കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരം പങ്കുവയ്ക്കലോ ആരോഗ്യകരമായ ബന്ധമോ മാത്രമല്ല ഫെഡറല്‍ സംവിധാനം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിശാലമായ ഒരു തലംകൂടിയുണ്ട് അതിന്. രണ്ടുതലങ്ങളിലായി ഭരണം പങ്കിടപ്പെടുമ്പോള്‍ പൗരരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണത്. അത് സമഗ്രാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും അവസരം ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ഭരണത്തെപ്പറ്റി സമഗ്രമായി പഠിച്ചിട്ടുള്ള പണ്ഡിതരൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണിത്. അതുപോലെതന്നെയാണ് ഭരണത്തെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ വിഭജിക്കുന്നതും. ഇതും അധികാരകേന്ദ്രീകരണം ഒഴിവാക്കുകയും ഭരണകൂടത്തിന്‍റെ അധികാരം പരിമിതവും നിയന്ത്രിതവും ആക്കുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ ഘടകങ്ങളില്‍ ഏതു ദുര്‍ബ്ബലപ്പെട്ടാലും അത് അധികാരകേന്ദ്രീകരണത്തിനു വഴിതുറക്കും. ഇന്ന് ഇന്ത്യയില്‍ നാം കാണുന്നത് ഈ അപകടകരമായ സാഹചര്യമാണ്. എക്സിക്യൂട്ടീവ് മറ്റ് ഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളിലേക്കു കടന്നുകയറുകയോ അവയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്യുന്നു. ദേശീയതലത്തില്‍ നിയമനിര്‍മ്മാണവും നീതിനിര്‍വ്വഹണവും ഭരണനിര്‍വ്വഹണവും തമ്മിലുള്ള സമതലബന്ധത്തിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള കീഴ്മേല്‍ ബന്ധത്തിലും അപകടകരമായ ഈ പ്രവണത വലിയതോതില്‍ സംഭവിക്കുകയാണ്. ഇതു മനസില്‍ വച്ചുകൊണ്ട് കേന്ദ്രസംസ്ഥാനബന്ധത്തില്‍ സംഭവിക്കുന്ന അട്ടിമറികള്‍ പരിശോധിച്ചാലേ കേവലം സംസ്ഥാനങ്ങളുടെ അധികാരം കവരല്‍ എന്നതിനപ്പുറമുള്ള അപകടങ്ങള്‍ മനസിലാക്കാനാകൂ.

അധികാരകേന്ദ്രീകരണത്തിനും സമഗ്രാധിപത്യ സ്ഥാപനത്തിനുമുള്ള പ്രത്യേക വകുപ്പു തന്നെയാണ് നമ്മുടെ ഫെഡറലിസത്തിലെ ഒന്നാമത്തെ പ്രശ്നം. അമേരിക്കയില്‍ യുദ്ധത്തിന്‍റെ സാഹചര്യത്തില്‍ മാത്രം പ്രഖ്യാപിക്കാന്‍ അനുവാദമുള്ള അടിയന്തരാവസ്ഥ ഇവിടെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിലും നടപ്പിലാക്കാം. മറ്റൊന്ന് ഇതേ കാരണം പറഞ്ഞ് ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പിരിച്ചുവിട്ട് പ്രസിഡന്‍റുഭരണം നടപ്പാക്കാം എന്നതാണ്. അതിന്‍റെ ആദ്യ ഇരതന്നെ നമ്മുടെ കേരളം ആയിരുന്നു. രാജ്യത്തെ ആകെത്തന്നെ സ്വാധീനിച്ച ഒട്ടേറെ പുരോഗമനകാര്യങ്ങള്‍ ചെയ്ത ഒന്നാം ഇ.എം.എസ്. മന്ത്രിസഭയെ ഒരു നീതീകരണവുമില്ലാതെ പിരിച്ചുവിടുകയായിരുന്നല്ലോ. ഫെഡറലിസം എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ അമിതാധികാരപ്രയോഗവും ഭരണഘടനയുടെ 356-ാം വകുപ്പും. പൗര ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങള്‍ അട്ടിമറിക്കുകയും അവരുടെമേല്‍ സമഗ്രാധിപത്യം സ്ഥാപിക്കുകയുമാണത്. ഭരണഘടന നിലവില്‍വന്നശേഷം ഇതുവരെ നൂറ്റിമുപ്പതോളം തവണ ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു!

