മന്ത്രിസഭാ തീരുമാനങ്ങള്‍  27/07/2017

പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങള്‍

പബ്ലിക്‍ സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിലവിലുളള ഒഴിവുകളില്‍ ഏഴുപേരെ നിയമിക്കാന്‍ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

1. ഡോ.കെ.പി. സജിലാല്‍ (അസോസിയേറ്റ് പ്രൊഫ. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ഡി.ബി. കോളേജ് കോട്ടയം)
2. പി.കെ.വിജയകുമാര്‍, (സ്റ്റോര്‍ കീപ്പര്‍, ആര്‍വിറ്റിഐ, തിരുവനന്തപുരം)
3. ഡോ. ഡി. രാജന്‍, അസി. പ്രൊഫ., ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം)
4. റ്റി.ആര്‍. അനില്‍കുമാര്‍ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ലൈബ്രറി, കാലടി)
5. മുഹമമദ് മുസ്തഫ കടമ്പോട്ട് (റ്റീച്ചര്‍, റ്റി.എസ്.എ.എം. യു.പി.സ്കൂള്‍, ഒതുക്കുങ്ങല്‍, മലപ്പുറം)
6. പി.എച്ച്. മുഹമ്മദ് ഇസ്മയില്‍ (റിട്ട. ജൂനിയര്‍, സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, ആലുവ)
7. റോഷന്‍ റോയ് മാത്യൂ (റാന്നി)

എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്

കോവളം കൊട്ടാരം

കേരള ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്റ്റര്‍ സ്ഥലത്തിന്റെയും കൈവശാവകാശം ആര്‍.പി. ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അധികാരപ്പെട്ട കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈവശാവകാശം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.

തിരുവിതാംകൂര്‍ രാജ്യകുടുംബത്തിന്റെ ഉടമസ്ഥതയിലുളള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 1970ല്‍ കൊട്ടാരവും ഭൂമിയും ഇന്ത്യാ ഗവണ്‍മെന്‍റിന്റെ വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഐ.റ്റി.ഡി.സിയുടെ അശോക ബീച്ച് റിസോര്‍ട്ട് 2002 വരെ ഇവിടെ പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ ലീല വെന്‍ച്വര്‍ ലിമിറ്റഡിന് വിറ്റു. പൈതൃകസ്മാരകമായി കൊട്ടാരം നിലനിര്‍ത്തണമെന്ന രാജ്യകുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2004ല്‍ കൊട്ടാരവും അനുബന്ധഭൂമിയും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനു മുമ്പ് ലീല ഗ്രൂപ്പ് ഈ വസ്തു എം.ഫാര്‍ ഹോട്ടലിനു വിറ്റിരുന്നു. എം.ഫാര്‍ ഗ്രൂപ്പിന്റെ ഹര്‍ജി പരിഗണിച്ച് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവുകള്‍ 2005ല്‍ ഹൈക്കോടതി റദ്ദാക്കി. ഇതിനെ തുടര്‍ന്ന് കൊട്ടാരം ഏറ്റെടുക്കാന്‍ 2005 ആഗസ്റ്റില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2011-ല്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും ഹൈക്കോടതി തളളി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ 2016ല്‍ നിരസിക്കപ്പെട്ടു. എംഫാര്‍ ഗ്രൂപ്പില്‍നിന്നാണ് കൊട്ടാരവും അനുബന്ധ സ്ഥലവും ആര്‍പി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഹൈക്കോടതിവിധി അനുസരിച്ച് വസ്തു കൈമാറാത്തതിനെതിരെ ആര്‍പി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം തേടുകയുണ്ടായി. സുപ്രീംകോടതി സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ തളളിയ സാഹചര്യത്തില്‍ വീണ്ടും അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമ വകുപ്പും അഡ്വക്കേറ്റ് ജനറലും അഭിപ്രായപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പിന്നീട് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാനുളള അവകാശം നിലനിര്‍ത്തികൊണ്ട് കൊട്ടാരവും അനുബന്ധ ഭൂമിയും ആര്‍പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചത്.

ഹയര്‍ സെക്കന്‍ഡറി

തിരുവനന്തപുരം കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പത്ത് ശതമാനം സീറ്റുവര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ ഒഴിവുളള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്.

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശുപാര്‍ശ പ്രകാരം കുഴല്‍മന്ദം, കുളത്തൂപുഴ എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിക്കുന്നതാണ്. സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് വടക്കാഞ്ചേരി അട്ടപ്പാടി എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ അനുവദിക്കും.

പുതിയ ഐറ്റിഐകള്‍

കണ്ണൂര്‍ ധര്‍മ്മടത്ത് പുതിയ സര്‍ക്കാര്‍ ഐ.റ്റി.ഐ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇവിടെ മൂന്ന് ട്രേഡുകള്‍ ഉണ്ടാവും. ഇതിനുവേണ്ടി പത്ത് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരത്ത് വാമനപുരത്തും രണ്ട് ട്രേഡുകള്‍ വീതമുളള ഐ.റ്റി.ഐകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്കരണം

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ നോണ്‍ അക്കാദമിക്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

വ്യവസായ വകുപ്പിന് കീഴിലുളള സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്റ്റ്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചതിലുളള അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു. 2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് മൂലമുളള അധിക ബാധ്യത കമ്പനി വഹിക്കണം.