ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക് എന്ന വികസന ഫോട്ടോ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഘാടനം ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ജനപ്രീതി നേടിയ പദ്ധതികളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരണങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.

ജൈവ ഭക്ഷ്യോത്പാദനവും മാലിന്യ നിര്‍മാര്‍ജ്ജനവും ജലസംരക്ഷണവും മുദ്രാവാക്യമാക്കി ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതി, പാവപ്പെട്ടവര്‍ക്ക് കിടപ്പിടം നല്കാനാവിഷ്‌കരിച്ച ലൈഫ് പദ്ധതി, ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളെ ആധാരമാക്കിയാണ് പ്രദര്‍ശനം.

സര്‍വേ റിപ്പോര്‍ട്ടുകള്‍ ഒന്നാമതെന്നു വിശേഷിപ്പിച്ച കേരളത്തിന്റെ ഭരണ നേട്ടങ്ങള്‍, സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന കിഫ്ബി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശകങ്ങളായ ബജറ്റ് നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത.്