കേന്ദ്രസംസ്ഥാന ബന്ധം ആരോഗ്യകരമായല്ല പുരോഗമിക്കുന്നത് എന്ന വിലയിരുത്തല്‍ അതിനായി പെരുമാറ്റച്ചട്ടം ആവിഷ്കരിക്കണമെന്നിടത്തേക്ക് എത്തിയപ്പോഴാണ് 1983ല്‍ സര്‍ക്കാരിയാ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്‍ 1988ല്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നു പതിറ്റാണ്ടോളമാകുന്നു. മുറവിളികള്‍ ഏറെ ഉയര്‍ന്നിട്ടും അത് കടലാസില്‍ ഉറങ്ങുകയാണ്. മികച്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റി പ്രസംഗിക്കുന്ന മോഡിയുടെ സര്‍ക്കാരാകട്ടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കൂടുതലായി കവരുകയാണ്.

കേന്ദ്രവും ബിജെപിയിതര സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. ഉത്തരാഘണ്ഡിലും അരുണാചല്‍ പ്രദേശിലും പ്രസിഡന്‍റുഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം മാത്രമല്ല, ദില്ലിസര്‍ക്കാരും കേന്ദ്രവുമായി ഉണ്ടായ നിയമയുദ്ധവും കേന്ദ്രത്തിന്‍റെ ഫെഡറല്‍വിരുദ്ധ നിലപാടിന്‍റെ നിദര്‍ശനങ്ങളാണ്.

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ ഗവര്‍ണറോ രാഷ്ട്രപതിയോ ഒപ്പിടാതിരിക്കുന്ന സാഹചര്യം പലപ്പോഴും പല സംസ്ഥാനത്തും ഭരണസ്തംഭനം ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍, ജനപ്രതിനിധിസഭ നിയമപ്രകാരം പാസാക്കിയാല്‍ ആ ബില്ലില്‍ നിശ്ചിതദിവസത്തിനകം ഒപ്പുവയ്ക്കാന്‍ വ്യവസ്ഥ ചെയ്ത് ഭരണഘടന ഭേദഗതി ചെയ്യണമെന്നതാണ് മറ്റൊരു പ്രധാനനിര്‍ദേശം. ഇതും അവഗണിക്കപ്പെട്ടു. ഇത്തരം സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണു ദില്ലി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇക്കാര്യത്തില്‍ പുതിയ ചര്‍ച്ച ഉയര്‍ത്തിയെങ്കിലും മുന്നോട്ടുപോയില്ല.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ആസൂത്രണ കമ്മീഷന്‍ ഏകപക്ഷീയമായി പിരിച്ചുവിടുകയും പഞ്ചവത്സരപദ്ധതികള്‍ അവസാനിപ്പിക്കുകയും ചെയ്തത്. ദീര്‍ഘദര്‍ശികളായ രാഷ്ട്രശില്‍പികള്‍ നാടിന്‍റെ സമഗ്രവികസനം ആസൂത്രിതമായി നടപ്പാക്കാന്‍ ആവിഷ്ക്കരിച്ച കാര്യങ്ങളായിരുന്നു പഞ്ചവത്സരപദ്ധതികളും അവ ആസൂത്രണം ചെയ്യാന്‍ രൂപവത്ക്കരിച്ച ആസൂത്രണ കമ്മീഷനും. അതിനുപകരം കൊണ്ടുവന്ന, ഉപദേശകസ്വഭാവം മാത്രമുള്ള നീതി ആയോഗ് ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം ഉദ്ദേശിക്കുന്നില്ല എന്നു മാത്രമല്ല, ഭരണഘടനാസ്ഥാപനമായിരുന്ന ആസൂത്രണക്കമ്മിഷന്‍റെ അധികാരമൊന്നുമില്ലാത്ത, കേവലം കേന്ദ്രത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായ ഒരു ഉപകരണം മാത്രം ആയിരിക്കുകയുമാണ്. അതിന്‍റെ ഘടനയും രൂപവത്ക്കരണരീതിയുമെല്ലാം അത്തരത്തില്‍ അധഃപതിപ്പിച്ചിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹകരണാത്മക ഫെഡറലിസം എന്നൊക്കെ വാദിച്ചിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതോടെ മലക്കം മറിയുന്നതാണ് ഇക്കാര്യത്തിലടക്കം കണ്ടത്. ഇടതുപാര്‍ട്ടികള്‍ മാത്രമാണ് ഈ നടപടിയെ എതിര്‍ത്തത് എന്നും ഓര്‍ക്കണം.

