വിഷുക്കണി 2017

നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്‍റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്‍റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്‍ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ.

നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്‍റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്‍റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്‍ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ.

വിഷുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ആഘോഷമാണ് ഈസ്റ്റര്‍. ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ അഥവാ പ്രതീക്ഷയുടെ കിരണങ്ങള്‍ പടര്‍ത്തുന്ന ഉത്സവമാണത്. ഈ വര്‍ഷം ഈ രണ്ടു വിശേഷദിനങ്ങളും ഒരുമിച്ചാണ് നാം കൊണ്ടാടുന്നത്. എല്ലാ മലയാളികള്‍ക്കും വിഷരഹിത വിഷു-ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഈ വിപണി സഹായകരമാകും എന്നുതന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്ന കാര്‍ഷികമേഖലയുടെ നിലവിലെ അവസ്ഥ അത്ര ശുഭകരമല്ല. കഴിഞ്ഞ കുറേക്കാലത്തെ സ്ഥിതിവിവരക്കണക്ക് പരിശോധിച്ചാല്‍ വളര്‍ച്ച താഴേക്കാണെന്ന് ആര്‍ക്കും ബോധ്യമാകും. 2012-13ല്‍ സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 13.76 ശതമാനമായിരുന്നു കാര്‍ഷിക മേഖലയുടെ സംഭാവന. 2013-14ല്‍ അത് 12.9 ശതമാനമായും, 2014-15ല്‍ 11.6 ശതമാനമായും കുറഞ്ഞു. ഇത് കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന ഏതൊരാളേയും ഉല്‍ക്കണ്ഠപ്പെടുത്തുന്നകാര്യമാണ്. ഇത് മുറിച്ചുകടക്കുക എന്നതാണ് സര്‍ക്കാരിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കാര്‍ഷികരംഗത്ത് വലിയ കെടുതികള്‍ ഉണ്ടായിട്ടുണ്ട്. നെല്‍കൃഷി പാടെ ഇല്ലാതാവുന്ന സ്ഥിതിവിശേഷമാണ് അതില്‍ ഏറ്റവും പ്രധാനം. നെല്‍പ്പാടങ്ങള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുന്ന നടപടികളാണ് തുടരെയുണ്ടായത്. 2011-12ല്‍ രണ്ടുലക്ഷത്തി എണ്ണായിരം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ 2014-15
ആയപ്പോള്‍ ഒരുലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരം ഹെക്ടറായി കുറഞ്ഞു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ ഏറ്റവും കുറഞ്ഞത് 1000 ഏക്കര്‍ നെല്‍പ്പാടങ്ങളെങ്കിലും നികത്തുകയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും മറ്റുമായി നീക്കിവയ്ക്കുകയുമുണ്ടായി. ഞാനതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

കാര്‍ഷിക മേഖലയില്‍ കേരളം എറെനാളായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന രണ്ടു പ്രധാന പ്രശ്നങ്ങളായിരുന്നു ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും വിഷലിപ്തമായ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും. കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക്, ഉപഭോക്താക്കള്‍ വാങ്ങുന്ന വിലയുടെ നാലില്‍ ഒരുഭാഗം പോലും ലഭിക്കുന്നില്ല എന്നതായിരുന്നു വാസ്തവം. ഇടനിലക്കാരുടെ ചൂഷണമായിരുന്നു
ഇതിനുള്ള കാരണങ്ങളിലൊന്ന്. മുടക്കുമുതലിന്‍റെ പകുതിപോലും ലഭിക്കാത്ത സ്ഥിതിവന്നതോടെ പല കര്‍ഷകരും ഈ രംഗത്തുനിന്നും പിന്മാറിത്തുടങ്ങി. അതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെ വിഷമയമായ പച്ചക്കറികള്‍ നമ്മുടെ നാട്ടിലേക്കു പ്രവഹിക്കാന്‍ എത്താന്‍ തുടങ്ങി.

