ഗവ. ഐടിഐ പിണറായി

വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്തെ 85-ാമത് ഗവ. ഐടിഐയായ പിണറായി ഗവ. ഐടിഐ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

നിലവില്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 44 ഐടിഐകളും പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ 2 ഐടിഐകളും സ്വകാര്യ മേഖലയില്‍ 456 ഐടിഐകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഐടിഐകളില്‍ എല്ലാം കൂടി എഴുപത്തി അയ്യായിരത്തോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യമാണുള്ളത്.

പിണറായി ഐടിഐയില്‍ ഏറ്റവും ജോലി സാധ്യതയുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍ എന്നീ ദ്വിവത്സര ട്രേഡുകളുടെ 2 യൂണിറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്.
ഈ ട്രേഡുകളില്‍ ഈ അധ്യയന വര്‍ഷം 63 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കും. ഈ ദ്വിവത്സര ട്രേഡുകളില്‍ ഇപ്പോള്‍ പരിശീലനം നല്‍കുന്ന ട്രെയിനികള്‍ക്കു പുറമെ 63 ട്രെയിനികള്‍ക്കു കൂടി അടുത്ത വര്‍ഷം പരിശീലനം നല്‍കാന്‍ കഴിയും. പ്രവേശനത്തിനായി ഇതിനോടകം തന്നെ 400ല്‍ പരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ ഈ ഐടിഐ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പോകുന്നത് പിണറായി ഗ്രാമപഞ്ചായത്ത് സൗജന്യമായി ഏറ്റെടുത്തു നല്‍കിയ താല്‍ക്കാലിക സംവിധാനത്തിലാണ്. സ്വന്തം കെട്ടിടത്തിലേയ്ക്ക് ഐടിഐ ഇനി മാറും.

അതിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച പിണറായി ഗ്രാമപഞ്ചായത്ത് അധികൃതരെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ട്രെയിനികള്‍ക്ക് പരിശീലനം ലഭ്യമാക്കാന്‍ കഴിയും.

നൈപുണ്യ വികസനം നേടിയ ഒരു സമൂഹമാണ് ആധുനിക കാലത്ത് നാടിന്‍റെ വികസനത്തിന്‍റെ അടിസ്ഥാനശില. കേരളത്തില്‍ പൊതു വിദ്യാഭ്യാസ രംഗം ഇന്ന് പുതിയ ദിശയിലേക്ക് എത്തിയിരിക്കുകയാണല്ലോ. അതു മാത്രം പോര. നൈപുണ്യ വികസനവുമായി ഇതിനെ കണ്ണിചേര്‍ക്കണം. നൈപുണ്യ വികസനത്തിനും പൊതുവിദ്യാഭ്യാസ നിലവാരത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നൈപുണ്യ വികസന രംഗത്ത് ഐടിഐകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തൊഴില്‍ നൈപുണ്യം നേടിയ തൊഴില്‍ അന്വേഷകരെയാണ് ഇന്ന് ആഗോള തൊഴില്‍ വിപണിക്ക് ആവശ്യം.

നൈപുണ്യത്തിന്‍റെ തോത് പഠിക്കുന്ന സ്ഥാപനത്തെ കൂടി ആശ്രയിച്ചിരിക്കും എന്നതാണ് വസ്തുത. ഇതിനായി സര്‍ക്കാര്‍ ഐടിഐകളെ മികവിന്‍റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. അതിന്‍റെ ആദ്യ പടിയായി 10 ഐടിഐകളെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ (കിഫ്ബി) സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. കൂടാതെ തനത് ഫണ്ട് ഉപയോഗിച്ച് ചാക്ക, കോഴിക്കോട് എന്നീ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാഠ്യ,പാഠ്യേതര വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അവ
സിലബസില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്. പ്രാദേശികവും ദേശീയവുമായ തൊഴില്‍ വിപണിയുടെയുടെ ആവശ്യം കണ്ടറിഞ്ഞ് തൊഴില്‍ മേളകളും പഠനത്തിന്‍റെ ഭാഗമാക്കുന്നുണ്ട്. നടപ്പുവര്‍ഷം തന്നെ വിവിധ തൊഴില്‍ മേളകളിലൂടെ 3000ല്‍ പരം പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2017ലെ റിസള്‍ട്ടിനുശേഷം എല്ലാ ജില്ലകളിലും മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ച് ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ ഉറപ്പു വരുത്തുമെന്ന് നിങ്ങളെ അറിയിക്കട്ടെ.

ഇന്ന് വകുപ്പിലെ എല്ലാ ഐടിഐകളിലും പ്ലേസ്മെന്‍റ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐടിഐകളില്‍ പരിശീലനം പൂര്‍ത്തിയാക്കി
പുറത്തിറങ്ങുന്ന ട്രെയിനികള്‍ക്ക് പ്ലേസ്മെന്‍റ് ഉറപ്പാക്കുന്നതിന് പ്ലേസ്മെന്‍റ് സെല്ലുകള്‍ ശക്തിപ്പെടുത്തും. ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഐടിഐകളിലെ പ്ലേസ്മെന്‍റ് സെല്ലുകളിലെ അധ്യാപകര്‍ക്കായി പ്രത്യേക പരിശീലനവും ക്യാമ്പും സംഘടിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ ഐടിഐകളിലും എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ക്ലബുകള്‍ (ഇഡി ക്ലബ്) പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സ്വയം തൊഴില്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തരാക്കുന്ന ഈ പദ്ധതി ഏറെ ഉപകാരപ്രദമാകും.

വിദേശത്തുള്ള വിദഗ്ധരുമായി കൂട്ടുചേര്‍ന്ന് അവരുടെ ആവശ്യകതയ്ക്കനുസരിച്ച്, അവരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കാന്‍ ‘ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ററാക്ഷന്‍’ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. ഐടിഐ എന്നു പറയുന്നത് ഒരു പ്രദേശത്തിന്‍റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടായ ഒരു പ്രാഥമിക ഗവേഷണ കേന്ദ്രമാകണം.

അധ്യാപകര്‍ക്ക് ഗവേഷണത്തിനുള്ള മനസ്സ് ഉണ്ടാകണം. പുതിയ ഡിസൈന്‍ കണ്ടെത്തല്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കല്‍ എന്നിവയ്ക്കായി ദേശീയ തലത്തില്‍ ഡിസൈന്‍ മത്സരം നടത്തുന്നതിന് ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിലെ നല്ല ഡിസൈന്‍ വ്യാവസായിക ഉല്‍പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടാകണം.

ഐടിഐകളില്‍നിന്നും പരിശീലനം ലഭിക്കുന്നവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വരും വര്‍ഷങ്ങളില്‍ സൗകര്യപ്രദമായ ഐടിഐകളില്‍ പ്രൊഡക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്‍പ്പടെ ആവശ്യമായ ഉപകരണങ്ങളുടെ ഉല്‍പാദനം നടത്താനാവും. പരിശീലനാര്‍ത്ഥികളുടെ കഴിവ് വര്‍ധിക്കുന്നതോടൊപ്പം സേവനമേഖലയില്‍ കടന്നു ചെല്ലാനും ഇതിലൂടെ നമുക്കാവും.

പിണറായി ഐടിഐയുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.