സെന്‍റര്‍-സ്റ്റേറ്റ് റിലേഷൻസ് – സെമിനാര്‍

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് അങ്ങേയറ്റം പ്രസക്തമായ വിഷയമാണ് നാമിവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്- കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍. രാജ്യത്തിന്‍റെ സമതുലിതവും സമഗ്രവുമായ വികസനവും ജനങ്ങളുടെ സര്‍വതോന്മുഖമായ ക്ഷേമവും ഉറപ്പുവരുത്തണമെങ്കില്‍ നീതിപൂര്‍വകമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള ന്യായയുക്തമായ വിഭവ വിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദേശീയ പശ്ചാത്തലത്തില്‍ തന്നെ സുപ്രധാനമാണ് ഈ വിഷയം എന്ന് ആമുഖമായി തന്നെ പറയേണ്ടിവരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പല പതിറ്റാണ്ടുകളായി നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍, അഴിച്ചുപണി ഉണ്ടാകുന്നില്ല എന്നതോ പോകട്ടെ, ബന്ധങ്ങള്‍ കൂടുതല്‍ അസമതുലിതമാവുക കൂടി ചെയ്യുന്നു എന്നതാണു സത്യം.

ഭരണഘടനയുടെ സത്ത ഫെഡറല്‍ സ്വഭാവമാണെന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. ഇന്ത്യയുടെ ഭരണസംവിധാനം ആ ഫെഡറല്‍ സ്വഭാവത്തിലുള്ളതാണ് എന്നും പറയാറുണ്ട്. എന്നാല്‍, സമ്പൂര്‍ണ ഫെഡറല്‍ സ്വഭാവം അതിനുണ്ടോ? ഇല്ല എന്നതാണു സത്യം. മിക്ക ധനാധികാരങ്ങളും കേന്ദ്രത്തിന്. കണ്‍കറന്‍റ് പട്ടികയിലെ വിഷയങ്ങളിലും പ്രാമുഖ്യം കേന്ദ്രത്തിന്. ഒരു പട്ടികയിലും പെടാത്ത വിഷയങ്ങളില്‍ നിയമം നിര്‍മിക്കാനുള്ളതു മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭയെപിരിച്ചുവിടാന്‍ വരെയുള്ള അപരിമിതമായ അധികാരങ്ങള്‍കേന്ദ്രത്തിന്. ഇങ്ങനെ നോക്കുമ്പോള്‍ അര്‍ദ്ധ ഫെഡറല്‍ സ്വഭാവം മാത്രമുള്ളതോ ചില ഫെഡറല്‍ സ്വഭാവങ്ങള്‍ അനുവദിച്ചുകൊടുക്കുക മാത്രം ചെയ്യുന്ന യൂണിറ്ററി ഘടനയോടു കൂടിയതോ ആണ് നമ്മുടെ ഭരണഘടന അനുവദിക്കുന്ന ഭരണസംവിധാനത്തിന്‍റെ സ്വഭാവം എന്നു പറയേണ്ടിവരും. ഈ വസ്തുത ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെക്കുറിച്ചു പറയുന്ന വേളയില്‍ നാം കാണാതെ പോകരുത്.

പരിമിതമായ ഫെഡറല്‍ സ്വഭാവത്തെ പോലും തുടര്‍ച്ചയായി ഇല്ലാതാക്കുന്ന നിയമനിര്‍മാണങ്ങള്‍ നടക്കുന്നു. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ കേവലം സാമന്ത പദവിയിലേക്കു തരംതാഴ്ത്തപ്പെടുന്നു. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്കു മാറുന്നു. സംസ്ഥാനങ്ങളുടെ വിഭവശ്രോതസ്സുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങള്‍ എത്ര ഞെരുങ്ങുന്നുവോ അതിനനുസരിച്ച് കേന്ദ്രം തടിച്ചുകൊഴുക്കുന്നു.

ചുരുക്കം പറഞ്ഞാല്‍ ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് ശക്തമാവുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ഈ പ്രക്രിയ ശക്തിപ്പെട്ടു. ബിജെപി ഭരണത്തില്‍ ഇത് കൂടുതല്‍ കൂടുതല്‍
ശക്തിപ്പെടുന്നു. കേന്ദ്രം സാമ്രാജ്യത്വവും സംസ്ഥാനങ്ങള്‍ അതിന്‍റെ കോളനികളും എന്ന നിലയിലേക്കുള്ള മനോഭാവമാറ്റം അധികാരികളുടെ പക്ഷത്ത് വളരെ പ്രകടമാണ്. ഇതു ശക്തിപ്പെടുംതോറും സംസ്ഥാനങ്ങള്‍ ദുര്‍ബലമാവുന്നു. വേണ്ടത് ശക്തമായ കേന്ദ്രവും സമൃദ്ധമായ സംസ്ഥാനങ്ങളുമാണ്. എന്നാല്‍, ദുര്‍ബലപ്പെട്ട സംസ്ഥാനങ്ങളും അധികാരകേന്ദ്രീകരണം കൊണ്ട് ശക്തമെങ്കിലും ഉള്ളാലെ ദുര്‍ബലമായ കേന്ദ്രവും എന്ന അവസ്ഥ വന്നിരിക്കുന്നു. ഈ അവസ്ഥ മാറിയാലേ ഇന്ത്യയ്ക്ക് അതിജീവിക്കാനാവൂ.

