ഓണാഘോഷം ഉദ്ഘാടനം 2017

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സമത്വബോധം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന സങ്കല്‍പമാണ് ഓണാഘോഷങ്ങള്‍ക്കു പിന്നിലുള്ളത്. പണ്ടെന്നോ, എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ജനങ്ങളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നത്. ജാതി, മത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരുമയോടെ ദേശീയോത്സവമായി ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ നമുക്ക് പണ്ടേ പ്രിയപ്പെട്ടവയാണ്. ഏതൊക്കെ വിഷമങ്ങള്‍ക്കു നടുവിലാണെങ്കില്‍ പോലും ആഘോഷങ്ങളോടുള്ള പ്രതിപത്തി നാം കഴിവതും വിടാതെ സൂക്ഷിക്കാറുണ്ട്. എല്ലാ വൈഷമ്യങ്ങളും പോയ്മറഞ്ഞ ശേഷംമാത്രം മതി ആഘോഷം എന്ന് മലയാളി കരുതാറില്ല. മറിച്ച് വൈഷമ്യങ്ങളെ മറക്കാനുള്ള അവസരമായി ആഘോഷത്തെ മാറ്റിയെടുക്കാറാണ് പതിവ്. എല്ലാ സങ്കടങ്ങളും അവസാനിച്ചിട്ട് മാത്രം ആഘോഷം എന്നു തീരുമാനിച്ചാല്‍ ഒരിക്കലും ഒരാള്‍ക്കും ഒരു ആഘോഷത്തിലും പങ്കുചേരാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ദുഃഖങ്ങളെ മാറ്റിവെച്ച്, അല്ലെങ്കില്‍ ദുഃഖങ്ങള്‍ക്ക് അവധികൊടുത്ത് ആഘോഷങ്ങളോട് ചേര്‍ന്നുനില്‍ക്കാനാണ് മലയാളി എന്നും ശ്രമിക്കുന്നത്.

മലയാളി സമൂഹത്തിന്‍റെ ഈ മനഃശാസ്ത്രം കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ അതിവിപുലമായ രീതിയില്‍ത്തന്നെ ഓരോ വര്‍ഷവും ഓണം ആഘോഷിക്കുന്നതും. ഖജനാവില്‍ പണം വന്ന് നിറഞ്ഞുകവിയുന്നതു കൊണ്ടല്ല ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പരിമിതികള്‍ ഏറെയുണ്ട്. പരിമിതികള്‍ എല്ലാം അവസാനിച്ചിട്ടു മതി ആഘോഷം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ആഘോഷങ്ങളേ ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ആശ്വസിക്കാനും ആഹ്ലാദിക്കാനും സന്ദര്‍ഭമുണ്ടാവില്ല. അങ്ങനെയൊരു അവസ്ഥ സൃഷ്ടിക്കുന്നത് ജനങ്ങളോടു കാട്ടുന്ന അനൗചിത്യമായിരിക്കും. ഇങ്ങനെ ചിന്തിക്കുന്നതു കൊണ്ടാണ് ഒട്ടേറെ പരിമിതികള്‍ സാമ്പത്തികരംഗത്തടക്കം ഉണ്ടായിട്ടും ഓണാഘോഷത്തിന് പൊലിമ കുറയരുത് എന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്.

ആ നിശ്ചയത്തിന്‍റെ ഭാഗമായുള്ള ഓണാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. പ്രകൃതിയും മനസ്സും തെളിഞ്ഞ ഒരു കാലത്തെയാണ് ഓണം ഓര്‍മിപ്പിക്കുന്നത്. നാം പുതിയ കാലത്താകട്ടെ പ്രകൃതിയെയും മനസ്സിനെയും കൂടുതല്‍ തെളിയിച്ചെടുക്കാനുള്ള ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മുമ്പോട്ടുപോവുകയാണ്. നദികള്‍ ഉള്‍പ്പെടെ പ്രകൃതിയെ ആകെ മാലിന്യമുക്തമാക്കി ശുദ്ധീകരിച്ചെടുക്കാന്‍ നോക്കുന്നു. പുതിയ അറിവുകള്‍ കൊണ്ട് മനസ്സുകളെ ആകെ ദീപ്തമാക്കാന്‍ നോക്കുന്നു. ഇങ്ങനെ ആലോചിക്കുമ്പോള്‍ ഓണസങ്കല്‍പവുമായി എത്രയേറെ ഇണങ്ങിനില്‍ക്കുന്നു നമ്മുടെ ഹരിതകേരളം, വിദ്യാഭ്യാസ നവീകരണ യജ്ഞം, ആര്‍ദ്രം, ലൈഫ് തുടങ്ങിയ ദൗത്യങ്ങള്‍ എന്നു കാണാം.

മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന ഒരു കാലം സ്വപ്നം കാണുന്നവരാണ് നമ്മള്‍. ആധിയും വ്യാധിയുമില്ലാത്ത കാലമെന്ന സങ്കല്‍പത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ആര്‍ദ്രം മിഷന്‍. ആമോദത്തോടെ വസിച്ചിരുന്ന കാലം എന്ന സങ്കല്‍പത്തില്‍ വേരുകളുള്ളതാണ് ലൈഫ് മിഷന്‍.

കേരളത്തെ കൂടുതല്‍ ജീവത യോഗ്യമായ ഇടമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി, ദൗത്യങ്ങള്‍ക്കായി നമുക്ക് നമ്മെത്തന്നെ ഈ ഓണക്കാലത്ത് പുനര്‍സമര്‍പ്പിക്കാം.

എല്ലാ മനുഷ്യരും എല്ലാ മനസ്സുകളും സന്തോഷത്തിലും സംതൃപ്തിയിലും സമഭാവനയിലും കഴിയുന്ന ഒരു കാലമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ നിങ്ങളുടെ അനുവാദത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു. നന്ദി.