കേരളത്തിലെ പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അത്യാവശ്യം

കേരളത്തിലെ പട്ടണങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പല പരിപാടികളും ആവിഷ്‌കരിച്ചെങ്കിലും പലതും പൂര്‍ണതയിലെത്തുന്നില്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ വിജയകരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കിയ കമ്പനികളെ കേരളത്തില്‍ ക്ഷണിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നവരെ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തത്‌സമയ അന്തരീക്ഷ വായു ഗുണനിലവാര സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് വിതരണവും മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവും ലോകം മുഴുവന്‍ ഗൗരവമായി ആലോചിക്കുന്ന വിഷയങ്ങളാണ്. മാലിന്യം കുന്നുകൂടുന്നതിന്റെ ഭാഗമായി പലതരം പുതിയ രോഗങ്ങളും ഉണ്ടാവുന്നു. മാലിന്യം എവിടെയെങ്കിലും വലിച്ചെറിയാനുള്ള മാനസികാവസ്ഥയിലാണ് ജനം. ഇത് നാം വച്ചുപുലര്‍ത്തുന്ന സംസ്‌കാരത്തിന് യോജിച്ചതല്ല. പരിസ്ഥിതി ബോധവത്കരണത്തില്‍ നാം ജാഗ്രത പാലിക്കണം.

കേരളത്തിലെ വിവിധ സ്രോതസുകളിലെ ജലവും മലിനമായിക്കൊണ്ടിരിക്കുന്നു. ഇവ മുഴുവന്‍ ശുദ്ധീകരിക്കാനാവണം. കുളങ്ങള്‍ മുതല്‍ കായലുകളില്‍ വരെയുള്ള വെള്ളം കൈയില്‍ കോരിയെടുത്ത് കുടിക്കാന്‍ കഴിയുന്ന വിധം ശുദ്ധമാകണം. ഇതിനുള്ള നീക്കം നടക്കുന്നു. നദിയുടെ ശുദ്ധീകരണത്തില്‍ ജനങ്ങള്‍ തന്നെ മുന്നോട്ടു വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയില്‍ വരട്ടാറും ആദി പമ്പയും ഇത്തരത്തില്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി വൃത്തിയാക്കുന്ന സാഹചര്യമുണ്ടായി. സര്‍ക്കാരിന്റെ ഫണ്ടിന് കാത്തുനില്‍ക്കാതെ ജനങ്ങള്‍ തന്നെ പണം കണ്ടെത്തിയാണ് ശുദ്ധീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നടപടിയുണ്ടാവുന്നു. ഭദ്രമായ പരിസ്ഥിതിയും ശുദ്ധമായ ജലവും നല്ല ഭക്ഷണവും ഉള്ള നാടായിരിക്കണം വരും തലമുറയ്ക്ക് നാം കൈമാറേണ്ടത്. വായുവും ജലവും മണ്ണും മലിനമാക്കുന്നതിനെതിരെ നിയമം നടപ്പാക്കേണ്ടിവരുന്നതും ജനങ്ങള്‍ക്ക് ബോധവത്കരണവും ഈ സാഹചര്യത്തില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തില്‍ മികവ് പുലര്‍ത്തിയ വിവിധ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ നല്‍കി. കോഴിക്കോടും കൊച്ചിയിലും എം. ജി റോഡിലും എറണാകുളത്ത് ഏലൂരുമാണ് പുതിയ വായു ഗുണനിലവാര സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2016ലെ ജല – വായു ഗുണനിലവാര ഡയറക്ടറി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി വാര്‍ത്താ പത്രിക മേയര്‍ വി. കെ. പ്രശാന്ത് പ്രകാശനം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ സംസാരിച്ചു.