പഠന മലയാള ബില്‍

മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം, മലയാളികളെ സംബന്ധിച്ചിടത്തോളം അതീവ ധന്യമായ ഒരു ദിനമാണിത്. കേരള ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ട ദിനം. മലയാളികളായ കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയായ മലയാളം പഠിക്കാന്‍ നിയമപരമായ അധികാരം ലഭിക്കുന്നതിന്‍റെ തുടക്കമായി ചരിത്രപ്രധാനമായ ഒരു ബില്‍ അവതരിപ്പിക്കുകയാണിവിടെ.

സ്വാതന്ത്ര്യലബ്ധിയോടെ ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭിച്ചു. തങ്ങളെ ഭരിക്കേണ്ടതാര് എന്നു തീരുമാനിക്കാനുള്ള ജനാധിപത്യാവകാശം അതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍, സ്വന്തം ഭാഷ പഠിക്കാനുള്ള അധികാരം ലഭിക്കുകയുണ്ടായില്ല.

നിഷേധിക്കപ്പെട്ടത് സാമൂഹികവും സാംസ്കാരികവുമായ ഒരു സമൂഹത്തിന്‍റെ അവകാശമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന മാതൃഭാഷാ പഠനാവകാശം സ്ഥാപിക്കാനുള്ള നിയമനിര്‍മാണത്തിന് ഈ ദിനത്തില്‍ നാം തുടക്കം കുറിക്കുകയാണ്.

അധികാരമേറ്റെടുത്തതിനെ തുടര്‍ന്നുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ ഞങ്ങള്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. പഠനം, ഭരണം, നീതിന്യായ സംവിധാനം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ മൂന്നു തലങ്ങളിലും മലയാളം ഉറപ്പാക്കുക എന്നതാണ് ഈ സര്‍ക്കാരിന്‍റെ തീരുമാനം എന്നതാണത്. കുട്ടികള്‍ അവരുടെ മാതൃഭാഷ പഠിക്കേണ്ടതാണ്. ഭരണം ജനങ്ങളുടെ ഭാഷയില്‍ നടക്കേണ്ടതാണ്. കോടതിയിലെ വിനിമയങ്ങള്‍ സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ മുമ്പോട്ടു കൊണ്ടുപോകേണ്ടതാണ്. ഈ മൂന്നു കാര്യങ്ങളും ഒരു ജനതയുടെ മാതൃഭാഷയില്‍ അല്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യ സംവിധാനമാണുള്ളത്? തനിക്ക് കിട്ടുന്ന കുറ്റപത്രത്തില്‍ പറയുന്നത് എന്തെന്ന് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത പൗരനും സെക്രട്ടറിയറ്റിലേക്ക് അയക്കേണ്ട ഹര്‍ജി ഇംഗ്ലീഷിലാക്കാന്‍ ആളെ തേടി നടക്കേണ്ടിവരുന്ന വൃദ്ധനും സ്വന്തം ഭാഷ നിഷേധിക്കപ്പെടുന്ന ബാലികാബാലന്മാരും ഒക്കെയുള്ള ഒരു സമൂഹം എന്ത് ജനായത്ത അധികാരമാണ് സത്യത്തില്‍ അനുഭവിക്കുന്നത്?

ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ധീരമായ ചുവടുവെപ്പുകളാണ് ഗവണ്‍മെന്‍റ് ഇപ്പോള്‍ നടപ്പാക്കുന്നത്. മെയ് ഒന്നുമുതല്‍ ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കാന്‍ തീരുമാനിച്ചു. 2017 ഏപ്രില്‍ പത്താം തീയതി ഇറക്കിയ ഓര്‍ഡിനന്‍സിലൂടെ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചു. ഇനിയുള്ളത് കോടതിയിലെ ഭാഷയുടെ കാര്യമാണ്. അത് സര്‍ക്കാര്‍ മാത്രമായി നടപ്പാക്കേണ്ട കാര്യമല്ല. കോടതിയുമായി ആലോചിച്ച് മുമ്പോട്ടുപോകേണ്ട മേഖലയാണത്. സര്‍ക്കാരിന്‍റേതു മാത്രമായ രണ്ടു മേഖലകളിലും മാതൃഭാഷയുടെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു.

