കേരളം സൗരോര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കണം

ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ സൗരോര്‍ജ മേഖലയിലേക്ക് വേഗത്തില്‍ ചുവടുവയ്ക്കുകയാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി അധ്യക്ഷനായി.

ജലവൈദ്യുതി പദ്ധതികളെ കേരളത്തിന് കൂടുതല്‍ കാലം ആശ്രയിക്കാനാവില്ല. സൗരോര്‍ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന് നാം ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്ലാതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്ന് നാം തിരിച്ചറിയണം. വലിയ വീടുകള്‍ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. ഗ്രാമങ്ങളില്‍ പോലും വലിയ വീടുകള്‍ നിരവധിയുണ്ട്. ഈ വീടുകളെല്ലാം സൗരോര്‍ജം കൂടി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറണം. വീടുകളുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ സൗരോര്‍ജ പ്ലാന്റുകള്‍ക്കുള്ള സൗകര്യം കൂടി ഒരുക്കണം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും അവയുടെ പ്രവര്‍ത്തനത്തിന് സൗരോര്‍ജം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നല്ല മാനെജ്‌മെന്റ് സംവിധാനം കൊണ്ട് ലോഡ് ഷെഡിങും പവര്‍കട്ടും നമുക്ക് ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും ഗുണമേന്‍മയുള്ള വൈദ്യുതിയുടെ കാര്യത്തില്‍ ഇപ്പോഴും സാരമായ കുറവുണ്ട്. നമ്മുടെ കയ്യില്‍ വിഭവശേഷി കുറവാണ്. ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് എടുക്കേണ്ടത്. സൗരോര്‍ജ റാന്തല്‍ വിതരണം ചെയ്തു വന്നിരുന്ന അനെര്‍ട്ടിനെ ശക്തിപ്പെടുത്തണം. ആവശ്യമായ സൗകര്യങ്ങളും സാങ്കേതിക വിദഗ്ധരെയും നല്‍കി കാലത്തിനനുസൃമായ മാറ്റത്തിലേക്ക് വഴിനടത്തണം. എനര്‍ജി മാനേജ്മന്റ് സെന്ററിനെയും ഇക്കാര്യത്തില്‍ സഹകരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006-11 കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ആരംഭിച്ചത്. അഞ്ച് ജില്ലകളില്‍ അന്ന് തന്നെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. നാട് ഒന്നിച്ച് നിന്നതിന്റെ ഫലമായാണ് സമ്പൂര്‍ണ വൈദ്യുതീകരണം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച മന്ത്രി എം.എം. മണി, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരനും കെ.എസ്.ഇ.ബി. ഇ-ലെറ്റര്‍ പ്രകാശനം പട്ടികജാതി- പട്ടികവര്‍ഗ- നിയമ വകുപ്പു മന്ത്രി എ.കെ. ബാലനും വൈദ്യുതി സുരക്ഷാ കാംപയിന്‍ പ്രഖ്യാപനം തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിര്‍വഹിച്ചു. തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍, ടൂറിസം- ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എ.മാരായ എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍ എ.കെ. ശശീന്ദ്രന്‍, സി.കെ. നാണു, ഇ.കെ. വിജയന്‍, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ കെ. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.