വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന

കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം പദ്ധതി സഫലമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെര്‍ത്ത് നിര്‍മാണോദ്ഘാടനം മുല്ലൂരിലെ പദ്ധതിപ്രദേശത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖം പൂര്‍ണസജ്ജമാകുമ്പോള്‍ രാജ്യത്തെ കപ്പല്‍ വ്യവസായമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. അതിനനുസരിച്ച് കേരളത്തിന്റെ വികസനവഴികളും വന്‍തോതില്‍ തുറക്കപ്പെടും.

അഴിമതിയുടെ പഴുതുകള്‍ അടച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രം ഇതുപോലൊരു പദ്ധതി ഉപേക്ഷിക്കില്ല. ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തി നടപടികളുമായി മുന്നോട്ടുപോകും. അതിനാണ് അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിച്ചത്. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന.

ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പലിന് വരെ നങ്കൂരമിടാന്‍ കഴിയുന്നവിധത്തിലാണ് ബെര്‍ത്ത് നിര്‍മിക്കുന്നത്. നിര്‍മാണം ഈ രീതിയില്‍ പുരോഗമിച്ചാല്‍ കണ്ടെയ്‌നര്‍ വഴിയുള്ള ആഗോളവിപണന സാധ്യതകളിലേക്ക് അധികം വൈകാതെ വിഴിഞ്ഞം വഴിതുറക്കും.

10,000 ടി.ഇ.യുവിന് മുകളിലുള്ള കപ്പലുകളിലേക്ക് ചരക്ക് ഗതാഗതം മാറുന്ന സ്ഥിതിയാണ് ലോകമാകെ. ചരക്ക് ഗതാഗതത്തില്‍ രാജ്യത്തിന്റെ തന്നെ പരിമിതികള്‍ മറികടക്കാന്‍ വിഴിഞ്ഞത്തിനാകും. നാടിന്റെ അനന്തമായ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തും. ദേശീയപാത, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവയുമായുള്ള വിഴിഞ്ഞത്തിന്റെ സാമിപ്യം രാജ്യത്തെ പല തുറമുഖങ്ങള്‍ക്കും അവകാശപ്പെടാനാകില്ല. വിഴിഞ്ഞത്തെ അന്താരാഷ്ട്ര ഹബ്ബാക്കാനുള്ള അനുകൂലഘടകം ഇതുമൂലമുണ്ട്.

പദ്ധതിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള നടപടികളും സര്‍ക്കാര്‍ കാര്യക്ഷമമായി കൈക്കൊള്ളുന്നുണ്ട്. ദേശീയപാത 66 മായി തുറമുഖത്തെ ബന്ധിപ്പിക്കല്‍, റെയില്‍പാതയുമായി ബന്ധമൊരുക്കാന്‍ 12 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍, വൈദ്യുതി എത്തിക്കല്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്. ജലപരിചണ പ്ലാന്റ് പ്രദേശവാസികള്‍ക്കുകൂടി പ്രയോജനപ്പെടുംവിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കി.

പദ്ധതിക്കുള്ള പിന്തുണ നാട്ടുകാരില്‍നിന്ന് നല്ലരീതിയില്‍ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി മുമ്പാകെ 18,000ല്‍പരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ശരിയായ തീരുമാനം കൈക്കൊള്ളും. മല്‍സ്യബന്ധന തുറമുഖം, സീഫുഡ് പാര്‍ക്ക്, നൈപുണ്യവികസനം, ശുചീകരണപദ്ധതികള്‍, ഖരമാലിന്യനിര്‍മാര്‍ജനം, ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങി സാമൂഹികക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രദേശത്ത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫും ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ തുറമുഖ ശൃംഖലയ്ക്ക് ഇന്ത്യ നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയപിന്തുണയും സഹകരണവുമുള്ളതിനാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനി പോര്‍ട്ട്‌സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യാതിഥിയായിരുന്നു. സര്‍ക്കാരിന്റെ പിന്തുണയുള്ളതിനാലാണ് പദ്ധതിക്ക് ഇത്രയും പുരോഗതി ഉണ്ടാക്കാനായതെന്നും നിശ്ചിതസമയപരിധിക്ക് മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.വിന്‍സെന്റ് എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സംബന്ധിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ മൊഹാപത്ര സ്വാഗതം പറഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്താണ് നിര്‍മിക്കുന്നത്. ഇതിലൂടെ വലിയ കണ്ടെയ്‌നര്‍ വാഹിനിക്കപ്പലുകള്‍ക്ക് അടുക്കുവാനും കാര്യക്ഷമമായി ചരക്ക് കൈകാര്യം ചെയ്യാനും കഴിയും. ബെര്‍ത്തിനായി 1.2 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ വ്യാസമുള്ള 600 ഓളം പൈലുകളാണ് കടല്‍ത്തട്ടില്‍ താഴ്ത്തുന്നത്.

2019 ഡിസംബറോടെ തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാവുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. മൂന്നു കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടറിന്റെ 595 മീറ്റര്‍ നീളത്തില്‍ കോര്‍ നിര്‍മാണം പൂര്‍ത്തിയായി. കണ്ടെയ്‌നര്‍ യാര്‍ഡിനായി 53 ഹെക്ടര്‍ സ്ഥലത്തിന്റെ 40 ശതമാനം നികത്തിയിട്ടുണ്ട്.