മാലിന്യ നിര്‍മാര്‍ജ്ജനം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും

ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മാലിന്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള കാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്താത്ത സ്ഥലങ്ങളില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ സമാപനം കുറിച്ച് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറയുടെ ശുചീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ ശുചീകരിക്കുന്ന 151-ാമത്തെ കുളമാണ് പന്നിക്കുഴിച്ചിറ.

ഹരിതകേരളം വിജയിപ്പിക്കുന്നതിനായി സ്വയം നടത്തിയ ഇടപെടലുകള്‍ മൂലം ശ്രദ്ധിക്കപ്പെട്ട ജില്ലയാണ് എറണാകുളം. നഷ്ടപ്പെട്ട ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിനായി കുളങ്ങളും തോടുകളും വൃത്തിയാക്കിയത് അതിന്റെ ഭാഗമാണ്. കളക്ടറും ജില്ലാഭരണകൂടവും ഫലപ്രദമായി ഇടപെട്ടത് മൂലം അമ്പത് ദിവസത്തിന് മുന്‍പു തന്നെ പദ്ധതി പൂര്‍ത്തിയായി. നൂറ് കുളം ലക്ഷ്യമിട്ട സ്ഥാനത്ത് 151 കുളങ്ങളാണ് പൂര്‍ത്തിയാക്കാനായത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി വിജയിപ്പിക്കാനായത് മാതൃകാപരമാണ്. ഇതേ മാതൃകയില്‍ കേരളത്തിലെ എല്ലാ കുളങ്ങളിലെയും തോടുകളിലെയും ജലം കുടിവെള്ളത്തിന്റെ ശുദ്ധിയുള്ളതാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഹരിതകേരളം പദ്ധതിയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ ഇനിയും നിറവേറ്റപ്പെടാനുണ്ട്. ഇക്കാര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളും വേണ്ട താല്‍പര്യം കാണിച്ചില്ല. പല പ്രദേശങ്ങളിലും മാലിന്യം അവശേഷിക്കുമ്പോള്‍ വായുവും വെള്ളവും എങ്ങനെ ശുദ്ധമാകും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് മൂലമാണ് മഴക്കു മുമ്പെ പനി വ്യാപകമായത്. അതേസമയം മാതൃകാപരമായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ അതിന്റേതായ മാറ്റമുണ്ട്. മാലിന്യം കെട്ടിക്കിടന്ന സ്ഥലങ്ങളിലാണ് രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. അലസതയുടെ ഫലമാണിത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണം – മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പദ്ധതികള്‍ സ്വയംഭൂവായി ഉണ്ടാകുന്നതല്ലെന്നും പ്രത്യേകമായ ഇടപെടലാണ് വിജ യകരമായ പദ്ധതികള്‍ക്ക് പിന്നിലെ ശക്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യം കെട്ടിക്കിടക്കുന്ന കേരളമല്ല നവകേരളം. നാടിന്റെ അവസ്ഥ മനസിലാക്കി ഓരോരുത്തരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ജൂണ്‍ അഞ്ചിന് ഒരു കോടി വൃക്ഷത്തൈകള്‍ നടാനുള്ള പദ്ധതി വിജയിപ്പിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണം. ശുദ്ധമായ വെള്ളവും സ്വഛമായ പ്രകൃതിയും സാധ്യമായാലേ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നമുക്ക് അവകാശപ്പെടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പഴ്‌സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, മുന്‍ എം.പി പി. രാജീവ്, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍, അസിസ്റ്റന്റ് കളക്ടര്‍ ഈഷ പ്രിയ, കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു.എസ്. നായര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍, വൈസ് പ്രസിഡന്റ് അംബിക നന്ദനന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ബീന കുര്യാക്കോസ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ ടിംപിള്‍ മാഗി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, കുടുംബശ്രീ മിഷന്‍ അസി കോ ഓഡിനേറ്റര്‍ ഡോ. സ്മിത ഹരികുമാര്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ ഓഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിന്റെ സഹായത്തോടെ മാര്‍ ച്ച് 22 ജലദിനത്തിലാണ് അമ്പത് ദിനം നൂറു കുളം പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ദിവസത്തിനുള്ളില്‍ 100 കുളങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യം 43 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതിക്ക് ലഭിച്ച പൊതുജന പങ്കാളിത്തവും പിന്തുണയും കണക്കിലെടുത്ത് മെയ് 30 വരെ പദ്ധതി ദീര്‍ഘിപ്പിക്കുകയായിരുന്നു. കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും കൃഷിക്കും ഉതകുന്ന പുതിയ ജല ഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജനപ്രതിനിധികള്‍, പ്രാദേശിക വൊളന്റിയര്‍മാര്‍, അന്‍പൊട് കൊച്ചി കുടുംബശ്രീ, തൊഴിലുറപ്പ്, നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവര്‍ പദ്ധതിയില്‍ സജീവപങ്കാളികളായി.

ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളും ആലുവ മുനിസിപ്പാലിറ്റിയുമൊഴികെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും ജലസംഭരണികള്‍ പദ്ധതിയിലുള്‍പ്പെടുത്തി ശുചീകരിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും ശുചീകരിക്കാവുന്ന കുളങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവ ഒഴിവാക്കിയത്. ഒരേക്കറിലധികം വിസ്തൃതിയുള്ള 11 കുളങ്ങളാണ് വിവിധ പ്രദേശങ്ങളിലായി വൃത്തിയാക്കിയത്. അഞ്ചു സെന്റു മുതല്‍ 60 സെന്റു വരെ വിസ്തൃതിയുള്ള കുളങ്ങളായിരുന്നു പദ്ധതിയിലുള്‍പ്പെട്ടവ. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന പല കുളങ്ങളും ശുചീകരണയജ്ഞത്തിനു ശേഷം പ്രദേശവാസികളുടെ പ്രധാന ജലസ്രോതസ്സായി തീര്‍ന്നു.