സ്വന്തം സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടായതു നാം കണ്ടു. വാഗ്ദാനം ചെയ്യപ്പെട്ട ധനം നല്‍കാഞ്ഞതിന്‍റെപേരില്‍ ആന്ധ്രപ്രദേശ് ഭരണകക്ഷി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് സമീപകാലത്താണല്ലോ.

ധനം വെട്ടിക്കുറയ്ക്കുന്നതും അനുവദിക്കാതിരിക്കുന്നതും മാത്രമല്ല, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ കേന്ദ്രം നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനങ്ങളുടെ അധികാരത്തിേډലുള്ള കൈയേറ്റമായി മാറുന്ന സാഹചര്യവുമുണ്ട്. കൃഷി സംസ്ഥാനവിഷയം ആയിട്ടുപോലും, സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൃഷിയുമായോ വിളകളുമായോ ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുകയാണ്. ഇതു സംസ്ഥാനങ്ങള്‍ക്കു ദോഷകരമായി മാറുന്നുവെന്നു ബോദ്ധ്യപ്പെടുത്തിയാലും അവയുമായി മുന്നോട്ടുപോകുന്ന സമീപനമാണു കേന്ദ്രം കൈക്കൊള്ളുന്നത്. ലോകവ്യാപാരസംഘടന, എ ഡി ബി, ഐ എം എഫ്, സാര്‍ക്ക് മുതലായവയുമായി കേന്ദ്രം ഒപ്പുവെച്ച കരാറുകളും അതിന്‍റെ ഭാഗമായി ഉണ്ടായ ബാദ്ധ്യതകളും പല സംസ്ഥാനങ്ങളിലെയും കര്‍ഷകരെ ദോഷകരമായി ബാധിക്കുകയുണ്ടായി. അനാവശ്യമായ പാമോയില്‍ ഇറക്കുമതി നമ്മുടെ വെളിച്ചെണ്ണയുടെയും റബ്ബര്‍ ഇറക്കുമതി നമ്മുടെ റബ്ബറിന്‍റെയും വില ഇടിക്കുകയും കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തതുപോലെ സുവ്യക്തമായ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്.

കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധത്തിലും കേന്ദ്രത്തിന്‍റെ കടന്നുകയറ്റങ്ങള്‍ പതിവാകുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 80-20 എന്ന അനുപാതത്തിലായിരുന്നത് അടുത്തകാലത്ത് 60-40 ആയി വെട്ടിക്കുറച്ചു. സംസ്ഥാനം പിരിച്ചെടുക്കുന്ന നികുതികളും ഇതര വിഭവങ്ങളും പങ്കുവയ്ക്കുന്നതിലാണീ ഏകപക്ഷീയ ഇടപെടല്‍. വിഭവങ്ങളുടെ വീതംവയ്ക്കലിനു മാനദണ്ഡങ്ങളും വിഹിതവും നിശ്ചയിക്കാന്‍ സ്ഥാപിതമായിട്ടുള്ള കേന്ദ്രധനക്കമ്മിഷന്‍റെ തീരുമാനങ്ങളും കേന്ദ്രം പലപ്പോഴും ലംഘിക്കുന്നു. അധികാരവും വരുമാനമാര്‍ഗങ്ങളും കേന്ദ്രത്തിനു കൂടുതലാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി കൂടുതല്‍ ചെലവു വരുന്ന ചുമതലകള്‍ സംസ്ഥാനങ്ങള്‍ക്കുമാണ്. അതുകൊണ്ടാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നീതിയുക്തമാകുന്നത്; ശക്തമാകുന്നത്.

