ബാലസാഹിത്യ പുസ്തകപ്രകാശനം

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ 25 കൃതികളാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. കഥയും കവിതയും ജീവചരിത്രവും എന്നുവേണ്ട നിരവധി സാഹിത്യശാഖകളിലെ പുസ്തകങ്ങള്‍ ഇതിലുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവ പ്രകാശനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നറിയിക്കട്ടെ.

കുറഞ്ഞ വിലയ്ക്ക് കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. കേവലം പുസ്തകപ്രസാധനം മാത്രമായിരുന്നില്ല ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍മരംഗമായി ഇതു സ്ഥാപിച്ച ധീഷണാശാലികള്‍ കണ്ടിരുന്നത്. കുട്ടികളുടെ സര്‍വതോډുഖമായ സാംസ്കാരിക വികസനമായിരുന്നു അവര്‍ ലക്ഷ്യമായി കണ്ടത്. കുട്ടികളുടെ ബൗദ്ധികവും സാംസ്കാരികവും മാനസികവുമായ വികാസത്തിന് സഹായകമായ കര്‍മപരിപാടികള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപിത ലക്ഷ്യമായിരുന്നു. കേവലം പുസ്തക പ്രകാശനത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പോട്ടു കൊണ്ടുപോകണമെന്ന് ഓര്‍മിപ്പിക്കട്ടെ.

കുട്ടികളുടെ മനസ്സിന് സന്തോഷവും സമാധാനവും സംതൃപ്തിയും നല്‍കുന്ന രചനകള്‍ ഉണ്ടാവണം. അവരില്‍ സാംസ്കാരിക ഉന്നമനമുണ്ടാക്കുന്നതും ഭാഷാസ്വാധീനം വളര്‍ത്തുന്നതുമായ രചനകളാണ് ഉണ്ടാകേണ്ടത്. നമ്മുടെ വായ്മൊഴി പാരമ്പര്യത്തില്‍ അത്തരം കഥകളും കവിതകളും പാട്ടുകളും പഴഞ്ചൊല്ലുകളുമൊക്കെ ധാരാളമുണ്ട്. നാടോടി സാഹിത്യത്തിലാണ് ഏറെയും. ബാലസാഹിത്യത്തിന്‍റെ ഉല്‍പത്തി തന്നെ അതിലാണെന്നു പറയാം. തലമുറകളായി കൈമാറിവരികയും പിന്നീട് വരമൊഴിയായി പകര്‍ത്തപ്പെടുകയും ചെയ്ത അത്തരം പാട്ടുകളും കഥകളും ഒരുപാട് ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്നേഹിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതാണ്. പാരമ്പര്യത്തെപ്പറ്റി സംസ്കാരത്തെപ്പറ്റിയും കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്ന വിധത്തിലുള്ളവയാണ്.

കുഞ്ഞുങ്ങളുടെ ഭാവനയെ ഉയര്‍ത്തുകയും ഭാവനയില്‍ പലതും കാണാനുള്ള സങ്കല്‍പനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നവയാണ്. അത് കുട്ടികള്‍ക്ക് വലിയ ഒരു അനുഭവമാണ്. ആ അനുഭവം ഈ തലമുറയിലായി തങ്ങിനിന്നുപോവരുത്. അതൊക്കെ വരുംതലമുറകളിലേക്കെത്തിക്കാന്‍ കഴിയണം. അതിനാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ളവ സ്ഥാപിച്ചിട്ടുള്ളത്.

മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതി ഏതെന്ന് നമുക്ക് തീര്‍ച്ചയില്ല. എങ്കിലും വൈക്കം പാച്ചുമുത്തതിന്‍റെ ബാലഭൂഷണം, ബഞ്ചമിന്‍ ബെയ്ലി കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍നിന്ന് പരിഭാഷപ്പെടുത്തിയ കഥകള്‍ എന്നിവയൊക്കെയാണ് ആദ്യകാല ബാലസാഹിത്യ കൃതികളുടെ പട്ടികയില്‍പ്പെടുത്താവുന്നതായി ഈ രംഗത്തെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഡോ. കുഞ്ചുണ്ണിരാജ, കെ രാഘവന്‍പിള്ള, എരുമേലി പരമേശ്വരന്‍പിള്ള എന്നിവരൊക്കെ കുഞ്ചന്‍നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിനാണ് ആ സ്ഥാനം നല്‍കുന്നത്. ബാലസാഹിത്യമെന്നു വ്യവഹരിക്കുന്ന പലതും മതബോധം വളര്‍ത്തുന്നതിനുവേണ്ടി രചിക്കപ്പെട്ടവയാണെന്നത് കൗതുകകരമായ കാര്യമാണ്.

