പനിയും പകര്‍ച്ചവ്യാധികളും തടയല്‍

പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും, സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പകര്‍ച്ചപ്പനി തടയുന്നതിനും രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങള്‍ ഒറ്റമനസ്സോടെ നീങ്ങേണ്ട സാഹചര്യമാണുള്ളത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കിടത്തി ചികിത്സക്ക് കൂടുതല്‍ സൗകര്യവും സജ്ജീകരണവും താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആശുപത്രികളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നതിന് മരുന്നിനേക്കാള്‍ പ്രധാനം രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കുക എന്നതു തന്നെയാണ്. അത് കണക്കിലെടുത്താണ് ജനപങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണ പരിപാടിക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത്. ഈ മാസം 27, 28, 29 തീയതികളില്‍ സംസ്ഥാനമാകെ ശുചീകരണ യജ്ഞം നടക്കുകയാണ്. ഈ പരിപാടിയില്‍ വിദ്യാലയങ്ങളിലെ എന്‍എസ്എസ് / എന്‍സിസി / സ്‌കൗട്ട്‌സ് /ഗൈഡ്‌സ് / സുറ്റുഡന്റ് പൊലീസ് കാഡറ്റ് എന്നീ വിഭാഗങ്ങളെ പ്രത്യേകമായും വിദ്യാര്‍ഥികളെയാകെ പൊതുവിലും പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി വിദ്യാലയ മേധാവികളോട് അഭ്യര്‍ത്ഥിച്ചു. പനി തടയാന്‍ സമൂഹത്തിന്റെ കരുതലാണ് പ്രധാനം പനി വരാനുള്ള സാധ്യതകളെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കണം. ഇപ്പോള്‍ ബാധിക്കുന്ന പകര്‍ച്ചപ്പനികളുടെ തീവ്രത ഉടന്‍ കുറയുമെങ്കിലും പരിസര ശുചീകരണത്തിന് തുടര്‍ന്നും എല്ലാവരും ജാഗ്രത പാലിക്കണം. ചുറ്റുപാടും ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.