കൂടാതെ, സംസ്ഥാനങ്ങളുടെ സ്വതന്ത്രാവകാശം ആയിരുന്ന വാണിജ്യനികുതിയിേډല്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ മൂല്യവര്‍ദ്ധിതനികുതി (വാറ്റ്) സമ്പ്രദായം വന്നതോടെ നഷ്ടമായി. ഇപ്പോള്‍ ചരക്ക്-സേവന നികുതി (ജി.എസ്.റ്റി.) ആയപ്പോള്‍ അവശേഷിച്ച സാമ്പത്തിക സ്വാതന്ത്ര്യവും അപഹരിക്കപ്പെട്ടു. സംസ്ഥാനത്തിന് അകത്തേക്കോ പുറത്തേക്കോ ഏതെങ്കിലും ഉല്‍പന്നം കടത്തുന്നത് നിയന്ത്രിക്കാന്‍ അവയുടെ നികുതികള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യമാണു നഷ്ടമായത്. കര്‍ഷകരുടെയും മറ്റും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്‍റെ സമ്പദ്ഘടന സംരക്ഷിക്കാനുമൊക്കെ സഹായകമാകുന്ന നടപടി ആയിരുന്നു ഇത്. ഇപ്പോള്‍ എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതികള്‍ രാജ്യത്താകെ ഏകീകൃതനിരക്കായി നിജപ്പെടുത്തുകയാണ്. ജി.എസ്.റ്റി.യില്‍ നികുതിനിരക്കുകള്‍ തീരുമാനിക്കാന്‍ സംസ്ഥാന ധനമന്ത്രിമാര്‍കൂടി ഉള്‍പ്പെട്ട ദേശീയകൗണ്‍സില്‍ രൂപവത്ക്കരിച്ചിട്ടുണ്ടെങ്കിലും അതിലെ നിര്‍ണ്ണായകമായത്ര വോട്ടവകാശം കേന്ദ്രം കയ്യടക്കിയിരിക്കുകയാണ്. എന്തു തീരുമാനവും കേന്ദ്രത്തിന്‍റെകൂടി വോട്ട് ഇല്ലാതെ കൈക്കൊള്ളാനാവാത്ത അവസ്ഥയാണ്. എന്നുവച്ചാല്‍, കേന്ദ്രത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും കൗണ്‍സിലിനു തീരുമാനിക്കാനാവില്ല എന്ന്. ജി.എസ്.റ്റി. നിയമം പാസാക്കും മുമ്പ് വാഗ്ദാനം ചെയ്തിരുന്ന ഫെഡറല്‍ അധികാരങ്ങളൊക്കെയും കവര്‍ന്നെടുക്കാനാണു കേന്ദ്രം ശ്രമിച്ചത്. കേരളത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനങ്ങള്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പാണ് അതിനെ വലിയ ഒരളവില്‍ പരാജയപ്പെടുത്തിയത്.

