ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം

വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം. നാട്ടിലെവിടെയും ന്യായവില ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, സഹകരണ, പൊതു വിതരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആഘോഷത്തിന്റെ കാലമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ദു:ഖകരമാണ്. മനുഷ്യര്‍ സ്വയം ദൈവമാണ് എന്നു പറഞ്ഞ് ജനങ്ങളുടെ സൈ്വര്യം കെടുത്തുന്നു. ആള്‍ദൈവത്തിന്റെ പേരില്‍ രാജ്യം കത്തുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ അവസ്ഥ അതല്ല. ഇവിടെ സൈ്വര്യവും സാമാധാനവുമുണ്ട്.
അതിനൊപ്പം വിലക്കുറവും കൂടിയായാല്‍ ഓണം കെങ്കേമമായി ആഘോഷിക്കാം. മാവേലിയെയല്ല വാമനനെയാണ് ആരാധിക്കേണ്ടത് എന്നൊക്കെ ചിലര്‍ പറഞ്ഞുനോക്കി. എന്നാല്‍ കേരളീയര്‍ക്ക് സമത്വത്തിന്റെ പ്രതീകമായ മാവേലിയോടാണ് കൂടുതല്‍ പ്രിയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിങ്ങം ഒന്നുമുതല്‍ അടുത്ത ചിങ്ങം ഒന്നുവരെ കേരവര്‍ഷമായി ആചരിക്കുന്നതിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

വിത്തു മുതല്‍ വിപണി വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടതിനാല്‍ വിഷരഹിത കാര്‍ഷികോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സാധിച്ചതായി അധ്യക്ഷ പ്രസംഗത്തില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് 1500 ഓണച്ചന്തകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 4571 ഓണച്ചന്തകള്‍ തുടങ്ങി. ഉത്രാട നാള്‍ വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. വിഷരഹിതപച്ചക്കറികള്‍ പത്തു ശതമാനം അധിക വിലയ്ക്ക് കര്‍ഷകരില്‍ നിന്നു നേരിട്ടുവാങ്ങി വിപണിവിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. 200 കൃഷി ഓഫീസുകളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 200 സ്ഥിര ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികോത്പാദന കമ്മീഷണര്‍ ടീക്കാറാം മീണ, ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ ടി.ജി. വിനയന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.