മന്ത്രിസഭാ തീരുമാനങ്ങള്‍ 03/05/2017

തോട്ടണ്ടി ഇറക്കുമതിക്ക് പ്രത്യേക കമ്പനി

വിദേശത്തുനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും പ്രത്യേക കമ്പനി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ആവശ്യമെങ്കില്‍ കശുവണ്ടി പരിപ്പ് വിപണനത്തിലും കമ്പനിക്ക് ഏര്‍പ്പെടാം.

മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളത്തിലെ ഫാക്റ്ററികള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വേണം. എന്നാല്‍ കേരളത്തിലെ ഉല്പാദനം 80000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും റ്റെണ്ടര്‍ വിളിച്ച് ഇടനിലക്കാര്‍ വഴിയാണ് കശുവണ്ടി വാങ്ങുന്നത്.

സര്‍ക്കാര്‍, ബാങ്കുകള്‍, കാഷ്യു പ്രൊമോഷന്‍ കൗണ്‍സില്‍, സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ എന്നിവയില്‍ നിന്ന് ഓഹരി സ്വരൂപിച്ച് കമ്പനി രൂപീകരിക്കാനുള്ള നിര്‍ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. തോട്ടണ്ടി ഉല്പാദകരാജ്യങ്ങളില്‍ നിന്ന് ഈ കമ്പനി നേരിട്ട് തോട്ടണ്ടി സംഭരിക്കും. കശുവണ്ടി ഫാക്റ്ററികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആര്‍ബിഐ, വാണിജ്യ ബാങ്കുകള്‍, സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തോട്ടണ്ടി സംഭരണത്തിനും വിതരണത്തിനും പ്രത്യേക കമ്പനി രൂപീകരിക്കുന്നത്.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ഫാം തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ 108 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വഖഫ് വകുപ്പ് സെക്രട്ടറി എ ഷാജഹാനെ സര്‍വേ കമീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്റ്റര്‍മാര്‍ അഡീഷണല്‍ സര്‍വേ കമീഷണര്‍മാരായിരിക്കും.

റെജിസ്റ്റ്രേഷന്‍ ഐജി ഇ. ദേവദാസിനെ സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സഹകരണ കാര്‍ഷിക-നഗര വികസന ബാങ്കിന്റെ മാനേജിങ് ഡയറക്റ്ററുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ റെജിസ്റ്റ്രേഷന്‍ ഐജിയുടെ അധികച്ചുമതല വഹിക്കും.

മാര്‍ക്കറ്റ്ഫെഡ് എംഡിയായി ഡോ. സുരേഷ് ബാബുവിനെ നിയമിക്കും.