60 ആധുനിക അഗ്‌നിശമന വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

അപകടമേഖലകളില്‍ നൂതന സാങ്കേതികവിദ്യകള്‍ നല്ലതോതില്‍ ഉപയോഗിക്കാന്‍ അഗ്‌നിരക്ഷാസേന സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉയര്‍ന്ന സാങ്കേതികതകള്‍ സ്വായത്തമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്‌നിരക്ഷാ വകുപ്പിന്റെ 60 ആധുനിക അഗ്‌നിശമന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മാളുകളിലും പൂരപ്പറമ്പുകളിലുമൊക്കെ തീകെടുത്തുന്നതിന് ജലലഭ്യത പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ഈ ന്യൂനത പരിഹരിക്കുന്നതിന് 12,000 ലിറ്റര്‍ വെള്ളം വരെ വഹിക്കാന്‍ കഴിയുന്ന ‘വാട്ടര്‍ ബ്രൗസര്‍’ ഉടന്‍ സേനയ്ക്ക് ലഭ്യമാക്കും.

സേനകള്‍ പൂര്‍ണസജ്ജമാകാന്‍ കാലത്തിനനുസൃത മാറ്റങ്ങള്‍ വേണം. ഇതിന്റെ ഭാഗമായാണ് ചെറിയ ഫയര്‍ ടെണ്ടറുകളുള്‍പ്പെടെയുള്ളവ പുതുതായി ലഭ്യമാക്കിയത്. ഏതു ഇടവഴിയിലൂടെയും ഇതുപയോഗിച്ച് സഞ്ചരിക്കാം. രക്ഷാപ്രവര്‍ത്തനം മെച്ചപ്പെട്ട നിലയിലാക്കാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ജലസംബന്ധിയായ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റബര്‍ ഡിങ്കി, സ്‌കൂബ സെറ്റ് എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജലാശയങ്ങളിലെ അപകടമേഖലകളിലേയ്ക്ക് എത്താനും സ്വയരക്ഷ ഉറപ്പാക്കി തിരച്ചില്‍ നടത്താനും ഇത് ഉപകരിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെടുന്ന അഗ്നിരക്ഷാ സേനയോടുള്ള സര്‍ക്കാരിന്റെ കരുതലാണിത്.

രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വോളണ്ടിയര്‍മാരെ തയാറാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സേനാംഗങ്ങള്‍ എത്തുംമുമ്പു തന്നെ അപകടസ്ഥലത്ത് എന്തുചെയ്യണമെന്ന് അറിയാവുന്നവര്‍ ഉള്ളത് സേനയുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഗ്‌നിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതവും ഡയറക്ടര്‍(ടെക്‌നിക്കല്‍) ഇ.ബി. പ്രസാദ് കൃതജ്ഞതയും പറഞ്ഞു.

നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 35 മിനി വാട്ടര്‍ മിസ്റ്റ് ടെണ്ടറുകളുടെയും 25 മിനി വാട്ടര്‍ ടെണ്ടറുകളുടേയും ഫ്‌ളാഗ് ഓഫ് ആണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. അപകടസ്ഥലത്ത് ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വേഗം എത്തി കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനത്തിന് ഈ വാഹനങ്ങള്‍ സജ്ജമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.