പൊതുവിദ്യാഭ്യാസം പുത്തനുണര്‍വിലേക്ക്

സമൂഹത്തിന്‍റെ വിമോചനശക്തിയത്രേ വിദ്യാഭ്യാസം. ഉള്‍ക്കാമ്പുള്ള ഒരു സമൂഹനിര്‍മിതിക്കായി വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ലഭ്യമായ പ്രതിഭയും ശേഷിയും പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിദ്യഭ്യാസത്തിന്‍റെ പുനരുജ്ജീവനം സാധ്യമാവണമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. ഈ മേഖലയില്‍ സമൂലമായ പരിഷ്കരണത്തിന് LDF സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു.

പൊതുവിദ്യാഭ്യാസസംരക്ഷണം

നിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. ഇതിനായി ഒരു പ്രസ്ഥാനത്തിനുതന്നെ ഗവണ്മെന്റ് രൂപം നല്‍കുകയും പൊതുവിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തിനായി പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഉദാഹരണമാണ് കോഴിക്കോട് മലാപറമ്പ് യു പി സ്കൂള്‍ ഏറ്റെടുത്തത്. അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മന്റ്‌, സ്കൂള്‍ അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങി. ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍ക്ക് താത്കാലിക സംവിധാനത്തിലേക്ക് മാറേണ്ടതായും വന്നു. ഇതിന്‍റെ ചുവടുപിടിച്ച് മറ്റ് എയ്ഡഡ് മാനേജ്‌മെന്റുകളും ലാഭത്തിലല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് സ്കൂളുകള്‍ പൂട്ടാനുള്ള ഒരുക്കത്തിലായി. റിയല്‍ എസ്റ്റേറ്റ് മുതലായ വ്യവസായ താത്പര്യങ്ങളായിരുന്നു ഇതിനു പിന്നില്‍. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്‍റെ നല്ലൊരു ശതമാനം എയ്‌ഡഡ് മേഖലയില്‍ ആയതിനാല്‍ ഈ പ്രവണത ഉയര്‍ത്തിയ ഭീഷണി ചെറുതായിരുന്നില്ല. അവിടെയാണ് LDF ഗവണ്മെന്റിന്റെ ശക്തവും സത്വരവുമായ ഇടപെടല്‍ ഉണ്ടായത്. ഈ പ്രവണതയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ നിരവധി പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ രക്ഷിച്ചെടുക്കാനായി. മരങ്ങാട്ടുമുറി എ എം എല്‍ പി സ്കൂള്‍, പാലോട് എ യു പി സ്കൂള്‍, വെള്ളൂര്‍ പി എം എല്‍ പി സ്കൂള്‍ മുതലായവ ഉദാഹരണങ്ങളാണ്. ഇതിനു വേണ്ടി കേരള വിദ്യാഭ്യാസ നിയമത്തില്‍ (Kerala education act) ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

മെച്ചപ്പെടുന്ന വിദ്യാര്‍ഥി ജീവിതം

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ വിദ്യാഭ്യാസസംബന്ധിയായ സേവനങ്ങള്‍ മെച്ചപ്പെടെണ്ടത് അത്യാവശ്യമാണ്. പാഠപുസ്തകവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലായിരുന്നു, ഗവണ്മെന്റിന്റെ ആദ്യത്തെ ഊന്നല്‍. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനായി ഒരു വര്‍ഷത്തെ പുസ്തകം പല ഭാഗങ്ങളായി വിഭജിക്കാന്‍ തീരുമാനിച്ചു. എട്ടാംക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും APL/BPL ഭേദമന്യേ സൌജന്യമായി യൂണിഫോം വിതരണം ചെയ്തു. ഈ വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് കൈത്തറിയില്‍ നിര്‍മിച്ച യൂണിഫോം ലഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ ഇന്‍ഷുറന്‍സും, രക്ഷിതാവിന്‌ നിര്യാണം സംഭവിച്ചാല്‍ 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റും പ്രഖ്യാപിച്ചു. കലോത്സവങ്ങള്‍ക്കും മറ്റും വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കുന്നത് നിര്‍ത്തി പകരം ഗവൺമെന്റ് 40 ലക്ഷം രൂപ അനുവദിച്ചു.

അധ്യാപനനിലവാരം ഉയരുന്നു

വിദ്യാഭ്യാസത്തിന്റെ പൊതുനിലവാരം ഉയരാന്‍ അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രവൃത്തിനിലവാരം ഉയര്ത്തേണ്ടതുണ്ട്. മികച്ച അധ്യാപകരെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട പിന്തുണ നല്‍കണം. അതിലേക്കായി LDF ഗവൺമെന്റ് ഈ മേഖലയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു. Multi Grade learning center (MGLC), Inclusive education for disabled at second stage (IEDSS) എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ വേതനം 400 രൂപയില്‍ നിന്ന് ല്‍ നിന്ന് 475 രൂപ ആക്കി വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ വേതനം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള് കളില്‍ ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകരുടെ ദിവസക്കൂലിക്കായി 7 കോടി രൂപ നീക്കിവച്ചു.

