സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ കാര്യത്തിലും ആ സ്ഥാനം നേടിയെടുത്തിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ചാണ് നാം ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ നിറവേറ്റപ്പെടുകയാണ്. നാടിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികളില്ലാത്ത ഒരു നവകേരളം നമുക്കു സൃഷ്ടിച്ചേതീരൂ. അതിനുള്ള ഒരു സമഗ്ര കര്‍മ്മപരിപാടിയാണ് ഞങ്ങള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. അതിനു നിങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആ ഉത്തരവാദിത്വം അതിന്‍റെ എല്ലാ ഗൗരവത്തോടും കൂടി നിറവേറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് ഇക്കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ വ്യാപൃതരായിരുന്നത്. അതിന്‍റെ ഫലമായി നിങ്ങളെ അഭിമാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ക്ഷേമപെന്‍ഷന്‍ കുടിശികതീര്‍ത്ത് വീടുകളില്‍ കിട്ടിയവരുണ്ട്. പൂട്ടിക്കിടന്ന കശുവണ്ടി, കൈത്തറി, കയര്‍ ഫാക്ടറികള്‍ തുറന്നതിന്‍റെ ഫലമായി തൊഴില്‍ തിരികെ കിട്ടിയവരുണ്ട്. കാത്തുകാത്തുനിന്ന പട്ടയം ലഭിച്ചതിന്‍റെ സന്തോഷം പങ്കിടുന്നവരുണ്ട്. കാര്‍ഷികവായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചതിന്‍റെ ആശ്വാസം അനുഭവിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പറഞ്ഞതൊക്കെ പല മാധ്യമങ്ങളും നിങ്ങളെ അറിയിക്കില്ല. പക്ഷേ ഗുണഭോക്താക്കളായ ജനങ്ങളാണ് ഈ സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ അംബാസഡര്‍മാരെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു.

നിങ്ങള്‍ക്കറിയാവുന്നതുപോലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നാലു പദ്ധതികള്‍ സജീവമായി നടപ്പിലാക്കിവരികയാണ്. ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നിവയാണവ. ഈ പദ്ധതികളെല്ലാം സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനും മാറിയ സാഹചര്യത്തില്‍ കേരളത്തിന്‍റെ വളര്‍ച്ച ഉറപ്പാക്കാനുമാണ് നടപ്പിലാക്കുന്നത്.ഇക്കാലയളവില്‍ ദേശീയ ശ്രദ്ധയാര്‍ജിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമായി നമ്മള്‍ മാറി.

പട്ടികജാതി, പട്ടികവര്‍ഗ വിഹിതം ജനസംഖ്യാനുപാതികമായി വകയിരുത്തിയ ഏക ഇന്ത്യന്‍ സംസ്ഥാനമായി നമ്മള്‍ മാറി. ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറുകയാണ്. അതിന്‍റെ പ്രഖ്യാപനമെന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഗ്രാമങ്ങളില്‍ ഏതെങ്കിലും രണ്ട് പബ്ലിക് യൂട്ടിലിറ്റികള്‍ വൈദ്യുതീകരിക്കുകയും ആകെ വീടുകളില്‍ പത്തു ശതമാനത്തിന് മാത്രം വൈദ്യുതി നല്‍കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണമാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം. ഈ മാനദണ്ഡം നോക്കിയാല്‍ കേരളം എത്രയോ മുമ്പേ തന്നെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമാണ്. എന്നാല്‍, മുഴുവന്‍ വീടുകളിലും എന്നതിനൊപ്പം എല്ലാ അങ്കണവാടികളിലും കൂടി വൈദ്യുതി എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് നാലായിരത്തോളം ഗ്രാമങ്ങളിലും നാലരക്കോടി വീടുകളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോഴാണ് കേരളത്തിന്‍റെ നേട്ടം എത്രമാത്രം മഹത്തരമാണെന്ന് ബോധ്യമാകുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൂട്ടായും ചിട്ടയായുമുള്ള പ്രവര്‍ത്തനത്തിന്‍റ ഫലമായി 2009ല്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ പ്രഖ്യാപിക്കാന്‍ നമുക്കു സാധിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടയില്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളെ കൂടി സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിച്ചു. ആകെ 85 അസംബ്ലി നിയോജക മണ്ഡലങ്ങളാണ് അക്കാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ചത്. എന്നാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് തുടര്‍ച്ചയുണ്ടായില്ല. ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കില്‍ 2012ഓടെ കേരളം സമ്പൂര്‍ണ വൈദ്യുതീകരണം നേടുമായിരുന്നു. വികസനത്തിലെ സങ്കുചിത കാഴ്ചപ്പാട് ഇതിനു തടസ്സമായി എന്നു മാത്രമേ ഞാനിപ്പോല്‍ പറയുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരെഞ്ഞെടുപ്പ് വാഗ്ദാനമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ചത്. അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. വളരെ ചിട്ടയായും ശാസ്ത്രീയമായുമാണ് വൈദ്യുതിവകുപ്പ് ഈ പ്രവര്‍ത്തനം നടത്തിയത്. വൈദ്യുതി എത്താത്ത വീടുകളും അങ്കണവാടികളും കണ്ടെത്തുന്നതിനു വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള സര്‍വ്വേക്കുപുറമേ സെക്ഷന്‍ ഓഫീസുകള്‍ വഴിയും ജനപ്രതിനിധികള്‍ മുഖേനയും ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. കൂടാതെ മിസ്ഡ് കോള്‍, വാട്ട്സപ്പ്ര ജിസ്ട്രേഷനും സംവിധാനമൊരുക്കി.

