കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് പ്രകാശനം ചെയ്തു

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന കാനാമ്പുഴ വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സും കാര്‍ഷിക മേഖലയുടെ ജീവനാഡിയുമായിരുന്നു കാനാമ്പുഴ. കാനാമ്പുഴയുടെ തീരം എന്നര്‍ത്ഥം വരുന്ന കാനനൂര് ലോപിച്ചാണ് കണ്ണൂര്‍ എന്ന പേരുണ്ടായത്. കണ്ണൂരിന്റെ സ്ഥലനാമവുമായി ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാനാമ്പുഴ മാച്ചേരി മുതല്‍ ചേലോറ എളയാവൂര്‍ വയല്‍ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാടുപടര്‍ന്നും മാലിന്യ നിക്ഷേപം മൂലവും നാശത്തിന്റെ വക്കിലാണ്. പുഴയെ വീണ്ടെടുക്കാന്‍ മെയ് 14ന് രാവിലെ ഏഴു മുതല്‍ 500 വളണ്ടിയര്‍മാര്‍ ശുചീകരണയജ്ഞം നടത്തും. കണ്ണൂര്‍ കാലത്തിനൊപ്പം എന്ന വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുഴ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.

സപ്ലിമെന്റ് പ്രകാശനച്ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 11,12 തിയതികളില്‍ കാനാമ്പുഴയോരത്തെ 5000 വീടുകളില്‍ പുഴ അതിജീവന വളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനം നടത്തി സപ്ലിമെന്റ് എത്തിക്കും.