ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഇക്കൊല്ലത്തെ ഓണം എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും ആഘോഷിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്തും മതേതരമായ ഒരു ജനകീയോല്‍സവമാണ് ഓണം. ജാതി-മത-പ്രദേശ ഭേദമില്ലാതെ എല്ലാരും ഒരുമിച്ചു ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണ് ഓണം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുമാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അദ്ധ്വാനത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമായ ഓണം നമ്മുടെ കാര്‍ഷികസംസ്കൃതിയേയും പ്രകൃതിയേയും വീണ്ടെടുക്കുന്നതിനുള്ള പ്രചോദനമാകണം.

മൂവായിരത്തി അഞ്ഞൂറോളം ഓണച്ചന്തകളുമായി സജീവവിപണിയിടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. പൊതുവിപണിയില്‍ വില വര്‍ദ്ധിക്കാതെയിരിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ സഹായിച്ചു. ജലവിതരണം, വൈദ്യുതിവിതരണം, യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ക്രമസമാധാനപാലനം എന്നിവയില്‍ മാതൃകപരമായി പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ആബാലവൃദ്ധം ജനങ്ങളും ആഘോഷിക്കുന്ന ഓണം കൂട്ടായ്മയുടെ ഉല്‍സവമാണ്. സമത്വത്തിന്റെ സന്ദേശം നല്‍കുന്ന ഓണം ഒരു ജനതയെന്ന നിലയ്ക്കുള്ള സാമൂഹികമുന്നേറ്റത്തിന് ഊര്‍ജം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.