ഈ പുതിയ കാലത്ത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സമതുലിതമാവേണ്ടതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച ഈ കേരളത്തില്‍ തുടങ്ങുന്നുവെന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഏതു മലയാളിക്കും സന്തോഷകരമായ, അഭിമാനകരമായ ഒരു അനുഭവമായിരിക്കുമിത്. കാരണം, ഈ കേരളമാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ മൂച്ചൂടും ഉലയ്ക്കുന്ന കേന്ദ്ര ആഘാതത്തിന് ആദ്യമായി വിധേയമാകേണ്ടി വന്ന സംസ്ഥാനം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതും നിയമസഭയില്‍
ഭൂരിപക്ഷമുണ്ടായിരുന്നതുമായ ഒരു മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് ആദ്യമായി പുറത്താക്കിയത് ഇവിടെയായിരുന്നല്ലൊ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കേറ്റ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഘാതമായിരുന്നു അത്; 1959ല്‍ ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയ നടപടി. സംസ്ഥാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കടന്നാക്രമണങ്ങളുടെ
തുടക്കമായിരുന്നു അത്.

പിന്നീട് എത്രയോ തവണ ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായി ഇന്ത്യയില്‍ ജനവിധി അട്ടിമറിച്ചു. അത്തരം ജനാധിപത്യഹത്യകളുടെ പരമ്പര തന്നെ ഈ രാജ്യത്ത് നടന്നു. ആദ്യം കോണ്‍ഗ്രസ് ഭരണവും പിന്നീട് ബിജെപി ഭരണവും എത്രയോ സംസ്ഥാന ഭരണങ്ങളെ ഇങ്ങനെ നീതിരഹിതമായി അധികാരത്തില്‍നിന്നും പുറത്താക്കി. ജനാധിപത്യവിരുദ്ധതയുടെ തേരിലേറിയുള്ള അഹങ്കാരം നിറഞ്ഞ ആ സഞ്ചാരം ഒടുവില്‍ കോണ്‍ഗ്രസിനെത്തന്നെ ജനങ്ങള്‍ പടിപടിയായി നിരാകരിക്കുന്നിടത്തേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. ബിജെപിയും ഇന്ന് അതേ വഴിക്കുതന്നെ സഞ്ചരിക്കുന്നു. അനിവാര്യമായ നാളത്തെ ദുരന്തത്തിലേക്ക്. ഗോവയിലും മണിപ്പൂരിലും എങ്ങനെ ജനവിധിയെ ഇവര്‍ മാറ്റിമറിച്ചു എന്നതു നാം ഈയിടെ കണ്ടതാണല്ലൊ. 356-ാം വകുപ്പിന്‍റെ
പ്രയോഗമില്ലെങ്കിലും ജനവിധിയെ കൃത്രിമമായി അട്ടിമറിച്ചതിന്‍റെ ദൃഷ്ടാന്തം അവിടെ കാണാനാവും. ഭരണഘടന വിഭാവനം ചെയ്ത കേന്ദ്ര-സംസ്ഥാന ബന്ധമല്ലല്ലൊ അവിടങ്ങളില്‍ വിലപ്പോയത്!സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ മന്ത്രിസഭയുണ്ടായിരിക്കെ അതിന്‍റെ തലയ്ക്കുമുകളിലൂടെ ഗവര്‍ണര്‍മാരെ ചട്ടുകമാക്കി കേന്ദ്രം അതിന്‍റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവുന്നതും ഇതിനിടെ ഇന്ത്യയില്‍ പലയിടത്തും കണ്ടു. ഗോവയിലും മണിപ്പൂരിലും ഗവര്‍ണര്‍മാര്‍, ഏറ്റവും വലിയ നിയമസഭാകക്ഷി മറ്റൊന്നായിരിക്കെ പിന്‍സ്ഥാനത്തു മാത്രം വന്നുനിന്ന കക്ഷിക്ക് ഭരണാധികാരം എത്തിച്ചുകൊടുക്കുന്നതില്‍ വഹിച്ച പങ്ക് ഓര്‍മിക്കാവുന്നതാണ്.

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വന്നശേഷം സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. കേന്ദ്രവും ബിജെപിയിതര സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ഉത്തരാഘണ്ഡിലും അരുണാചല്‍ പ്രദേശിലും പ്രസിഡന്‍റുഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം മാത്രമല്ല, ദില്ലിസര്‍ക്കാരും കേന്ദ്രവുമായി ഉണ്ടായ നിയമയുദ്ധവും കേന്ദ്രത്തിന്‍റെ ഫെഡറല്‍വിരുദ്ധ നിലപാടിന്‍റെ നിദര്‍ശനങ്ങളാണ്.

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ ഗവര്‍ണറോ രാഷ്ട്രപതിയോ ഒപ്പിടാതിരിക്കുന്ന സാഹചര്യം പലപ്പോഴും പല സംസ്ഥാനത്തും ഭരണസ്തംഭനം ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍, ജനപ്രതിനിധിസഭ നിയമപ്രകാരം പാസാക്കിയാല്‍ ആ ബില്ലില്‍ നിശ്ചിതദിവസത്തിനകം ഒപ്പുവയ്ക്കാന്‍ വ്യവസ്ഥ ചെയ്ത് ഭരണഘടന ഭേദഗതി ചെയ്യണമെന്നതാണ് മറ്റൊരു പ്രധാനനിര്‍ദേശം. ഇതും അവഗണിക്കപ്പെട്ടു. ഇത്തരം സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണു ദില്ലി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇക്കാര്യത്തില്‍ പുതിയ ചര്‍ച്ച ഉയര്‍ത്തിയെങ്കിലും മുന്നോട്ടുപോയില്ല.