ഭരണഭാഷയാകാന്‍ മലയാളം പ്രാപ്തമായിട്ടില്ല എന്നാണ് ചിലരുടെ വാദം. കേരളത്തില്‍ ഇംഗ്ലീഷുകാരുടെ ഭരണം വന്നത് ഏതാണ്ടു രണ്ടു നൂറ്റാണ്ടിനപ്പുറം മാത്രമല്ലേ. അതിനുമുമ്പ് കേരളത്തില്‍ ഭരണം ഇല്ലായിരുന്നോ? ഭരണം എന്നത് ഇംഗ്ലീഷുകാരാണോ കൊണ്ടുവന്നത്? അത് ഇംഗ്ലീഷില്‍ മാത്രം നടത്താന്‍ പറ്റുന്ന കാര്യമാണോ? ഇംഗ്ലീഷ് ഭാഷ ഇല്ലാത്തതുകൊണ്ട് ചൈനയിലും റഷ്യയിലും ജപ്പാനിലും ഫ്രാന്‍സിലും ഒക്കെ ഭരണത്തിന് വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടോ?

പത്താംക്ലാസ് വരെയുള്ള പഠനത്തിന്‍റെ കാര്യത്തില്‍ പാഠ്യപദ്ധതി ഭേദമില്ലാതെ എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധിതമാക്കുകയാണ്. മലയാളം പറഞ്ഞാല്‍ ശിക്ഷിക്കും എന്ന അവസ്ഥയെ മലയാളം തടഞ്ഞാല്‍ ശിക്ഷിക്കും എന്ന അവസ്ഥകൊണ്ട് പകരംവെക്കുകയാണ്. അയ്യായിരം രൂപയാണ് ശിക്ഷ.നിലവിലുണ്ടായിരുന്ന സ്ഥിതി എന്താണ്? പത്താംക്ലാസ് എന്നല്ല ഡിഗ്രി പോലും മലയാളം പറയാതെ പാസാകാം എന്നതായിരുന്നു സ്ഥിതി. മലയാളം ഈ വിധത്തില്‍ കേരളക്കരയില്‍ തന്നെ അവമതിക്കപ്പെടുന്ന അവസ്ഥയ്ക്ക് അറുതി കുറിക്കുകയാണ്.

മലയാളം കേരളക്കരയില്‍ ജനിക്കുന്ന ഏതു കുഞ്ഞിലേക്കും മുലപ്പാലിനൊപ്പം എത്തേണ്ടതാണ്. അത് നിഷേധിക്കുന്നത് കുഞ്ഞുങ്ങളുടെ സങ്കല്‍പ്പന ശേഷിയെ പോലും ഇല്ലാതെയാക്കും. മഴ നനഞ്ഞ ഒരു അനുഭവത്തെക്കുറിച്ച് പറയാന്‍ സ്കൂളില്‍ ടീച്ചര്‍ ആവശ്യപ്പെട്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം എന്തെല്ലാം പറയാനുണ്ടാവും. അതെല്ലാം ഇംഗ്ലീഷില്‍ പറയണമെന്ന് ഇളം കുഞ്ഞുങ്ങളോട് ശഠിച്ചാലോ? അവര്‍ പറയാനുള്ളതൊന്നും പറയാന്‍ കഴിയാതെ വിമ്മിഷ്ടപ്പെട്ടു നില്‍ക്കും. അവര്‍ക്ക് തങ്ങളുടെ ഭാവനയിലേക്കോ സങ്കല്‍പങ്ങളിലേക്കോ പോകാനുള്ള വാതില്‍ ഇംഗ്ലീഷ് ഭാഷാ നിര്‍ബന്ധം കൊണ്ട് കൊട്ടിയടക്കുകയാണ്. അവരുടെ വ്യക്തിത്വത്തെ ഇളം പ്രായത്തിലേ ഞെരിച്ചമര്‍ത്തുകയാണ്. അവര്‍ അന്തര്‍മുഖരാവുകയാണ്. ഇത് അനുവദിക്കുക വയ്യ.

മാതൃഭാഷ കേവലം ഒരു ഭാഷ മാത്രമല്ല. അത് ഒരു സംസ്കാരത്തിന്‍റെ ഈടുവെപ്പാണ്. മാതൃഭാഷ നിഷേധിച്ചാല്‍ ആ സംസ്കാരത്തിന്‍റെ സത്തയാണ് ആത്യന്തികമായി നിഷേധിക്കപ്പെടുക. ‘എ ഫോര്‍ ആപ്പിള്‍’ എന്നു പറയുന്നിടത്തുനിന്ന് ‘അ എന്നാല്‍ അമ്മ’ എന്നു പറയുന്ന നിലയിലേക്കുള്ള മാറ്റം ഒന്ന് ആലോചിച്ചുനോക്കൂ. അതിലൂടെ അമ്മയോടും ഈ സമൂഹത്തോടും ആകെ കുഞ്ഞിന്‍റെ മനസ്സില്‍
തെളിയുന്ന നന്മയും സ്നേഹവും അനുഭവിക്കാനാവും. അത്തരം സ്നേഹം ഇല്ലാതെ വരുമ്പോഴാണ് പഠിച്ച് മിടുക്കനായ ശേഷവും അച്ഛനെയും അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ച് കൊല്ലുന്ന തരത്തിലുള്ള മക്കള്‍ വളര്‍ന്നുവരുന്നത്. അടുത്തയിടെ ഈ തിരുവനന്തപുരത്തു തന്നെ കണ്ടല്ലൊ നാം അത്തരമൊരു സംഭവം.