വൈദ്യുതി കണക്ഷനു അപേക്ഷ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളും ലഘൂകരിച്ചു. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ കൂടാതെയും, 1500 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടുനമ്പരിന്‍റെയും തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും അടിസ്ഥാനത്തിലും കണക്ഷന്‍ നല്‍കി. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ക്യാഷ് ഡെപ്പോസിറ്റ് ഒഴിവാക്കി നല്‍കി. ഇതിനുപുറമേ ഈ പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്തു. അതിന്‍റെ ഫലമായി വയറിങ് ഗ്രാന്‍റ് പദ്ധതി തുക ഇരട്ടിയായി ഉയര്‍ത്തി നല്‍കി.
ഒരുലക്ഷത്തോളം ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഒന്നര ലക്ഷത്തിലധികം ഗുണഭോക്താക്കളെ കണ്ടെത്താന്‍ വകുപ്പിന് സാധിച്ചു.

ഇതില്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. മുപ്പത്തിരണ്ടായിരം കുടുംബങ്ങള്‍ പട്ടികജാതിയിലും, പതിനേഴായിരത്തി അഞ്ഞൂറ് കുടുംബങ്ങള്‍ പട്ടികവര്‍ഗത്തിലും ഉള്‍പ്പെടുന്നവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗം പേരും വീട് വയറിങ് നടത്താന്‍പോലും സാമ്പത്തികശേഷി ഇല്ലാത്തവരായിരുന്നു. ഇത്തരക്കാരെ സഹായിക്കാന്‍ ബോര്‍ഡിലെ ജീവനക്കാരും അവരുടെ സംഘടനകളും വലിയതോതിലുള്ള സഹായമാണ് നല്‍കിയത്. മാതൃകാപരമായ പ്രവര്‍ത്തനമായി വേണം ഇതിനെ കാണാന്‍. നിരവധി സന്നദ്ധസംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. മുപ്പതിനായിരത്തോളം ബിപിഎല്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ വയറിങ് പ്രവര്‍ത്തനങ്ങള്‍ വൈദ്യുതിബോര്‍ഡ് നേരിട്ട് ഏറ്റെടുത്തിരുന്നു.

വനപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനായി എന്നതാണ് ഈ പദ്ധതിയുടെ എടുത്തുപറയേണ്ടുന്ന മറ്റൊരു നേട്ടം. വൈദ്യുതിലൈന്‍ വലിക്കാന്‍ നിര്‍വാഹമില്ലാത്ത വനാന്തരങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ഇത്തരത്തില്‍ ആകെ 22 കോളനികളിലായി ആയിരത്തി അറുന്നൂറോളം വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചു. കെഎസ്ഇബിയെ കൂടാതെ അനര്‍ട്ട്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ എന്നീ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അവരുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിലമതിക്കുന്നു. വൈദ്യുതി മേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കിവരുന്നത്.

പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതി സുഗമമായി വിതരണം ചെയ്യാനുതകുന്ന വിധത്തില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രസരണശേഷി 400 കെവിയായി ഉയര്‍ത്തുന്നതിനും ട്രാന്‍സ്ഗ്രിഡ് 2.0 എന്ന ബൃഹത്തായ ഒരു പ്രസരണ പദ്ധതിക്ക് സംസ്ഥാനം രൂപം നല്‍കിയിട്ടുണ്ട്. ആകെ 8775 കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഗ്രീന്‍ കോറിഡോര്‍ സ്കീമില്‍ നിന്നും 2500 കോടി രൂപയുടെ സഹായം പ്രതീക്ഷിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതപ്രസരണ ശേഷിയില്‍ 3400 മെഗാവാട്ടിന്‍റെ വര്‍ധനവാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ കടുത്ത വരള്‍ച്ച വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്. ഉല്‍പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലവൈദ്യുതിയില്‍ നിന്നുള്ളതാണ്. ശരാശരി 750 കോടി യൂണിറ്റോളമാണ് ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇത്തവണത്തെ മഴയുടെ ലഭ്യതയിലുണ്ടായ കുറവ് ഉല്‍പാദനം പകുതിയാക്കി കുറച്ചു. പക്ഷേ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കടുത്ത ചൂടും വൈദ്യുതി ഉപഭോഗത്തില്‍ വന്‍വര്‍ധന ഉണ്ടാക്കി. ഇത് വൈദ്യുത മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എന്നിരിക്കിലും സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുമല്ലോ.
വൈദ്യുതി മേഖലയെ വിഭജിക്കാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള വലിയ ശ്രമങ്ങള്‍ രാജ്യവ്യാപകമായി നടക്കുകയാണ്. 2003ലെ വൈദ്യുതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സ്വകാര്യവല്‍ക്കരണ നടപടികള്‍ ഈ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

വൈദ്യുതിമേഖലയെ വിഭജിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ നമ്മുടെ സംസ്ഥാനം തയ്യാറായിട്ടില്ല. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്
വൈദ്യുതി മേഖലയെ ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം.ലാഭക്കച്ചവടത്തിനുള്ള ഒരു ചരക്കായി മാത്രം വൈദ്യുതിയെ കാണുന്ന ദേശീയനയത്തില്‍നിന്ന് വ്യത്യസ്തമായി അത് സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തല സൗകര്യമായാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തിന്‍റെ പൊതു വികസനത്തിന് സഹായകമായി വൈദ്യുതി ബോര്‍ഡിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചു കൊണ്ട് രാജ്യത്തിനാകെ മാതൃകയാക്കാനാണ് ഉദേശിക്കുന്നത്. ജനങ്ങളുടെ നല്ല സഹകരണം ഇക്കാര്യങ്ങളിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അഭിമാനപൂര്‍വ്വം ഞാന്‍ കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി
പ്രഖ്യാപിക്കുന്നു. നന്ദി.