എല്‍പിജി ടെര്‍മിനല്‍: നാട്ടുകാര്‍ സഹകരിക്കണം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനെതിരായ സമരത്തില്‍ നിന്ന് പൊതുതാത്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അതേസമയം, സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക പൂര്‍ണ്ണമായും പരിഹരിക്കാനുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐഒസിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐഒസിയുടെ സജ്ജീകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണോയെന്ന് വിലയിരുത്താന്‍ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

സ്‌റ്റോറേജ് ടെര്‍മിനല്‍ കേരളത്തിന് അത്യാവശ്യമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുമായി ഐഒസി ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കാമെന്ന് ഗ്രീന്‍ ട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവിധത്തിലുള്ള സുരക്ഷാനടപടികളും ഐഒസി സ്വീകരിക്കണം. ഐഒസി പൊതുസ്ഥാപനമാണെന്നും സ്വകാര്യ സംരംഭങ്ങളെപ്പോലെ അതിനെ കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍പിജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, എസ് ശര്‍മ എംഎല്‍എ, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുള്ള, പൊലീസ് മേധാവി ടി പി സെന്‍കുമാര്‍, ഐഒസി ജനറല്‍ മാനേജര്‍ പി എസ് മോണി, ഡിജിഎം സി എന്‍ രാജേന്ദ്രകുമാര്‍, ഡിജിഎം (എല്‍പിജി) ധനപാണ്ഡ്യന്‍ എന്നിവരും നാട്ടുകാരുടെ പ്രതിനിധികളും പങ്കെടുത്തു.

എല്‍പിജി ടെര്‍മിനല്‍ വഴി കേരളത്തിന് 2200 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകുമെന്ന് ഐഒസി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. കേരളത്തിന് 4.5 ലക്ഷം ടണ്‍ എല്‍പിജി ആവശ്യമുണ്ട്. എന്നാല്‍ കൊച്ചി റിഫൈനറിയില്‍ നിന്ന് വെറും 60,000 ടണ്‍ മാത്രമാണ് കിട്ടുന്നത്. ബാക്കി മംഗലാപുരത്തു നിന്ന് റോഡ് വഴിയാണ് എത്തിക്കുന്നത്. ടാങ്കര്‍ ലോറികളില്‍ എല്‍പിജി കൊണ്ടുവരുന്നതില്‍ വലിയ അപകട സാധ്യതയുണ്ട്. അടുത്തകാലത്ത് രണ്ടു വലിയ ദുരന്തങ്ങളുണ്ടായി. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് കപ്പല്‍ വഴി കൊച്ചി തുറമുഖത്ത് ഇറക്കുന്ന എല്‍പിജി മറ്റിടങ്ങളിലേക്ക് പൈപ്പ് വഴി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. എല്‍പിജിയുടെ ആവശ്യം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ഐഒസി അധികൃതര്‍ വിശദീകരിച്ചു. 2200 കോടി രൂപയുടെ പദ്ധതിയില്‍ 30 ശതമാനം തൊഴിലാളികള്‍ക്കുള്ള വേതനമാണ്. നല്ല തോതില്‍ തൊഴിലവസരങ്ങള്‍ ഇതുവഴിയുണ്ടാകും.