ജനിച്ചാലുടന്‍ ഇംഗ്ലീഷ് ഭാഷ പഠിച്ചുകൊള്ളണം എന്നൊന്നുമില്ല. മാതൃഭാഷ ആദ്യം ഉറയ്ക്കണം. അത് ഉറച്ചുകഴിഞ്ഞാല്‍ മറ്റ് ഏതു ഭാഷയും വഴങ്ങും. മലയാളഭാഷ ഇംഗ്ലീഷ് ഭാഷയ്ക്കു താഴെയല്ല. എങ്ങനെ എഴുതാമോ അങ്ങനെ ഉച്ചരിക്കാന്‍ കഴിയുക, എങ്ങനെ ഉച്ചരിക്കുന്നുവോ അങ്ങനെ എഴുതാന്‍ കഴിയുക. ഇത് ഭാഷയുടെ ശ്രേഷ്ഠതയായാണ് ആധുനികകാലത്തെ ഭാഷാവിദഗ്ധര്‍ കണക്കാക്കുന്നത്. ഫൊണറ്റിക് ലാംഗ്വേജ് എന്നു പറയും ഇതിനെ. ഇംഗ്ലീഷ് ഫൊണറ്റിക് ലാംഗ്വേജ് അല്ല. മലയാളം ഫൊണറ്റിക് ലാംഗ്വേജ് ആണ്. ഇത്തരം വൈശിഷ്ട്യങ്ങള്‍ പോലും എളുപ്പത്തില്‍ ആളുകള്‍ മറക്കുകയാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞാല്‍ കേമം. ഫ്രഞ്ച് അറിയാമെങ്കില്‍ അതിലും കേമം. സ്പാനിഷ് അറിയാമെങ്കില്‍ ഏറ്റവും കേമം. എന്നാല്‍, മലയാളം അറിയാമെങ്കില്‍ മോശം. ഈ വിധത്തിലുള്ള ഒരു സംസ്കാരം നാട്ടില്‍ പടരുകയാണ്. ഈ സംസ്കാരമാണ് നന്ദന്‍കോട് സംഭവം പോലെയുള്ളവയ്ക്ക് അടിസ്ഥാനം.

മെക്കാളെ വിദ്യാഭ്യാസ പരിഷ്കാരം ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ളതായിരുന്നു. കറുത്തവന്‍റെ ഉള്ളിലും വെള്ളക്കാരനോടുള്ള ആശ്രിതത്വത്തിന്‍റെ അഭിരുചിയും മനോഭാവവും സൃഷ്ടിക്കുക. ഇങ്ങനെ ബ്രിട്ടീഷ് കോളനിയുടെ സേവകരെ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. ബ്രിട്ടീഷുകാര്‍ പോയിട്ടും ആ മനോഭാവത്തില്‍നിന്ന് നമ്മള്‍ മാറിയില്ല. അതുകൊണ്ടാണ് ഏഴു പതിറ്റാണ്ടായിട്ടും ഈ കേരളത്തില്‍ മലയാളം നിര്‍ബന്ധിത പഠനഭാഷ ആകാതിരുന്നത്.ജാതി മത വര്‍ണ ഭേദമില്ലാതെ ജനങ്ങളെയാകെ
പരസ്പരം മനുഷ്യത്വം കൊണ്ട് കണ്ണിചേര്‍ക്കുന്നത് മാതൃഭാഷയാണ്. മതാന്ധത അകറ്റുന്നതിനും മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉറപ്പിക്കുന്നതിനും പോലും മാതൃഭാഷ വളരെ പ്രയോജനം ചെയ്യും.