ആഗോളവല്‍ക്കരണകാലം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കൂടുതല്‍ തകര്‍ച്ചയിലാക്കി എന്നതാണു സത്യം. ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍, അതിന്‍റെ ഭാഗമായി വന്ന ഗാട്ട് മുതല്‍ ആസിയാന്‍ വരെയുള്ള കരാറുകള്‍,
അവയില്‍ ഒപ്പിടാന്‍ വ്യഗ്രത കാട്ടി സാമ്രാജ്യത്വത്തിനു കീഴ്പ്പെടുന്ന വിധേയത്വ മനോഭാവം പുലര്‍ത്തിയ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍, അവരുണ്ടാക്കിയ കരാറുകള്‍ വഴിയും അവരുടെ വികലമായ കയറ്റിറക്കുമതി നയങ്ങള്‍ വഴിയും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ സംസ്ഥാനങ്ങള്‍, ആഭ്യന്തര ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ അതേ ഇനങ്ങള്‍ വിദേശങ്ങളില്‍നിന്ന് കേന്ദ്രം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക തകര്‍ച്ച, ആ തകര്‍ച്ചമൂലമുണ്ടാകുന്ന ജനജീവിത ദുരിതങ്ങള്‍ തുടങ്ങിയവയുടെയൊക്കെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ സമകാലികാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയണം. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെക്കാനും അങ്ങനെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ കാലാനുസൃതവും പുരോഗമനോന്മുഖവുമായി ഉടച്ചുവാര്‍ക്കാനും കഴിയണം. കേന്ദ്രം പഴയ മരുമക്കത്തായ വ്യവസ്ഥയിലെ വലിയമ്മാവനും സംസ്ഥാനങ്ങള്‍
നിത്യച്ചെലവിനു ഞെരുങ്ങുന്ന അനന്തരവന്മാരും എന്ന അവസ്ഥ മാറണം. ന്യായയുക്തവും നീതിപൂര്‍വകവുമായ നിലയില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതാന്‍ കഴിയണം. ആ വഴിക്കുള്ള ചിന്തകള്‍ക്ക് തിരികൊളുത്താന്‍ ഇവിടെ നിങ്ങള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ശക്തമായ കേന്ദ്രമുണ്ടാവണമെങ്കില്‍ ശക്തമായ സംസ്ഥാനങ്ങളുമുണ്ടാവണം. തൂണുകള്‍ ബലമുള്ളതല്ലെങ്കില്‍ മേല്‍ക്കൂര നില്‍ക്കില്ല. തൂണുകളെ തകര്‍ത്ത് മേല്‍ക്കൂരയെ പരിരക്ഷിക്കാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്നതു മുതല്‍ സംസ്ഥാന പ്രതിനിധിസംഘത്തെ കാണാന്‍ കൂട്ടാക്കില്ല എന്നതുവരെയുള്ള നിലപാടുകളില്‍ കേന്ദ്രത്തിന്‍റെ ജനാധിപത്യവിരുദ്ധ ധാര്‍ഷ്ട്യം പ്രകടമാണ്. സംസ്ഥാനവിരുദ്ധവും ഫെഡറല്‍ സ്വഭാവ വിരുദ്ധവുമായ മനോഭാവമാണ് ഇവിടെയൊക്കെ കേന്ദ്രം പുലര്‍ത്തുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.

സംസ്ഥാനങ്ങള്‍ക്കിടയിലെ വിഭവവിതരണം, സംസ്ഥാന പദ്ധതി വിഹിതം നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളെയും തുല്യനിലയിലോ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങളെ ആ നിലയിലോ കണ്ട് സമതുലിതമായ സമഗ്രവികസനം ഉറപ്പിക്കാന്‍ ഉപകരിക്കാമായിരുന്ന ഒരു സംവിധാനം നമുക്കുണ്ടായിരുന്നു. ആസൂത്രണ കമ്മീഷന്‍. ആ ആസൂത്രണ കമ്മീഷനെ തന്നെ ഇല്ലാതാക്കിയതോടെ പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ സംസ്ഥാനങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ പോലുമോ ഉള്ള സംവിധാനം രാജ്യത്ത് ഇല്ലാതായി. ആ അര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കേറ്റ അതിഗുരുതരമായ മറ്റൊരു ആഘാതമായി ആസൂത്രണ കമ്മീഷനെ ഇല്ലായ്മ ചെയ്ത കേന്ദ്ര നടപടി. പകരം കൊണ്ടുവന്നു എന്നുപറയുന്ന നീതി ആയോഗ് ഒരിക്കലും ആസൂത്രണ കമ്മീഷന് പകരമായില്ല എന്നതാണ് സത്യം. പകരമാക്കാന്‍ കേന്ദ്രം ഉദ്ദേശിച്ചിട്ടുമില്ല.

ഒരു ഘട്ടത്തില്‍ ജില്ലാ കലക്ടര്‍മാരെ ഉപയോഗിച്ച് ഗ്രാമസഭകള്‍ നേരിട്ട് വിളിച്ചുചേര്‍ക്കാന്‍ പോലും കേന്ദ്രം തയ്യാറായി എന്നോര്‍ക്കണം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ ഇങ്ങനെ മറികടക്കാന്‍ വ്യഗ്രത കാട്ടുന്നവര്‍ ആസൂത്രണ കമ്മീഷനെ സമാനമായ മറ്റെന്തെങ്കിലും കൊണ്ട് പകരംവെക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി കൂടി ഇല്ലാതാക്കിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി ഭരണം. ആസൂത്രണ കമ്മീഷന്‍ രാജ്യത്താകെ സമതുലിതമായ വികസനം ആസൂത്രണം ചെയ്യാനുള്ള സംവിധാനം എന്നതിനൊപ്പം സംസ്ഥാനങ്ങള്‍ക്ക് ഭാവനാപൂര്‍ണമായ പദ്ധതികള്‍
മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യാന്‍ കൂടിയുള്ള വേദിയായിരുന്നു. അതിന്‍റെ കഥ കഴിച്ചു.

