ സംയോജനത്തിലൂടെയും കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം സാധ്യമാക്കുന്നതു വഴി കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കുകയും സാമ്പത്തികവളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് കാര്‍ഷിക മേഖലയിലെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നത്. ഉല്‍പാദനം, വിപണനം, പിന്തുണ എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പങ്കാളിത്തകൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോല്‍സാഹനം എന്നിവ വഴി ഉല്‍പാദന മേഖലയ്ക്ക് ഊര്‍ജമേകും.

വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് കോട്ടം വരുത്തുന്നതാവരുത്. പ്രകൃതിവാദമുയര്‍ത്തി എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും മരവിപ്പിക്കുന്ന നിലപാടുണ്ടാവുകയുമരുത്. ഈ ഉറച്ച ബോധത്തില്‍ നിന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരുവശത്ത് കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും പോലുള്ള വലിയ വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ മറുവശത്ത്
നമ്മുടെ പ്രകൃതിയെയും കൃഷിയെയും ജലാശയങ്ങളെയും വീണ്ടെടുക്കാന്‍ ഹരിതകേരളം മിഷനും നടപ്പിലാക്കുന്നത്.

പ്രകൃതിയില്ലാതെ വികസനമില്ല എന്ന ബദല്‍ കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുമ്പോട്ടുവെക്കുന്നത്. അടച്ചുപൂട്ടിയ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചും കേന്ദ്രം നിര്‍ത്തലാക്കുന്ന വ്യാവസായങ്ങള്‍ ഏറ്റെടുത്തും കേരള സര്‍ക്കാര്‍ വ്യാവസായിക വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അതുപോലെ തന്നെ പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയര്‍ എന്നിവയ്ക്കെല്ലാം പ്രോത്സാഹനവും നല്‍കുന്നു. ഇതിനെല്ലാം പുറമെയാണ് ചെറുപ്പക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ തൊഴില്‍ ഉറപ്പാക്കുന്ന
രീതിയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാനായി അവയ്ക്കു സാമ്പത്തികസഹായം നല്‍കുകയും കിഫ്ബിയിലൂടെ പുതിയ അടിസ്ഥാനസൗകര്യ വികസനവും വ്യവസായങ്ങളും കൊണ്ടുവരികയും ചെയ്യുന്നത്.

മുമ്പില്ലാത്ത വിധം കേരളത്തില്‍ വികസനം നടക്കുമ്പോള്‍ തന്നെ നമ്മുടെ നഷ്ടപ്പെട്ടുപോകുന്ന ജലസമ്പത്തിനെ വീണ്ടെടുക്കാനും മലിനമാക്കപ്പെടുന്ന നമ്മുടെ നാടിനെ മാലിന്യ സംസ്കരണത്തിലൂടെ ശുദ്ധീകരിക്കാനും പിന്നോട്ടടിക്കപ്പെടുന്ന നമ്മുടെ കാര്‍ഷിക ഉല്‍പാദനത്തെ പുനരുജ്ജീവിപ്പിച്ച് കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും നമുക്കു കഴിയണം. ഹരിതകേരളം മിഷന്‍ അതിനുപകരിക്കും എന്നതില്‍ സംശയമില്ല.

കേരളമൊട്ടാകെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെടുന്ന ഈ മിഷനില്‍ എന്‍റെ സ്വന്തം നാടും ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ പോലുള്ള പദ്ധതികളിലൂടെ ആത്മാര്‍ത്ഥതയോടെ പങ്കുചേരുന്നതില്‍ എനിക്കതിയായ സന്തോഷമുണ്ട്. ഇതിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍.