മുഖ്യമന്ത്രി അനുശോചിച്ചു

പ്രശ്സ്ത സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി.ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

തന്‍റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു. ജെ.സി. ഡാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി. ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നു.