ദേശീയ വികസന കൗണ്‍സില്‍, ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലായി. സംസ്ഥാനങ്ങള്‍ക്ക് എവിടെയും ഒരു വേദിയുമില്ല. ചര്‍ച്ച ചെയ്യാന്‍ ഇടമില്ല. ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കിവെച്ചതു പോലും സംസ്ഥാനാധികാരവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ എതിര്‍പ്പിന്‍റെ ചെറുശബ്ദം പോലും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്താനാണ്.
ഇതിനെല്ലാം പുറമെയാണ് പരമാധികാര ജനപ്രതിനിധിസഭയായ ഇന്ത്യന്‍ പാര്‍ലമെന്‍റിനെപ്പോലും വിശ്വാസത്തിലെടുക്കാതെ സഭയെ അറിയിക്കുകപോലും ചെയ്യാതെ ഒട്ടനവധി അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ട് സംസ്ഥാനത്തിന്‍റെ വിഭവശേഷി കേന്ദ്രം തുടരെ കുത്തിച്ചോര്‍ത്തിയത്. ഒരാവശ്യവുമില്ലാത്തവ ഇറക്കുമതി ചെയ്യേണ്ട നില വന്നു. കയറ്റുമതി ചെയ്യേണ്ടവയ്ക്ക് കമ്പോളം കിട്ടാത്ത നില വന്നു. സംസ്ഥാന സമ്പദ്ഘടന വലിയ ഒരളവില്‍ തകര്‍ച്ച നേരിടുന്ന നില വന്നു. വെളിച്ചെണ്ണയ്ക്കു വില കിട്ടാതിരിക്കെ പാമോയില്‍ ഇറക്കുമതി ചെയ്തതും റബ്ബര്‍ കെട്ടിക്കിടക്കുമ്പോള്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്തതും ഫാക്ടിന്‍റെ കാപ്രോലാക്റ്റത്തിനു കമ്പോളം കിട്ടാതിരിക്കെ അതേ കാപ്രോലാക്റ്റം ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമായതും ഒക്കെ ആ വഴിക്കുള്ള ദുരന്തങ്ങളായിരുന്നുവെന്ന് ഓര്‍ക്കണം.

കേന്ദ്രം ഒരുപാട് അന്താരാഷ്ട്ര സാമ്പത്തിക കരാറുകളിലും കയറ്റിറക്കുമതി കരാറുകളിലും ഒപ്പിടുന്നുണ്ട്. ഇതില്‍ ചിലതെങ്കിലും സംസ്ഥാന സാമ്പത്തികസ്ഥിതിയെ ബാധിക്കുന്നതാണ്. റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കൊപ്ര, പാമോലിന്‍ തുടങ്ങിയവയൊക്കെ ഇറക്കുമതി ചെയ്യുമ്പോള്‍ കേരളത്തിന്‍റെ നട്ടെല്ലാണ് ഒടിയുന്നത്. സംസ്ഥാന സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന കരാറുകളില്‍ ഏര്‍പ്പെടും മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണം. അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവെക്കും മുമ്പ് അതിന്‍റെ ഉള്ളടക്കം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. ഇതൊക്കെ ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്.

ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാന വിഭവസമാഹരണ ശേഷി വലിയതോതില്‍ ചോര്‍ത്തിക്കളഞ്ഞു. സമതുലിത വികസനം അസാധ്യമാക്കി. സംസ്ഥാനങ്ങള്‍ തമ്മില്‍ വരുമാനകാര്യത്തിലുണ്ടായിരുന്ന വിടവ് കൂടുതല്‍ വലുതാക്കി. ഏറ്റവും ഒടുവിലുണ്ടായ ഉലാീിലശേമെശേീിന്‍റെ- നോട്ടു റദ്ദാക്കലിന്‍റെ കാര്യമെടുക്കുക. അതിന്‍റെ ആഘാതമൊക്കെയും താങ്ങേണ്ടിവന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങളുടെയും അവയുടെ ആഭിമുഖ്യത്തിലുള്ളതോ അവിടങ്ങളില്‍ നടക്കുന്നതോ ആയ ധനകാര്യസ്ഥാപനങ്ങളുടെയും മേലാണ് സര്‍വ നിയന്ത്രണങ്ങളും വന്നുവീണത്.

കേന്ദ്രത്തിനില്ലാത്ത നിയന്ത്രണങ്ങളും നിബന്ധനകളും സംസ്ഥാനങ്ങള്‍ക്ക്. സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാകെ ഏതാണ്ട് സ്തംഭിക്കുന്നതിന്‍റെ വക്കിലേക്ക് കേന്ദ്രം ആ ഘട്ടത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ഫെഡറല്‍ സ്പിരിറ്റിന് അനുഗുണമായ കുറച്ചു കാര്യങ്ങള്‍ ഉണ്ടായി എന്നതു മറക്കുന്നില്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

എന്നാല്‍, വിശാലാന്ധ്ര, ഐക്യകേരള പ്രസ്ഥാനം, സംയുക്ത മഹാരാഷ്ട്ര തുടങ്ങിയ അത്തരം പ്രസ്ഥാനങ്ങളെ നയിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു എന്നതോര്‍ക്കണം. ഭരണാധികാരികള്‍ക്ക് അതിനെ എതിര്‍ക്കാനായിരുന്നു താല്‍പര്യം. ഏതായാലും
ഭാഷാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍ണയം ഉണ്ടായപ്പോള്‍ വിലപ്പോയത് ഭരണഘടനയുടെ ഫെഡറല്‍ സത്തയുടെ പ്രസക്തി തന്നെയാണ്.
പിന്നീട് കോണ്‍ഗ്രസിന്‍റെ അധികാരക്കുത്തക തകരുകയും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസേതര പ്രാദേശിക പാര്‍ടികള്‍ അധികാരത്തില്‍ വന്നുതുടങ്ങുകയും ചെയ്തതോടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരാവകാശങ്ങള്‍ എന്ന മുദ്രാവാക്യം ശക്തിപ്പെട്ടു. ഇടതുപക്ഷ-ജനാധിപത്യ പ്രാദേശിക പാര്‍ടികളുടെ ഉച്ചകോടികള്‍ ശ്രീനഗറിലും ഹൈദരാബാദിലും ഡെല്‍ഹിയിലും ഒക്കെ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടന്നു. സംസ്ഥാനങ്ങള്‍ക്ക് ധനവിഭവങ്ങള്‍ ന്യായയുക്തമായി വീതിക്കുന്ന ഒരു സമ്പ്രദായത്തിനുവേണ്ടി അവിടൊക്കെ ശബ്ദമുയര്‍ന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണം ഇതിനെ തെല്ലും അനുകൂലിക്കുന്ന നിലപാടല്ല കൈക്കൊണ്ടത്.