അധികാരകേന്ദ്രീകരണത്തിന്‍റെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകതാനമായ മാനദണ്ഡങ്ങളാണ്. സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ മാറ്റാനുള്ള അയവ് ഇവയിലില്ല. ഇതിന്‍റെ ഏറ്റവും വലിയ ഇര കേരളമാണ്. വികസനത്തിന്‍റെയും ക്ഷേമത്തിന്‍റെയും ജീവിതനിലവാരത്തിന്‍റെയും കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാണല്ലോ. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തിന് സാക്ഷരതാപ്രവര്‍ത്തനത്തിനുള്ള കേന്ദ്രപദ്ധതിയിലെ ധനം കിട്ടാന്‍ ആ ഉയര്‍ന്ന സാക്ഷരത തടസമാകുന്ന അവസ്ഥ. വിപുലമായ ആരോഗ്യസേവന സൗകര്യങ്ങളുള്ള കേരളത്തിന് ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിഹിതം കിട്ടാത്ത അവസ്ഥ. ശിശുമരണവും മാതൃമരണവും കുറവായതിനാല്‍ അവയ്ക്കുള്ള പദ്ധതികള്‍ നഷ്ടമാകുന്ന അവസ്ഥ. നേട്ടങ്ങള്‍ ഉണ്ടാക്കിയവരെ ശിക്ഷിക്കുന്ന സ്ഥിതിവിശേഷം! വാസ്തവത്തില്‍ ഇത്തരം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണു കേന്ദ്രം തയ്യാറാകേണ്ടത്.

മാത്രവുമല്ല, കേരളം ഈ രംഗത്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ അതില്‍നിന്നു മുന്നോട്ടുപോകാനും ആ രംഗങ്ങളിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാകുകയാണു ചെയ്യുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടുമ്പോള്‍ വയോജനങ്ങളുടെ സംരക്ഷണവും ആരോഗ്യവും പുതിയ പ്രശ്നമാകും. ജീവിതനിലവാരം ഉയരുമ്പോള്‍ ജീവിതശൈലീ രോഗങ്ങളും മറ്റും വ്യാപകമാകുന്നതു നിയന്ത്രിക്കാന്‍ പദ്ധതികള്‍ വേണം. വിദ്യാസമ്പന്നര്‍ കൂടുമ്പോള്‍ വിദ്യാസമ്പന്നര്‍ക്കു യോജിച്ച തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതിവേണം. ഇവയ്ക്കൊക്കെ കേന്ദ്രത്തിന്‍റെ പദ്ധതികള്‍ ഇല്ലെങ്കില്‍ കേരളത്തിനു പണം കിട്ടില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് എത്രയൊക്കെ പറഞ്ഞിട്ടും, എത്ര വര്‍ഷമായിട്ടും, കേന്ദ്രത്തിനും അവിടുത്തെ വികസന വിദഗ്ദ്ധര്‍ക്കും മനസിലാകുന്നില്ല! കേരളത്തിന്‍റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമാറ് അവരുടെ വിവിധ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അയവ് നിയമവിധേയമാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണത്. കേന്ദ്രം പദ്ധതികള്‍ ഉണ്ടാക്കി അടിച്ചേല്പിക്കുന്നതിനുപകരം സംസ്ഥാനങ്ങള്‍ തങ്ങളുടെ സാഹചര്യങ്ങള്‍ക്കും ആവശ്യത്തിനും അനുസൃതമായി ഉണ്ടാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമാറു ധനവിഭവങ്ങള്‍ കൈമാറാനാണു കേന്ദ്രം വാസ്തവത്തില്‍ തയ്യാറാകേണ്ടത്. എന്നാല്‍, അവര്‍ അതിനു തയ്യാറല്ല. സവിശേഷമായ കേരള സാഹചര്യങ്ങള്‍കൂടി പരിഗണിക്കണമെന്ന ആവശ്യംപോലും മുഖവിലയ്ക്കെടുക്കുന്നില്ല.

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നു. ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ വിഹിതം വെട്ടിക്കുറച്ചു. ഇക്കാര്യം പറയാന്‍ പോയ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല. നോട്ടുനിരോധനത്തിന്‍റെ വേളയില്‍ സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാണാന്‍ ശ്രമിച്ചപ്പോഴും സമാനമായ നിലപാടാണു പ്രധാനമന്ത്രി സ്വീകരിച്ചത്. ഇത്തരം നടപടികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്. നീതി ആയോഗിന്‍റെ മറവില്‍ ജനങ്ങളുടെ വികസനാവശ്യങ്ങള്‍ മനസിലാക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് മുഴുവന്‍ സംസ്ഥാനത്തും കളക്ടര്‍മാരെക്കൊണ്ടു ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാന്‍ കേന്ദ്രം നടത്തിയ നീക്കം അപഹാസ്യമായി അവസാനിക്കുകയായിരുന്നു. ആ തീരുമാനത്തില്‍നിന്ന് അവര്‍ക്കുതന്നെ പിډാറേണ്ടിവന്നു.

