വരട്ടാര്‍

ഏറെ സന്തോഷത്തോടെയാണ് വരട്ടാറിന്‍റെ തീരത്തെ ഈ യോഗത്തില്‍ പങ്കെടുക്കുന്നത്. 20 വര്‍ഷത്തോളമായി ഒഴുകാതെ കിടന്ന ആദിപമ്പയേയും വരട്ടാറിനെയും പുനരുജ്ജീവിപ്പിച്ച് നാടിനു സമര്‍പ്പിക്കുന്നതിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ ഇന്നിവിടെ തുടക്കമാകുന്നത്. ഈ നദിയുടെ ജീവന്‍ വീണ്ടെടുക്കുന്നതിനായി അണിചേര്‍ന്ന ഏവരേയും ആദ്യംതന്നെ ഞാന്‍ അഭിനന്ദിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കുതിച്ചൊഴുകിയ ഒരു നദിയായിരുന്നല്ലോ ഇത്. മണിമലയാറിന്‍റെ തീരത്തേയും പമ്പയാറിന്‍റെ തീരത്തേയും സംയോജിപ്പിക്കുന്ന നദി എന്നായിരുന്നു ഇതിനെ പൊതുവെ വിശേഷിപ്പിച്ചിരുന്നത്. മണിമലയാറില്‍ ജലനിരപ്പുയരുമ്പോള്‍ വരട്ടാര്‍ തെക്കോട്ട് പമ്പയിലേക്ക് ഒഴുകും. പമ്പയില്‍ ജലനിരപ്പുയരുമ്പോള്‍ വടക്ക് മണിമലയാറിലേക്ക് ഒഴുകും. ഇത്ര സമൃദ്ധമായി ഒഴുകിയിരുന്ന വരട്ടാര്‍ എങ്ങിനെയാണ് വറ്റിവരണ്ടത്? വീണ്ടെടുക്കലിന്‍റെ ഈ അവസരത്തില്‍ തന്നെ അതൊന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

ആദ്യം നദീതടം മണ്ണടിഞ്ഞ് മൂടി. മണ്ണു നിറഞ്ഞ് പുല്ലുവളര്‍ന്ന് നദി പിന്നീട് ചതുപ്പുനിലമായി മാറി. അനിയന്ത്രിതമായ മണലൂറ്റും നദിയുടെ ഒഴുക്കിനു കുറുകെ ഉണ്ടായ ചപ്പാത്തുകളും പാലങ്ങളും ഒക്കെ ഇതിന്‍റെ ക്ഷയിപ്പിക്കലിന് ആക്കംകൂട്ടി. പിന്നീട് പതുക്കെപ്പതുക്കെ നദിതന്നെ ഇല്ലാതാവുകയായിരുന്നു. ആറډുളയിലെ പളളിയോടങ്ങള്‍ ചതുപ്പിലൂടെ വലിച്ചു കൊണ്ടുപോകേണ്ട ഗതികേടുണ്ടായിട്ടും ആര്‍ക്കും ഈ നദിയെ വീണ്ടെടുക്കാന്‍ തോന്നിയില്ല. എന്നാല്‍, ഈ നദി നാടിന്‍റെ ആവശ്യമാണെന്ന തിരിച്ചറിവില്‍നിന്നുമാണ് അസാധ്യമെന്ന് കരുതിയിരുന്ന വരട്ടാറിന്‍റെ വീണ്ടെടുക്കലിന് ശ്രമങ്ങള്‍ ആരംഭിച്ചത്. ഒരു ജനകീയ യജ്ഞമാക്കി ഇത് മാറ്റിത്തീര്‍ത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