ഇതില്‍നിന്നൊക്കെ, അതായത് 59ലെ കേരള മന്ത്രിസഭയെ പുറത്താക്കല്‍ മുതല്‍ ധനാധികാര വികേന്ദ്രീകരണം നിഷേധിക്കല്‍ വരെയുള്ള കാര്യങ്ങളില്‍ നിന്നൊക്കെ എന്താണു തെളിയുന്നത്? ഭരണസംവിധാനത്തില്‍ ഒരു ഫെഡറല്‍ ഘടന നിലനിര്‍ത്താന്‍ 1977 വരെ നിരന്തരം കേന്ദ്രത്തിലധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായില്ല എന്നതു തന്നെയാണ്; ഒപ്പം ഫെഡറല്‍ സത്തയ്ക്കു നിരക്കുന്ന കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുടെ പൊളിച്ചെഴുത്തിനുവേണ്ടി നിരന്തരം ആവശ്യപ്പെട്ടു പോന്നിരുന്നത് ഇടതുപക്ഷ ജനാധിപത്യ പാര്‍ടികളാണ് എന്നതുമാണ്.

ഇടതുപക്ഷം അതിശക്തമായ നിലപാട് പാര്‍ലമെന്‍റിലും പുറത്തും കൈക്കൊണ്ട സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാരിയാ കമ്മീഷനെ നിയോഗിച്ചത്. 85ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നിട്ടെന്തായി? അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്തിനും നീക്കം നടന്നില്ല. പരിമിതമായ ഫെഡറല്‍ സംവിധാനമെങ്കിലും ഉണ്ടായതുകൊണ്ടാണ് വിവിധ വംശ വിഭാഗങ്ങള്‍ക്ക് ഭാഷാ-സംസ്കാര സ്വത്വപ്രകാശനത്തിന് ഇവിടെ അവസരമുണ്ടായത്. അതുണ്ടായതു കൊണ്ടാണ് അത്തരം വിഭാഗങ്ങള്‍ക്കിടയില്‍ വിഘടനവാദം വിപല്‍കരമാംവിധം വിജയിക്കുന്ന നില ഉണ്ടാവാതിരുന്നത്.

കോണ്‍ഗ്രസിന്‍റെ ഏകകക്ഷി ഭരണം അവസാനിക്കും വരെ ഒരു തരത്തിലും ഫെഡറലിസത്തെ ശക്തിപ്പെടുത്തും വിധം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സമതുലിതാവസ്ഥ സ്ഥാപിക്കാനുള്ള നീക്കമുണ്ടായില്ല. ഈ അവസ്ഥ മാറുന്നതിന്‍റെ സൂചന ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. അത് വി പി സിങ്ങിന്‍റെ ദേശീയമുന്നണി മന്ത്രിസഭാ കാലത്താണ്. പിന്നീട് ഇടയ്ക്ക് മാറിമാറി അധികാരത്തില്‍ വന്ന ബിജെപി ആകട്ടെ, ഒരുവിധത്തിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം വിട്ടുകൊടുക്കുന്നതിന് അനുകൂലമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ഛിദ്രമാക്കുന്ന ഏറ്റവും കൊടിയ നടപടി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരമുള്ള സംസ്ഥാന മന്ത്രിസഭാ പിരിച്ചുവിടലാണ്. 1994ല്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷവും ബിജെപി ഗവണ്‍മെന്‍റ് ബീഹാറിലെ റാബ്റി ഗവണ്‍മെന്‍റിനെ പിരിച്ചുവിടാന്‍ നീക്കം നടത്തിയ കാര്യം ഓര്‍ക്കുക. 59ല്‍ കോണ്‍ഗ്രസ് ചെയ്തത് 90കളിലും ഈയടുത്ത കാലത്തുപോലും ബിജെപി പിന്തുടര്‍ന്നു.