ഇതു കേവലം സമ്പദ്ഘടനയുടെ മാത്രം പ്രശ്നമായിരുന്നില്ല. വിഷപച്ചക്കറികളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തിനു വലിയ അളവില്‍ ഭീഷണിയുയര്‍ത്തുന്ന സ്ഥിതിവിശേഷം ഇന്നു നമ്മുടെ നാട്ടിലുണ്ട്. ഇതൊക്കെ മനസ്സിലാക്കിഅവയെ
പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും കൃഷിവകുപ്പും നടത്തിവരുന്നത്. വിഷപ്പച്ചക്കറികളുടെ വ്യാപനത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഒപ്പം യഥാര്‍ത്ഥ കര്‍ഷകരെ സംരക്ഷിക്കേണ്ടതുമുണ്ട്. കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് ഇതു രണ്ടും ആവശ്യമാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കി അവര്‍ക്കു കാര്‍ഷികവൃത്തിയില്‍ തുടരുന്നതിനു വേണ്ട പ്രോത്സാഹനം നല്‍കുക, ജനങ്ങള്‍ക്ക് വിഷരഹിതമായ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറിയുടെ അളവ് 20 മില്യണ്‍ മെട്രിക് ടണ്ണാണ്. എന്നാല്‍,ഉല്‍പാദനമാകട്ടെ 9 മില്യണ്‍ മെട്രിക് ടണ്ണും. ശേഷിക്കുന്ന 11 മില്യണ്‍ മെട്രിക് ടണ്‍ സാധനങ്ങളും നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. എന്താണിത് സൂചിപ്പിക്കുന്നത്. നമുക്കു ആവശ്യമായ പച്ചക്കറിയുടെ പകുതിപോലും നാം ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല എന്നതല്ലേ. വല്യ അധ്വാനം കൂടാതെ വീട്ടുവളപ്പില്‍തന്നെ വളര്‍ത്താന്‍ കഴിയുന്ന ധാരാളം പച്ചക്കറിയിനങ്ങളുണ്ട്. ഒരു വീട്ടിലേക്കാവശ്യമായ രണ്ടോ മൂന്നോയിനം പച്ചക്കറി വിളയിക്കാന്‍ നമുക്കു സാധിക്കും. ഇതു പറയുകമാത്രമല്ല മേലേതട്ടില്‍ നിന്നുതന്നെ തുടങ്ങി നിങ്ങള്‍ക്കു മാതൃക കാട്ടാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. മന്ത്രിമന്ദിരങ്ങളിലെല്ലാം തന്നെ പച്ചക്കറിതോട്ടങ്ങള്‍ നിര്‍മിക്കുകയുണ്ടായി.

വിളയിച്ചെടുത്ത പച്ചക്കറികള്‍ സ്വന്തം ആവശ്യം കഴിഞ്ഞ് എല്ലാ മന്ത്രിമാരും കൃഷി വകുപ്പിന്‍റെ ഇക്കോഷോപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ കാര്യവും നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാകും.എല്ലാവരും കര്‍ഷകരാകുക എല്ലായിടവും കൃഷിയിടമാക്കുക എന്ന സര്‍ക്കാരിന്‍റെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയാല്‍ ഇത് ഏറെക്കുറെ സാധ്യമാക്കാന്‍ നമുക്ക് കഴിയും. ഇക്കഴിഞ്ഞ ഓണക്കാലത്ത്
‘ഓണസമൃദ്ധി’ എന്നപേരില്‍ കൃഷിവകുപ്പും സര്‍ക്കാരും വിപണിയില്‍ നേരിട്ട് ഇടപെട്ടതിന്‍റെ ഗുണഫലം അനുഭവിച്ചവരാണ് നിങ്ങള്‍. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ അഭിമുഖ്യത്തില്‍ 1350ലധികം നാടന്‍ പച്ചക്കറി സംഭരണശാലകള്‍ ഓണത്തിന് അഞ്ചുദിവസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പ്രാദേശിക കര്‍ഷകരില്‍ നിന്നും 10 ശതമാനം വിലകൂട്ടി സംഭരിച്ച പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവിലാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. നാടന്‍ പച്ചക്കറികളാണ് ഇത്തരത്തില്‍ സംഭരിച്ച് വില്‍പന നടത്തിയത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

പച്ചക്കറി സ്വയംപര്യാപ്തത കൈവരിക്കാനുള്ള മറ്റൊരു ശക്തമായ ഇടപെടലായിരുന്നു ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, മറവൂര്‍ എന്നീ പ്രദേശങ്ങളെ പ്രത്യക പച്ചക്കറി മേഖലയായി പ്രഖ്യാപിച്ചത്. ഇവിടുത്തേക്കു കൂടുതല്‍ ഫണ്ട് അനുവദിച്ചു എന്ന് മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുള്ള ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ഒരു ശാഖ അവിടെ ആരംഭിക്കുകയും
ചെയ്തു. ഈ മേഖലയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമായി. കൊള്ളപ്പലിശയ്ക്ക് പണം വാങ്ങി കൃഷി കെയ്യുകയും തുച്ഛമായ വിലയ്ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മാന്യമായി കൃഷിചെയ്യാനും ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും സര്‍ക്കാരിന് സാധിച്ചു.

ഓണസമൃദ്ധിയുടെ വിജയത്തിന്‍റെ ചുവടുപിടിച്ചാണ് രണ്ടുദിവസത്തെ ഈസ്റ്റര്‍-വിഷു വിപണി നടത്തുന്നത്. 1090 വിപണനശാലകള്‍ വഴി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കര്‍ഷക കൂട്ടായ്മക എന്നിവയുടെ സഹകരണത്തോടെയാണ് ഈ വിപണികള്‍ സജ്ജമാക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ വിപണികള്‍ കൂടാതെ കൃഷിവകുപ്പിന്‍റെ ഇക്കോഷോപ്പുകള്‍ വഴി നല്ല
കൃഷിമുറകള്‍ പാലിച്ച് ഉല്‍പാദിപ്പിച്ചെടുത്ത നാടന്‍ പഴം-പച്ചക്കറികള്‍ څകേരള ഓര്‍ഗാനിക്چഎന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലെത്തിക്കാനും തീരുമാനമുണ്ട്. ഈ രീതിയില്‍ ശക്തമായ വിപണി ഇടപെടല്‍ നടത്തി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും മുന്‍കൂട്ടി വിഷരഹിത വിഷു-ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടു ഈ ചടങ്ങ് സന്തോഷപൂര്‍വ്വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.