രാഷട്രീയവും സാമുദായികവും സാമ്പത്തികവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുളള ജനപങ്കാളിത്തമാണ് 14 കിലോമീറ്റര്‍ നീളമുളള ആദിപമ്പയെയും വരട്ടാറിനെയും വീണ്ടെടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ മെയ് 29ന് മന്ത്രിസഭാംഗങ്ങള്‍ ഉല്‍പ്പെടെയുളളവര്‍ വരട്ടാര്‍ നദിയുടെ ഉത്ഭവസ്ഥാനമായ കോയിപ്രം ഗ്രാമപഞ്ചായത്തിലെ വഞ്ചിപ്പോട്ട് കടവില്‍ നിന്നും നടത്തിയ പുഴനടത്തം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. നിശ്ചയദാര്‍ഢ്യമുളള ഒരു തീരുമാനത്തിന്‍റെ ഭാഗമായിരുന്നു അത്. വരട്ടാറിന്‍റെ അന്നത്തെ അവസ്ഥ തിരിച്ചറിയാന്‍ ഇത് സാധിച്ചു. തുടര്‍ന്നു നടത്തിയ നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് വരട്ടാറിന്‍റെ ഇന്നത്തെ ജലസമൃദ്ധി. ഈ നദിയെ വീണ്ടെടുത്തതു വഴി മലിനജലം കിനിഞ്ഞിറങ്ങിയിരുന്ന നാട്ടിലെ കിണറുകളെ കൂടിയാണ് നിങ്ങള്‍ വീണ്ടെടുത്തിരിക്കുന്നത്. വേനല്‍ക്കാലത്തും ഇനി ഇവിടുത്തെ കിണറുകളില്‍ ആവശ്യത്തിന് ശുദ്ധജലമുണ്ടാകും. മാത്രമല്ല, ഇതിനോടനുബന്ധിച്ചുളള ചെറിയ തോടുകളും കുളങ്ങളുമൊക്കെ ജലസമൃദ്ധമാകുകയും ചെയ്യും. ചുരുക്കത്തില്‍ ഈ ജലാശയത്തെ വീണ്ടെടുത്തതു വഴി ഇവിടുത്തെ മത്സ്യസമ്പത്ത് കൂടിയാണ് നിങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്.

നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അതുകൊണ്ടാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ഈ നദിയുടെ തീരങ്ങളില്‍ നടപ്പാതകള്‍ ഒരുക്കണം. മരങ്ങള്‍ വച്ചുപിടിപ്പിക്കണം. അതുവഴി ശുദ്ധവായുവും ഹരിതാഭയും
ഉറപ്പാക്കാനാകും. അതു മാത്രമല്ല, ഈ പുഴയില്‍ പഴയതുപോലെ മണ്ണും മണലുമൊക്കെ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ആഴവും വീതിയും കൂട്ടുകയും വേണം. പുഴയ്ക്കു കുറുകെ പാലങ്ങള്‍ നിര്‍മിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നിവിടെ തുടക്കമാകുന്നത്. നാടുമുഴുവന്‍ ഒരേ മനസ്സോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്തു നടപ്പാക്കണമെന്നാണ് ഈ അവസരത്തില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുളളത്.

നമ്മുടെ നാട്ടിലെ പുഴകളെയും ജലസ്രോതസ്സുകളെയും കാര്‍ഷിക പാരമ്പര്യത്തെയും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിവരുന്ന ബൃഹത്തായ പദ്ധതിയാണ് ഹരിതകേരളം. ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകളുടെ നവീകരണവും ശുചീകരണവും നടത്തി നാട്ടില്‍ ജലസുരക്ഷ ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. അതിന്‍റെ ഭാഗമായാണ് വരട്ടാറിനേയും ആദിപമ്പയേയും നിങ്ങള്‍ വീണ്ടെടുത്തത്.