ആഗോളവല്‍ക്കരണ നയങ്ങളുടെ നടപ്പാക്കലോടെ കേന്ദ്രം സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അധികാരാവകാശങ്ങള്‍ക്കു നേര്‍ക്ക് വീണ്ടും കടന്നുകയറുന്നതാണ് രാജ്യം കണ്ടത്. ധനകമ്മീഷന്‍റെയും ആസൂത്രണ കമ്മീഷന്‍റെയും മറ്റും സമീപനരേഖകള്‍, പരിഗണനാ വിഷയങ്ങള്‍ എന്നിവയില്‍ പോലും കേന്ദ്രത്തിന്‍റെ സംസ്ഥാനവിരുദ്ധ നിലപാടുകള്‍ പ്രതിഫലിച്ചു. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയെ തള്ളിക്കളഞ്ഞ് സംസ്ഥാനത്ത് വ്യത്യസ്ത പാര്‍ടിയെയോ വ്യത്യസ്ത പാര്‍ടികള്‍ അടങ്ങിയ മുന്നണിയെയോ ജനങ്ങള്‍ വോട്ടിലൂടെ അധികാരത്തില്‍ കൊണ്ടുവരുന്നത് ബദല്‍ നയം നടപ്പാക്കിക്കിട്ടാനാണ്.എന്നാല്‍, ബദല്‍ നയം നടപ്പിലാക്കിയാല്‍ കേന്ദ്രവിഹിതം നിഷേധിക്കും എന്ന നിലപാടാണ് കേന്ദ്രം പലപ്പോഴും കൈക്കൊണ്ടത്. ആഗോളവല്‍ക്കരണ നയങ്ങളുടെ നടത്തിപ്പിനു വേണ്ടിയുള്ള പദ്ധതികള്‍ക്കേ ഫണ്ട് നല്‍കൂ. അതിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയേ അടുത്ത ഗഡുക്കള്‍ അനുവദിക്കൂ. ഇങ്ങനെയുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് അതിനു വിയോജിപ്പുള്ള പദ്ധതികള്‍ നടത്തിപ്പിക്കുന്നതിനായി ആഗോളവല്‍ക്കരണത്തെപ്പോലും ആയുധമാക്കുകയാണ് കോണ്‍ഗ്രസ്-ബെജപി കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്തത്. അതായത്, സംസ്ഥാന സര്‍ക്കാരുകള്‍ ഏതു നയം നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണോ അധികാരത്തില്‍ കയറുന്നത്, അതിന്‍റെ നേര്‍ വിപരീത നയങ്ങള്‍ നടപ്പിലാക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുക. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളിലേക്കു വരെ കേന്ദ്ര കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സര്‍ക്കാരുകള്‍ ചെന്നെത്തിയതിന്‍റെ ദൃഷ്ടാന്തങ്ങള്‍ നാം കണ്ടു.

സംസ്ഥാനാവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേറ്റ് ലിസ്റ്റിലേക്കും കണ്‍കറന്‍റ് ലിസ്റ്റിലേക്കും ഒക്കെ നിയമനിര്‍മാണങ്ങള്‍ വഴി കേന്ദ്രം കടന്നുകയറി. സംസ്ഥാനത്തിന്‍റെ വില്‍പനനികുതി പട്ടികയിലെ നിരവധി ഇനങ്ങള്‍ കേന്ദ്രത്തിന്‍റെ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി പട്ടികയിലേക്കു മാറ്റി. അങ്ങനെ സംസ്ഥാനത്തിന്‍റെ ഖജനാവ് ശോഷിച്ചു. ഇവിടെയുണ്ടായ ശോഷണം കേന്ദ്ര ഖജനാവിന്‍റെ തടിച്ചുകൊഴുക്കലായി മാറി. എഴുപതുകളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെയാണ് ഇങ്ങനെ സംസ്ഥാനത്തിന്‍റെ വരുമാനമാര്‍ഗം വെട്ടിച്ചുരുക്കിക്കൊണ്ട് ചില ഇനങ്ങള്‍ കേന്ദ്ര വരുമാന പരിധിയിലേക്കു മാറ്റിയത്. അന്നു പാര്‍ലമെന്‍റില്‍ ഉറപ്പുനല്‍കിയിരുന്നത് കേരളത്തിന് നഷ്ടപരിഹാരം തരുമെന്നാണ്. 70കള്‍ മുതല്‍ക്കിങ്ങോട്ട് ആയിരക്കണക്കിനു കോടിയുടെ നഷ്ടം കേരളത്തിനുണ്ടായി. കേന്ദ്രം ഒരു നയാപൈസ നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്നതാണ് സത്യം. ഇന്ന് ജിഎസ്ടി നടപ്പാക്കല്‍ കൊണ്ടുണ്ടാവുന്ന നഷ്ടം പടിപടിയായി പരിഹരിച്ചുകൊള്ളാമെന്നു കേന്ദ്രം പറയുമ്പോള്‍ പഴയ ആ വാഗ്ദാനവും വാഗ്ദാനലംഘനവും മറക്കാന്‍ കഴിയില്ല.

സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധി, ട്രഷറി നടത്തിപ്പു രീതി, ആര്‍ബിഐയില്‍നിന്നുള്ള പണമെടുക്കല്‍ പ്രക്രിയ, പലിശ കുറഞ്ഞ വായ്പ നിഷേധിക്കല്‍ തുടങ്ങിയവയിലൊക്കെ കേന്ദ്രം സംസ്ഥാനവിരുദ്ധ നിലയില്‍ ഇടപെടുകയാണ്. ഇതിന്‍റ ഏറ്റവും ക്രൂരമായ ദൃഷ്ടാന്തമാണ് നോട്ടുനിരോധന ഘട്ടത്തില്‍ നമ്മുടെ സഹകരണ ബാങ്കുകളോടു കാട്ടിയ ഹീനമായ വിവേചനം. നോട്ടും നോട്ടിടപാടുകളും നിഷേധിച്ച് കേരളത്തിന്‍റെ സഹകരണബാങ്കുകളെ ഞെരിച്ചുകൊല്ലുന്ന മനോഭാവമാണ് കേന്ദ്രം കൈക്കൊണ്ടത്. എന്നാല്‍, രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നടപടികള്‍കൊണ്ട് നമ്മള്‍ അതിനെ മറികടന്നു എന്നതു മറ്റൊരു കാര്യം.