അധ്യാപകരുടെ നിയമനവും സ്ഥലം മാറ്റവും ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കേരള വിദ്യാഭ്യാസ നിയമം പരിഷ്കരിച്ചതും, അതില്‍ ടീച്ചേര്‍സ് ബാങ്ക് ഉള്‍പ്പെടുത്തിയതും മറ്റൊരു ചുവടുവെപ്പായി. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതുമൂലം തസ്തിക നഷ്ടപ്പെട്ട 4000 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കി. പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങളെ പറ്റി പഠിക്കാന്‍ ഗവന്മേന്റ്റ് SCERT യെ ചുമതലപ്പെടുത്തി. 141 RMSA സ്ക്കൂളുകള്‍ ഗവര്‍ന്മെന്റ് സ്കൂളുകളാക്കി ഉയര്‍ത്തി അധ്യാപകക്ഷാമം പരിഹരിച്ചു. സ്കൂളുകള്‍ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായി ഓരോ ഉപജില്ലയിലും ഒരു IT@സ്കൂള്‍ ട്രെയിനറെ അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസത്തിന് ഒരു മെച്ചപ്പെട്ട പദ്ധതി

ആധുനിക ലോകത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്താനും, പ്രതിസന്ധികളെ അഭിമഖീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധ പതിയണം. താത്പര്യമുള്ള എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്തമാകണം എന്നതാണ് LDF സര്‍ക്കാറിന്റെ നയം. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ സുതാര്യവും സാമൂഹ്യ നീതി ഉറപ്പുവരുത്തിയുള്ളതും ആക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടു. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍പ്പോലും സുതാര്യത കൊണ്ടുവരാന്‍ സാധിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ രണ്ട് PG കോഴ്സുകള്‍ തുടങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്നിക്കിന് കഴിഞ്ഞ UDF ഗവന്മേന്റിന്റെ കാലത്ത് നഷ്ടപ്പെട്ട AICTE അംഗീകാരം പുതുതായി 26 തസ്തികകള്‍ സൃഷ്ടിച്ചത്തിലൂടെ പുനസ്ഥാപിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. പുതിയ കോളേജുകളും കോഴ്സുകളും തുടങ്ങാന്‍ നിബന്ധനകള്‍ കൊണ്ടുവന്നു. സര്‍വ്വകലാശാലാസിന്‍ഡിക്കേറ്റുകള്‍ പുന:സംഘടിപ്പിച്ചു. പരീക്ഷനടത്തിപ്പിനും, ഫലപ്രഖ്യാപനത്ത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും, അക്കാദമിക് കലണ്ടര്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കാനായി ഒരു ജേര്‍ണല്‍ ആരംഭിക്കാന്‍ 5 വൈസ് ചാന്‍സിലര്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു.രാഷ്ട്രീയ ഉച്ച്ചസ്തര്‍ ശിക്ഷ അഭിയാന്‍ മുഖേന 15 കോളേജുകള്‍ക്കായി 72.87 കോടി രൂപ വിതരണം ചെയ്തു.

പുതിയ മേച്ചില്‍പ്പുറങ്ങള്‍

ആധുനിക കാലഘട്ടത്തില്‍ സാങ്കേതികവിദ്യയോടൊപ്പം തൊഴിലുകളുടെ സ്വഭാവവും മാറുകയാണ്. ഇതിനനുസരിച്ച് കൈവരിക്കെണ്ടുന്ന വൈദഗ്ധ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് വിദ്യാഭ്യാസമേഖല നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് LDF ഗവൺമെന്റ് തൊഴില്‍ പരിശീലനത്തിലും വൈദഗ്ധ്യവികസനത്തിലും ഇടപെടുന്നത്. അസാപ് (ASAP) പദ്ധതിയുടെ കീഴില്‍ പുതിയ 10 പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. തൊഴില്‍ വകുപ്പുമായി കൈകോര്‍ത്തുകൊണ്ട് തൊഴില്‍ വൈദഗ്ധ്യത്തിലെ വിടവുകള്‍ പരിഹരിക്കാന്‍ കോഴ്സുകള്‍ ആരംഭിച്ചു. Centre for continuing Education Kerala (CCEK) രണ്ട് കേന്ദ്രങ്ങള്‍ കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് പോളിടെക്നിക്കുകളില്‍ ആരംഭിച്ചു.

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു

ഈ LDF ഗവണ്മെന്റിന്റെ വികസന രൂപരേഖ അതിന്‍റെ പ്രകടന പത്രികയാണ്. 35 ഇന പത്രികയിലെ 23,24 പോയന്‍റുകള്‍ വിദ്യഭ്യസത്തെപ്പറ്റിയാണ്. ഈ ഒരു വര്‍ഷത്തെ കാലയളവില്‍ വാഗ്ദാനങ്ങളോട് നീതിപുലര്‍ത്തി എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. നമ്മുടെ ഹൈ സ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ് റൂമുകളെ സമാര്‍ട്ട് ക്ലാസ് റൂമുകളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍വ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങള്‍ ആക്കി മാറ്റാനുള്ള ഉദ്യമവും നടന്നു വരികയാണ്. ആദ്യ പടിയായി കുസാറ്റിന് 2.5 കോടി രൂപ അനുവദിച്ചു.