കേന്ദ്രീകരണത്തിന്‍റെ അജന്‍ഡ ഇങ്ങനെ പല രൂപത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഒപ്പം അതിനു കളമൊരുക്കുമാറ് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണത്തിനുള്ള ശ്രമവും നടക്കുന്നു. ആര്‍.എസ്.എസ്. ബുദ്ധിജീവികളും അവരെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങളുമൊക്കെ ഈ ദൗത്യം കാര്യമായിത്തന്നെ നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി, രാഷ്ട്രീയമായ ഐക്യത്തിനു കേന്ദ്രീകൃതഭരണം വേണമെന്ന വാദം പലരും ഉയര്‍ത്താറുണ്ട്. പലതരം വിഘടനവാദങ്ങളുടെ സാഹചര്യത്തില്‍, പ്രഥമദൃഷ്ട്യാ ഇതു ശരിയാണെന്നു തോന്നാം. എന്നാല്‍, അവഗണനയും വിവേചനവും കൊണ്ടു ചില പ്രദേശങ്ങളിലോ ചില വിഭാഗങ്ങളിലോ ഉണ്ടാകുന്ന അസംതൃപ്തിയും അരക്ഷിതബോധവുമാണു പല വിഘടനവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം. ഭരണകൂടത്തിനു സ്വന്തം ജനതയെ വിശ്വാസമില്ലത്ത അവസ്ഥയാണ് അത്തരം ചിന്തകള്‍ക്കു കാരണം. അത് ഒട്ടും ആശാസ്യമല്ല. അതു പരിഹരിക്കപ്പെട്ടാല്‍, പ്രശ്നങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കും. എന്നാല്‍, ഇന്നു കേന്ദ്രം കൈക്കൊണ്ടുവരുന്ന പല നടപടികളും അധികാരകേന്ദ്രീകരണവും ഇത്തരം അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യാന്‍ പോകുന്നതു പറയാതിരിക്കുകയും ചെയ്യുക എന്ന ആര്‍.എസ്.എസിന്‍റെ പതിവുശൈലിയില്‍, അധികാരവികേന്ദ്രീകരണത്തെപ്പറ്റി പ്രസംഗിക്കുകയും അധികാരകേന്ദ്രീകരണം നടപ്പാക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഭാഷാദേശീയതകളെയും സാംസ്ക്കാരിക വൈവിദ്ധ്യങ്ങളെയുമൊന്നും അംഗീകരിക്കാത്തവരാണവര്‍. അവര്‍ പറയുന്ന ഏകശിലാവാദം ഈ സര്‍വ്വവൈവിദ്ധ്യങ്ങളെയും നിഷേധിക്കുന്നതാണ്. ഭരണഘടനതന്നെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃതഭരണക്രമത്തിനു പറ്റുന്നത് ആക്കണം എന്നതാണ് അവരുടെ അജന്‍ഡ. പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റിയൊക്കെ അവര്‍ പലതരം സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ഇത്തരം ഭരണകേന്ദ്രീകരണം ആഗ്രഹിക്കുന്ന പുതിയ കോര്‍പ്പറേറ്റ് മൂലധനശക്തികളും അവര്‍ക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു. ഇതെല്ലാം ചേര്‍ത്തുവച്ചുമാത്രമേ ഇപ്പോള്‍ കേന്ദ്രം നടത്തുന്ന അധികാരകേന്ദ്രീകരണ ശ്രമങ്ങളെ വിലയിരുത്താനാകൂ. സംസ്ഥാനങ്ങളുടെയും പൗരജനങ്ങളുടെയും അവകാശാധികാരങ്ങള്‍ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും കൂടുതല്‍ നേടിയെടുക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അനിവാര്യമാകുന്ന നാളുകളിലേക്കാണു നാം നീങ്ങുന്നത്.