ഒരുവശത്ത് ധനാഗമ മാര്‍ഗങ്ങളാകെ സംസ്ഥാനത്തിന്‍റെ പക്കല്‍നിന്നും കവര്‍ന്നെടുക്കുക. മറുവശത്ത് അധിക ധനച്ചെലവുള്ള അധിക സാമ്പത്തിക ചുമതലകളാകെ സംസ്ഥാനത്തിന്‍റെ തലയില്‍ വെച്ചുകെട്ടുക. ഇത്തരമൊരു ദ്വിമുഖ ദ്രോഹതന്ത്രമാണ് നടപ്പിലാവുന്നത്. ധനകമ്മീഷന്‍ വാഗ്ദാനം ചെയ്യുന്ന കടാശ്വാസപദ്ധതിയുടെ ഗുണം കിട്ടണമെങ്കില്‍ കേന്ദ്രം പറയും പോലെ ധന ഉത്തരവാദിത്വ നിയമങ്ങള്‍
സംസ്ഥാനം പാസാക്കിക്കൊള്ളണമെന്നു വ്യവസ്ഥ ചെയ്യുക പോലും ചെയ്തു ഒരു ഘട്ടത്തില്‍. കേന്ദ്രവിഹിതം നല്‍കുന്നതിന് നിബന്ധന ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

സംസ്ഥാനം ഏതു ധനനിയമം പാസാക്കണമെന്ന് കേന്ദ്രം കല്‍പിക്കുമെന്നു വന്നാല്‍ സംസ്ഥാനത്ത് പരമാധികാര ജനപ്രതിനിധിസഭയുടെ ആവശ്യമില്ലല്ലൊ. സംസ്ഥാനത്തിന്‍റെ നിയമനിര്‍മാണാവകാശങ്ങളില്‍ വരെ കടന്നുകയറും വിധം കേന്ദ്രം ജനാധിപത്യവിരുദ്ധമായി കടന്നുകയറുന്നതാണ് നാം കുറേകാലമായി കാണുന്നത്.

കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതും അനുവദിക്കാതിരിക്കുന്നതും മാത്രമല്ല, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ കേന്ദ്രം നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈയേറ്റമായി മാറുന്ന സാഹചര്യവുമുണ്ട്. കൃഷി സംസ്ഥാനവിഷയം ആയിട്ടുപോലും, സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൃഷിയുമായോ വിളകളുമായോ ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുകയാണ്. ഇതു സംസ്ഥാനങ്ങള്‍ക്കു ദോഷകരമായി മാറുന്നുവെന്നു ബോദ്ധ്യപ്പെടുത്തിയാലും അവയുമായി മുന്നോട്ടുപോകുന്ന സമീപനമാണു കേന്ദ്രം കൈക്കൊള്ളുന്നത്. ലോകവ്യാപാരസംഘടന, എ ഡി ബി, ഐ എം എഫ്, സാര്‍ക്ക് മുതലായവയുമായി കേന്ദ്രം ഒപ്പുവെച്ച കരാറുകളും അതിന്‍റെ ഭാഗമായി ഉണ്ടായ ബാദ്ധ്യതകളും പല സംസ്ഥാനങ്ങളിലെയും കര്‍ഷകരെ ദോഷകരമായി ബാധിക്കുകയുണ്ടായി.

കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധത്തിലും കേന്ദ്രത്തിന്‍റെ കടന്നുകയറ്റങ്ങള്‍ പതിവാകുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 80-20 എന്ന അനുപാതത്തിലായിരുന്നത് അടുത്തകാലത്ത് 60-40 ആയി വെട്ടിക്കുറച്ചു. സംസ്ഥാനം പിരിച്ചെടുക്കുന്ന നികുതികളും ഇതര വിഭവങ്ങളും പങ്കുവയ്ക്കുന്നതിലാണീ ഏകപക്ഷീയ ഇടപെടല്‍. വിഭവങ്ങളുടെ വീതംവയ്ക്കലിനു മാനദണ്ഡങ്ങളും വിഹിതവും നിശ്ചയിക്കാന്‍ സ്ഥാപിതമായിട്ടുള്ള കേന്ദ്രധനക്കമ്മിഷന്‍റെ തീരുമാനങ്ങളും കേന്ദ്രം പലപ്പോഴും ലംഘിക്കുന്നു. അധികാരവും ആദായനികുതി പോലുള്ള വരുമാനമാര്‍ഗങ്ങളും കേന്ദ്രത്തിനു കൂടുതലാണ്. എന്നാല്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി കൂടുതല്‍ ചെലവു വരുന്ന ചുമതലകള്‍ സംസ്ഥാനങ്ങള്‍ക്കുമാണ്. അതുകൊണ്ടാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം
നീതിയുക്തമാകുന്നത്; ശക്തമാകുന്നത്.

കൂടാതെ, സംസ്ഥാനങ്ങളുടെ സ്വതന്ത്രാവകാശം ആയിരുന്ന വാണിജ്യനികുതിയിന്മേല്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ മൂല്യവര്‍ദ്ധിതനികുതി (വാറ്റ്) സമ്പ്രദായം വന്നതോടെ നഷ്ടമായി. ഇപ്പോള്‍ ചരക്ക്-സേവന നികുതി (ജിഎസ്ടി) ആയപ്പോള്‍ അവശേഷിച്ച സാമ്പത്തിക സ്വാതന്ത്ര്യവും അപഹരിക്കപ്പെട്ടു. സംസ്ഥാനത്തിന് അകത്തേക്കോ പുറത്തേക്കോ ഏതെങ്കിലും ഉല്‍പന്നം കടത്തുന്നത് നിയന്ത്രിക്കാന്‍ അവയുടെ നികുതികള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യമാണു നഷ്ടമായത്. കര്‍ഷകരുടെയും മറ്റും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്‍റെ സമ്പദ്ഘടന സംരക്ഷിക്കാനുമൊക്കെ സഹായകമാകുന്ന നടപടി ആയിരുന്നു ഇത്. ഇപ്പോള്‍ എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതികള്‍ രാജ്യത്താകെ ഏകീകൃതനിരക്കായി നിജപ്പെടുത്തുകയാണ്. ജിഎസ്ടിയില്‍ നികുതിനിരക്കുകള്‍ തീരുമാനിക്കാന്‍ സംസ്ഥാന ധനമന്ത്രിമാര്‍കൂടി ഉള്‍പ്പെട്ട ദേശീയകൗണ്‍സില്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും അതിലെ നിര്‍ണ്ണായകമായത്ര വോട്ടവകാശം കേന്ദ്രം കയ്യടക്കിയിരിക്കുകയാണ്. എന്തു തീരുമാനവും കേന്ദ്രത്തിന്‍റെകൂടി വോട്ട് ഇല്ലാതെ കൈക്കൊള്ളാനാവാത്ത അവസ്ഥയാണ്. എന്നുവച്ചാല്‍, കേന്ദ്രത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും കൗണ്‍സിലിനു തീരുമാനിക്കാനാവില്ല എന്ന്. ജിഎസ്ടി നിയമം പാസാക്കും മുമ്പ് വാഗ്ദാനം ചെയ്തിരുന്ന ഫെഡറല്‍ അധികാരങ്ങളൊക്കെയും കവര്‍ന്നെടുക്കാനാണു കേന്ദ്രം ശ്രമിച്ചത്. കേരളത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനങ്ങള്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പാണ് അതിനെ വലിയ ഒരളവില്‍ പരാജയപ്പെടുത്തിയത്.