1866ല്‍ തിരുവിതാംകൂര്‍ പാഠപുസ്തക കമ്മിറ്റിയുടെ ഓണററി മെമ്പറായി കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ചുമതലയേറ്റതോടെ കുട്ടികള്‍ക്കായി അദ്ദേഹം അനേകം കവിതകളും കഥകളും രചിച്ചു. ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. അവ നമ്മുടെ ബാലസാഹിത്യത്തിനു വലിയ ഒരു അടിത്തറയൊരുക്കി. മാത്യു എം കുഴിവേലിയെപ്പോലുള്ളവരും ബാലസാഹിത്യ ചരിത്രത്തില്‍ കാര്യമായി ഇടപെട്ടു.

മലയാളത്തിലെ മികച്ച എഴുത്തുകാരെല്ലാം ബാലസാഹിത്യരചന നിര്‍വഹിച്ചിട്ടുണ്ട്. സംസ്കൃതാതി പ്രസരമുള്ള കാവ്യങ്ങള്‍ രചിച്ച ഉള്ളൂരും ആശയഗാംഭീര്യമുള്ള കൃതികളെഴുതിയ ആശാനും മലയാളത്തെക്കുറിച്ച് ഊറ്റംകൊണ്ട വള്ളത്തോളം എന്നുവേണ്ട, ജിയും പിയും വയലാറും ഒ എന്‍ വിയും സുഗതകുമാരിയും ഒക്കെ കുട്ടികള്‍ക്കായി മധുരതരമായ കാവ്യങ്ങള്‍ രചിച്ചു. ‘കാക്കേ കാക്കേ കൂടെവിടെ’, ‘ആനത്തലയോളം വെണ്ണതരാമെടാ’ എന്നൊക്കെ തുടങ്ങുന്നതടക്കമുള്ള എത്രയോ കവിതകള്‍ കുട്ടികള്‍ക്കായി അതിപ്രശസ്തരായ കവികള്‍ എഴുതി. അതൊക്കെ കേട്ടുവളര്‍ന്നവരാണ് ഇന്നത്തെ മുതിര്‍ന്നവര്‍. ആ പട്ടുകള്‍ അവരില്‍ അസ്തമിച്ചുകൂടാ. അതൊക്കെ അടുത്ത തലമുറയിലേക്കു പകര്‍ന്നുകൊടുക്കണം. ഇതൊക്കെ പ്രശസ്തമായ പാട്ടുകള്‍. ഇതല്ലാതെയും ഉണ്ട്, അത്ര പ്രചാരത്തിലുള്ളതല്ലാത്ത പാട്ടുകള്‍. അവയൊക്കെ ഒന്നൊഴിയാതെ ശേഖരിച്ച് അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈ എടുക്കണം.

പ്രസിദ്ധീകരിച്ചാല്‍ മാത്രം പോര. പാടാന്‍ കഴിവുള്ള കുട്ടികളെക്കൊണ്ട് പാടിച്ച് സിഡിയാക്കിയും മറ്റും എക്കാലത്തേക്കുമായി സംരക്ഷിക്കണം. ഇത് നമ്മുടെ സംസ്കാരത്തെ പരിരക്ഷിക്കുന്ന നടപടിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സാമ്പത്തികമായ വൈഷമ്യമുണ്ടാകുമെന്ന് കരുതേണ്ടതില്ല. ആ പേരുപറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതുമില്ല.

കേരളത്തിലെ മുതിര്‍ന്ന എഴുത്തുകാരെ ബാലസാഹിത്യ രചനയിലേര്‍പ്പെടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രേരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ മനസ്സ് കണ്ടറിഞ്ഞ് അവര്‍ക്ക് ഉതകുംവിധം സാഹിത്യകൃതികള്‍ എഴുതാന്‍ തയ്യാറായ എത്രയോ എഴുത്തുകാര്‍ ഇന്ന് നമുക്കുണ്ട്. അവരെക്കൊണ്ട് കൂടുതല്‍ എഴുതിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതലയുണ്ട് എന്ന് ഓര്‍മിപ്പിക്കട്ടെ. നമ്മുടെ ഇളം തലമുറയെക്കുറിച്ച് കരുതലുള്ള എഴുത്തുകാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രേരണകൂടി ഉണ്ടായാല്‍ ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കും എന്ന് കരുതാന്‍ ന്യായമില്ല.

ഇന്‍സ്റ്റിറ്റ്യൂട്ടിന് പരിമിതികള്‍ ഏറെയുണ്ടെന്ന് എനിക്കറിയാം. സ്വന്തമായി ഒരു കെട്ടിടം എന്നത് ഇന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു വിദൂരസ്വപ്നമാണ്. ഈ സര്‍ക്കാരിന്‍റെ ഭരണകാലത്തുതന്നെ അതിനു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പരിമിതികള്‍ക്കിടയിലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ക്കായി ഉന്നത നിലവാരത്തിലുള്ള മികച്ച പുസ്തകങ്ങള്‍ ഉണ്ടായാലത് കുട്ടികളുടെ ഭാവനയെയും വായിക്കാനുള്ള താല്‍പര്യത്തെയും വളര്‍ത്തുമെന്നത് തീര്‍ച്ചയാണ്. നാലുവയസ്സു മുതല്‍ 17 വയസ്സു വരെ പ്രായമായ കുട്ടികള്‍ക്കുവേണ്ടി അവരുടെ പ്രായത്തിന്‍റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി കളിപുസ്തകങ്ങളുടെ രൂപത്തില്‍ ചങ്ങാതിപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് കുരുന്നുപ്രായത്തില്‍ത്തന്നെ വായനയുടെ ലോകത്തേക്ക് കുട്ടികളെ ആനയിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

ലോക ക്ലാസിക്കുകളുടെ ലളിതമായ പുനരാഖ്യാനം, ലോക നാടോടിക്കഥകള്‍, വൈജ്ഞാനിക പുസ്തകങ്ങള്‍, ജീവചരിത്ര പരമ്പരകള്‍, ടാഗോര്‍ കഥകള്‍, മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസ പുസ്തകങ്ങളുടെ പുനരാഖ്യാനങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, മികച്ച വിവര്‍ത്തന പുസ്തകങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ സേവനമാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ കുട്ടികള്‍ക്കായി പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക പ്രസാധന സ്ഥാപനമെന്ന നിലയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള പ്രസക്തി ഏറെ ശ്രദ്ധേയമാണ്.

ഈ സര്‍ക്കാരിന്‍റെ അഭിമാനാര്‍ഹമായ നേട്ടങ്ങളില്‍ ഒന്നാണ് മലയാളം ഒന്നാംഭാഷയാക്കിയത്. ആ സന്തോഷം പങ്കുവെയ്ക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ജില്ലകളില്‍ അക്ഷരയാത്ര നടത്തിവരുന്നു എന്നതു നല്ല കാര്യമാണ്. സര്‍ക്കാര്‍ ഉത്തരവിറക്കി എന്നതുകൊണ്ടു മാത്രം കാര്യമില്ല. മലയാളത്തെ സ്നേഹിക്കുന്ന ഒരു മനസ്സ് നാട്ടിലുണ്ടാവണം. മലയാളം മോശം ഭാഷയാണെന്നും ഇംഗ്ലീഷ് ഭാഷയാണ് കേമമെന്നും ധരിക്കുന്നവര്‍ ഇപ്പോഴും ഈ നാട്ടിലുണ്ട്.

അധ്യയനഭാഷ ഏതാവണം എന്നതിനെ ചൊല്ലി തര്‍ക്കിക്കുന്നവര്‍ ഇപ്പോഴും ഈ നാട്ടിലുണ്ട്. നമുക്കുമാത്രമെ ഇത്തരം സംശയങ്ങളുള്ളു. റഷ്യക്കാര്‍ക്ക് റഷ്യന്‍ ഭാഷയിലാണ് പഠിക്കേണ്ടത് എന്നറിയാം. ചൈനക്കാര്‍ക്ക് ചൈനീസ് ഭാഷയിലാണ് പഠിക്കേണ്ടത് എന്നറിയാം. സ്പെയിന്‍കാര്‍ക്ക് സ്പാനിഷിലും ജപ്പാന്‍കാര്‍ക്ക് ജാപ്പനീസിലും ഫ്രാന്‍സുകാര്‍ക്ക് ഫ്രഞ്ചിലുമാണ് പഠിക്കേണ്ടത് എന്നറിയാം. നമുക്കുമാത്രം നിശ്ചയമില്ല. എന്നുമാത്രമല്ല മാതൃഭാഷയില്‍ പഠിച്ചാല്‍ മോശമാകുമെന്നതാണ് ധാരണ. ആദ്യം സ്വന്തം ഭാഷയെക്കുറിച്ച് അഭിമാനിക്കാന്‍ പഠിക്കണം. അതിന്‍റെ അഭാവത്തില്‍ ആത്മാഭിമാനമുണ്ടാകാത്ത അവസ്ഥ വരും.

ആത്മാഭിമാനമില്ലാത്ത ഒരു തലമുറയാവരുത് ഇവിടെയുണ്ടാവുന്നത്. അതുകൊണ്ടാണ് മലയാളം എന്ന മാതൃഭാഷ ഒഴിവാക്കപ്പെടുന്നത് അനുവദിക്കില്ല എന്നു സര്‍ക്കാര്‍ നിശ്ചയിച്ചത്. അതിന്‍റെ സന്ദേശം കുട്ടികളില്‍ എത്തിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിയണം.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഏതാണ്ട് ഒന്നേകാല്‍ കോടി രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് അക്ഷരയാത്രയിലൂടെയും പുസ്തകമേളകളിലൂടെയും മറ്റു വില്‍പന നടത്തിയത് എന്നത് കുട്ടികള്‍ക്കിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുസ്തകത്തിനുള്ള വര്‍ധിച്ച സ്വീകാര്യതയെയാണ് വ്യക്തമാക്കുന്നത്. ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികള്‍ രചിച്ചവരെയും ഈ കൃതികളില്‍ ചിത്രരചന നിര്‍വഹിച്ചവരെയും അഭിനന്ദിക്കട്ടെ.