മന്ത്രിസഭാ തീരുമാനങ്ങള്‍ 10/05/2017

ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതില്‍ 340 തസ്തികകള്‍ രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സിന്‍റേതാണ്. കൂടാതെ അസിസ്റ്റന്‍റ് സര്‍ജന്‍, രണ്ടാം ഗ്രേഡ് ലാബ് ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ 170 വീതം തസ്തികകള്‍ വരും.

ആലപ്പുഴ ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കോട്ടയത്തെ കാലാവസ്ഥാവ്യതിയാന കേന്ദ്രത്തില്‍ 12 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

തൃശ്ശൂര്‍ നഗരസഭയുടെ വൈദ്യുതി വിഭാഗത്തിലെ വര്‍ക്ക്മെന്‍, ഓഫീസര്‍ വിഭാഗങ്ങളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലാ ജെയിലിനുവേണ്ടി 45 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ ആര്‍.പി. ദിനരാജിനെ (ഇന്ത്യന്‍ ഓഡിറ്റ് ആന്‍റ് അക്കൗണ്ട്സ് സര്‍വീസ്) നിയമിക്കാന്‍ തീരുമാനിച്ചു. ടി.എം. മനോഹരന്‍ വിരമിക്കുന്ന ഒഴിവിലാണിത്.

മാടായി സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിന്‍റെ രണ്ട് യൂണിറ്റുകള്‍ തുടങ്ങുന്നതിനും രണ്ട് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്‍കി.