അധികാരകേന്ദ്രീകരണത്തിന്‍റെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകതാനമായ മാനദണ്ഡങ്ങളാണ്. സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ മാറ്റാനുള്ള അയവ് ഇവയിലില്ല. ഇതിന്‍റെ ഏറ്റവും വലിയ ഇര കേരളമാണ്. വികസനത്തിന്‍റെയും ക്ഷേമത്തിന്‍റെയും ജീവിതനിലവാരത്തിന്‍റെയും കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്നു
വ്യത്യസ്തമാണല്ലോ. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തിന് സാക്ഷരതാപ്രവര്‍ത്തനത്തിനുള്ള കേന്ദ്രപദ്ധതിയിലെ ധനം കിട്ടാന്‍ ആ ഉയര്‍ന്ന സാക്ഷരത തടസമാകുന്ന അവസ്ഥ. വിപുലമായ ആരോഗ്യസേവന സൗകര്യങ്ങളുള്ള കേരളത്തിന് ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിഹിതം കിട്ടാത്ത അവസ്ഥ. ശിശുമരണവും മാതൃമരണവും കുറവായതിനാല്‍ അവയ്ക്കുള്ള പദ്ധതികള്‍ നഷ്ടമാകുന്ന അവസ്ഥ. നേട്ടങ്ങള്‍ ഉണ്ടാക്കിയവരെ ശിക്ഷിക്കുന്ന സ്ഥിതിവിശേഷം! വാസ്തവത്തില്‍ ഇത്തരം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണു കേന്ദ്രം തയ്യാറാകേണ്ടത്.

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നു. ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ വിഹിതം വെട്ടിക്കുറച്ചു. ഇക്കാര്യം പറയാന്‍ പോയ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല. നോട്ടുനിരോധനത്തിന്‍റെ വേളയില്‍ സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാണാന്‍ ശ്രമിച്ചപ്പോഴും സമാനമായ നിലപാടാണു പ്രധാനമന്ത്രി സ്വീകരിച്ചത്. ഇത്തരം നടപടികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്. നീതി ആയോഗിന്‍റെ മറവില്‍ ജനങ്ങളുടെ വികസനാവശ്യങ്ങള്‍ മനസിലാക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് മുഴുവന്‍ സംസ്ഥാനത്തും കളക്ടര്‍മാരെക്കൊണ്ടു ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാന്‍ കേന്ദ്രം നടത്തിയ നീക്കം അപഹാസ്യമായി അവസാനിക്കുകയായിരുന്നു. ആ തീരുമാനത്തില്‍നിന്ന് അവര്‍ക്കുതന്നെ പിന്മറേണ്ടിവന്നു.

ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യാന്‍ പോകുന്നതു പറയാതിരിക്കുകയും ചെയ്യുക എന്ന ആര്‍എസ്എസിന്‍റെ പതിവുശൈലിയില്‍, അധികാരവികേന്ദ്രീകരണത്തെപ്പറ്റി പ്രസംഗിക്കുകയും അധികാരകേന്ദ്രീകരണം നടപ്പാക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഭാഷാദേശീയതകളെയും സാംസ്ക്കാരിക വൈവിദ്ധ്യങ്ങളെയുമൊന്നും അംഗീകരിക്കാത്തവരാണവര്‍. അവര്‍ പറയുന്ന ഏകശിലാവാദം ഈ സര്‍വ്വവൈവിദ്ധ്യങ്ങളെയും നിഷേധിക്കുന്നതാണ്.

ഭരണഘടനതന്നെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃതഭരണക്രമത്തിനു പറ്റുന്നത് ആക്കണം എന്നതാണ് അവരുടെ അജന്‍ഡ. പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റിയൊക്കെ അവര്‍ പലതരം സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ഇത്തരം ഭരണകേന്ദ്രീകരണം
ആഗ്രഹിക്കുന്ന പുതിയ കോര്‍പ്പറേറ്റ് മൂലധനശക്തികളും അവര്‍ക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു. ഇതെല്ലാം ചേര്‍ത്തുവച്ചു മാത്രമേ ഇപ്പോള്‍ കേന്ദ്രം നടത്തുന്ന അധികാരകേന്ദ്രീകരണ ശ്രമങ്ങളെ വിലയിരുത്താനാകൂ. സംസ്ഥാനങ്ങളുടെയും പൗരജനങ്ങളുടെയും അവകാശാധികാരങ്ങള്‍ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും കൂടുതല്‍ നേടിയെടുക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അനിവാര്യമാകുന്ന നാളുകളിലേക്കാണു നാം നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഈ സെമിനാര്‍ കൂടുതല്‍
പ്രസക്തമാകുന്നത്. ദേശീയതലത്തില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ സെമിനാര്‍ ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.