പ്രകൃതിയെ വീണ്ടെക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്താകെ ഹരിതകേരളാമിഷന്‍ ഇതിനകം 3855 പുതിയ കുളങ്ങള്‍ നിര്‍മിച്ചു. 13247 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. ഇതോടൊപ്പം 2647 കിലോമീറ്റര്‍ തോടുകളും 1481 കിലോമീറ്റര്‍ കനാലുകളും വൃത്തിയാക്കി. 3931 പൊതുകിണറുകള്‍ നിര്‍മിച്ചു. 15022 കിണറുകള്‍ വീണ്ടും ഉപയോഗയോഗ്യമാക്കി. ജലസംരക്ഷണത്തിനായുളള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അകമഴിഞ്ഞ പങ്കാളിത്തമുണ്ടായി എന്നത് പ്രശംസനീയമായ കാര്യമാണ്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ അതിന്‍റെ ഭാഗമായ മനുഷ്യനും നിലനിര്‍ക്കാനാകൂ എന്ന കാഴ്ചപ്പാട് ജനങ്ങളില്‍ രൂപപ്പെടുത്തുന്നതിനുളള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ബോധം സൃഷ്ടിക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ ഹരിതകേരള മിഷന് ചുരുങ്ങിയ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ തെളിവായാണ് ആദിപമ്പ-വരട്ടാര്‍ വീണ്ടെടുക്കല്‍പോലുളള നദീസംരക്ഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഈ നദിയുടെ കാര്യത്തില്‍ കാടുതെളിച്ച് മാലിന്യംനീക്കി ചെറിയ തോതില്‍ നീരൊഴുക്ക് പുനഃസ്ഥാപിക്കാനാണ് നിങ്ങള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍, അതുമാത്രം പോരാ ആറു തന്നെ ഒഴുകിവരട്ടെ എന്ന അര്‍ത്ഥത്തില്‍ ‘വരട്ടെ ആര്‍’ എന്ന് നാമകരണം ചെയ്ത് നദിയെ അതിന്‍റെ പഴയകാല പ്രതാപത്തോടെ തന്നെ വീണ്ടെടുക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങി. പലരും സ്വന്തം കൈയിലെ പണവും പ്രയത്നവും ഇതിനായി ചെലവഴിച്ചു. സര്‍ക്കാര്‍ ധനസഹായത്തേക്കാള്‍ വലപ്പെട്ടത് ജനങ്ങളുടെ പങ്കാളിത്തവും മേല്‍നോട്ടവുമാണ് എന്നാണിതു തെളിയിക്കുന്നത്.

വരട്ടാറില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന ഒരു പ്രവര്‍ത്തനമല്ല ഇതെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഈ പുഴയില്‍ വര്‍ഷം മുഴുവന്‍
നീരൊഴുക്കുണ്ടാകണം. ഇവിടെത്തെ ടൂറിസം സാധ്യതകള്‍ പരിശോധിക്കണം. നദിയിലെ ജലം ശുദ്ധമായി സൂക്ഷിക്കാന്‍ കഴിയണം. നദിയിലേക്കു മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ജാഗ്രത വേണം. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ മാത്രമേ ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവനത്തിന് പ്രായോഗികതലത്തില്‍ പൂര്‍ണമായ അര്‍ത്ഥമുണ്ടാകുകയുള്ളു. നദികളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് സ്വാഭാവികമായി നിന്നുകൊള്ളും എന്നു കരുതാനാവില്ല. അതിന് സമൂഹത്തിന്‍റെ സാംസ്കാരിക ബോധത്തില്‍ വലിയ മാറ്റമുണ്ടാകണം. ആ ബോധം തനിയെ വന്നുകൊള്ളും എന്നു കരുതാനും നിര്‍വാഹമില്ല. ബോധമുണ്ടാകുന്നതുവരെ കാത്തിരിക്കാം എന്നു കരുതാനും നിവൃത്തിയില്ല. ഈ സാഹചര്യത്തില്‍ നദി മലിനമാക്കുന്നതിനെ കര്‍ശനമായി തടയുന്ന വിധത്തിലുള്ള നിയമങ്ങള്‍ ഉണ്ടാക്കേണ്ടതായിവരും. ആ സാധ്യത ആരായുകതന്നെ ചെയ്യുമെന്നു കൂടി ഈയവസരത്തില്‍ അറിയിക്കട്ടെ.

കേരളത്തിലെ ജലസ്രോതസ്സുകളാകെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് നിങ്ങളുടെ ഈ പ്രവര്‍ത്തനം. കേരളത്തിലെ 44 നദികളും അതിന്‍റെ പ്രൗഢിയോടെ ഒഴുകുന്നു എന്നുറപ്പുവരുത്താന്‍ പോരുന്ന തരത്തില്‍ കേരളമാകെ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകണം. അതിനൊപ്പം നാട്ടിലെ കുളങ്ങളും കിണറുകളും ഒക്കെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും വേണം. അങ്ങനെയായാല്‍ വേനല്‍ക്കാലത്തെ ഓര്‍ത്ത് നമുക്ക് വേവലാതിപ്പെടേണ്ടി വരില്ല. ഇത്തരം ചിന്തകള്‍ ഹരിതകേരളത്തിന്‍റെ ഭാഗമായി സമൂഹത്തിന്‍റെ പൊതുബോധത്തില്‍ വളരട്ടെ എന്നാശംസിച്ചുകൊണ്ട് ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. വരട്ടാറിനെ വീണ്ടെടുക്കാന്‍ നിങ്ങള്‍ കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കുന്നു.

എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍.