മന്ത്രിസഭാ തീരുമാനങ്ങള്‍  27/09/2017

1. യു.എ.ഇ. കോണ്‍സുലേറ്റിന് 70 സെന്റ് സ്ഥലം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിന് ബാധകമായിരിക്കും.

2. ശമ്പള പരിഷ്കരണം

  • കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ ഇലക്റ്റ്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
  • മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.


3. 264 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

    • സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
    • തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ പതിമൂന്ന് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
    • കൂത്തുപറമ്പ് സര്‍ക്കാര്‍ ഐ.റ്റി.ഐയില്‍ ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂണിറ്റ് വീതം ആരംഭിക്കുന്നതിന് തീരുമാനിച്ചു. ഇതിനാവശ്യമായ നാല് തസ്തികകള്‍ സൃഷ്ടിക്കും.
    • ഹൈക്കോടതിയില്‍ പുതുതായി അനുവദിച്ച ജഡ്ജിമാരുടെ തസ്തികകള്‍ക്ക് ആനുപാതികമായി 48 ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

4. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ ഡയറക്ടര്‍ ഡോ. ഡി നാരായണയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

5. വിമാന ഇന്ധനത്തിന്റെ വാറ്റ് നിരക്ക് കുറയ്ക്കും
വിമാന ഇന്ധനത്തിന്‍റെ വാറ്റ് നികുതി അഞ്ച് ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് ഈ ഇളവ്. നിലവില്‍ 28.75 ശതമാനമാണ് വാറ്റ് നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുളള വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ശതമാനം നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ പ്രോത്സാഹനം എന്ന നിലയ്ക്കാണ് അഞ്ച് ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചത്.

6. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രവേശനം റഗുലറൈസ് ചെയ്യാന്‍ ഓര്‍ഡിനന്‍സ്
സ്വാശ്രയ മേഖലയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ (അഞ്ചരക്കണ്ടി) 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. പ്രവേശന നടപടികള്‍ ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ പ്രവേശനം അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി റദ്ദാക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം റഗുലറൈസ് ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഓര്‍ഡിനനന്‍സ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാന്‍ ഓരോ വിദ്യാര്‍ത്ഥിയും സര്‍വകലാശാല മുഖേന അപേക്ഷ നല്‍കേണ്ടതാണെന്നും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

7. അഴീക്കല്‍ തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. മലബാര്‍ മേഖലയുടെ വികസനത്തിന് ഉതകുന്ന ആഴക്കടല്‍ തുറമുഖമായി അഴീക്കല്‍ വികസിപ്പിക്കുന്നതിനാണ് കമ്പനി രൂപീകരിക്കുന്നത്.

8. ചെന്നൈ, ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കൊച്ചിവരെ ദീര്‍ഘിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ തീരുമാനിച്ചു.

9. വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന് എ.പി.ജെ. അബ്ദുള്‍ കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിന് പേരൂര്‍ക്കട വില്ലേജില്‍ 75 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

10. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ലീവ് ട്രാവല്‍ കണ്‍സഷന്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ ഹൈക്കോടതി ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചു.

11. വി.എസ്. സെന്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
സെപ്റ്റംബര്‍ 30ന് വിരമിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി (പ്ലാനിംഗ്) വി.എസ്. സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി (കോ-ഓഡിനേഷന്‍) ഒക്റ്റോബര്‍ ഒന്നുമുതല്‍ നിയമിക്കാന്‍ തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലായിരിക്കും നിയമനം.

12. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അര്‍ബന്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഇനീഷ്യേറ്റിവിന്റെ ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു.

13. ഒറ്റപ്പാലം സബ് കലക്റ്റര്‍ പി.ബി. നൂഹിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുളള ഡയറക്റ്റര്‍ വീണ എന്‍. മാധവനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയും അവര്‍ക്കായിരിക്കും.