എംഎല്‍എയെ തെരഞ്ഞെടുക്കാനും എംപിയെ തെരഞ്ഞെടുക്കാനും മാത്രം സ്വാതന്ത്ര്യമുണ്ടായാല്‍ പോര. സ്വന്തം ഭാഷയെ തെരഞ്ഞെടുക്കാന്‍ കൂടിയുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. പഠനവും ഭരണവും ഒക്കെ ആ ഭാഷയിലാകുമ്പോഴേ ജനകീയാധികാരം ഉറപ്പാവൂ. അപ്പോഴേ ജനാധിപത്യം ഫലവത്താവൂ.സ്വന്തം ഭാഷയെക്കുറിച്ചും സ്വന്തം നാടിനെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും ആത്മാഭിമാനമുള്ള ജനതയുണ്ടാവണം. ആ ജനതയ്ക്കു മാത്രമേ അധിനിവേശത്തിന്‍റെ ശക്തികളെ ചെറുത്ത് സ്വന്തം നാടിനെയും സംസ്കാരത്തെയും രക്ഷിക്കാനാവൂ. അത്തരമൊരു അവസ്ഥ ഈ കേരളത്തില്‍ ഉണ്ടാകണം എന്നുള്ളതുകൊണ്ടാണ് മലയാളഭാഷ നിര്‍ബന്ധിതമാക്കുന്നതും ഭരണം മലയാളത്തിലാവണമെന്ന് ശഠിക്കുന്നതും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ്സി, ഐസിഎസ്സി സ്കൂളുകള്‍ എന്നിവിടങ്ങളിലൊക്കെ മലയാളം നിര്‍ബന്ധിതമാവുകയാണ്. കേരളത്തിലെ ഒരു സ്കൂളിലും മലയാളം പറയുന്നതിന് പരോക്ഷമായോ പ്രത്യക്ഷമായോ വിലക്ക് ഏര്‍പ്പെടുത്തിക്കൂടാഎന്ന് വ്യവസ്ഥ ചെയ്യുകയാണ്. മലയാളം ഒഴിച്ചുള്ള ഭാഷ മാത്രമേ സംസാരിക്കാവൂ എന്ന് സ്കൂളുകളില്‍ വ്യവസ്ഥ ചെയ്യുന്നത് വിലക്കുകയാണ്.

ചരിത്രപരമായ പ്രാധാന്യമുള്ള ഈ ബില്ലിന്‍റെ അവതരണം ചരിത്രപ്രധാനമായ നമ്മുടെ പഴയ നിയമസഭാ മന്ദിരത്തിലായി എന്നുള്ളത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. കേരളത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച എത്രയോ സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടന്ന സഭയാണിത്. ഇ എം എസ് മുതല്‍ക്കിങ്ങോട്ട് എത്രയോ പ്രതിഭാധനരായ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ സംവാദങ്ങളാല്‍ മുഖരിതമായ സഭ.

ഈ സഭയില്‍ തന്നെ ഈ ബില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതിന്‍റെ പ്രാധാന്യം ചെറുതല്ല. കാര്‍ഷികബന്ധ ബില്ലിന്‍റെയും വിദ്യാഭ്യാസ പരിഷ്കരണ ബില്ലിന്‍റെയും ഒക്കെ വഴിയേ വരുന്ന ഈ ബില്‍ നിയമമാവുന്നതോടെ ഭാവി കേരളം വളരെ ഭാസുരമായ ഒന്നാകും എന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ മണ്ണിലും ഭാഷയിലും സംസ്കാരത്തിലും ഉറച്ചുനിന്ന് ആത്മാഭിമാനത്തോടെ വളരുമെന്നും എനിക്ക് ഉറപ്പുണ്ട്.

മലയാളഭാഷാ പഠനം സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കുന്നു എന്നതിനര്‍ത്ഥം ഇതര ഭാഷകളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം ഉണ്ടാകും എന്നല്ല. അന്താരാഷ്ട്ര തലത്തിലെ ഒരു ബന്ധഭാഷ എന്ന രീതിയില്‍ ഇംഗ്ലീഷിന് പ്രാധാന്യമുണ്ട്. ആ പ്രധാന്യത്തെ കുറച്ചുകാണുന്നില്ല. എന്നാല്‍, ഇംഗ്ലീഷ് പഠനം മലയാള ഭാഷയുടെ ചെലവിലാകരുത് എന്നു മാത്രം. മാതൃഭാഷയെ തീര്‍ത്തും അവഗണിച്ചുകൊണ്ട് ഇതര ഭാഷകളെ സ്വീകരിക്കുന്ന അവസ്ഥ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബില്‍.

മാതൃഭാഷ എന്ന നിലയില്‍ മലയാളം ഉറപ്പിച്ചുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരായി കുട്ടികള്‍ വളര്‍ന്നാല്‍ അവരെ ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള മത്സരത്തിലും ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. അത്തരത്തിലുള്ള വിശ്വവിജ്ഞാന വ്യക്തിത്വങ്ങള്‍ ഭാവിയില്‍ നമ്മുടെ ഈ കേരളത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതിന് സഹായകരമാകും ഈ നിയമനിര്‍മാണം എന്ന കാര്യത്തില്‍ സംശയമില്ല.