ഉത്തരവാദിത്ത ടൂറിസം മിഷന്‍

വിനോദ സഞ്ചാരം കേരളത്തിന്‍റെ വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകാന്‍ കഴിയുന്ന വ്യവസായമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളടൂറിസത്തെ റീബ്രാണ്ട് ചെയ്യുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി 2008ല്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് കുമരകം, കോവളം, തേക്കടി, വൈത്തിരി (വയനാട്) എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. അന്നുവരെ ടൂറിസം കൊണ്ട് പ്രദേശത്തുണ്ടായ ഗുണദോഷങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിക്കൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളിലായിരുന്നു തുടക്കം. ഹോട്ടല്‍ വ്യവസായത്തിനും വിനോദസഞ്ചാരികള്‍ക്കും ആവശ്യമായ സാധനസാമഗ്രികളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തിനും വിതരണത്തിനും വേണ്ടി തദ്ദേശവാസികളെ ഉള്‍പ്പെടുത്തി ഒരു
സംവിധാനമുണ്ടാക്കി.

ഇത് തദ്ദേശവാസികള്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ലഭിക്കാന്‍ ഏറെ സഹായകമായി. തദ്ദേശവാസികള്‍ ടൂറിസം മേഖലയില്‍ നിന്നും കാലങ്ങളായി മാറ്റിനിര്‍ത്തപ്പെട്ട നിലയിലായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ട് ടൂറിസം വളര്‍ത്താം എന്നത് മിഥ്യാധാരണയായിരുന്നു. അത് തിരുത്തിക്കൊണ്ട് ടൂറിസത്തിന്‍റെ ഗുണഫലങ്ങള്‍ തദ്ദേശവാസികള്‍ക്കു കൂടി ലഭ്യമാക്കാനുതകുന്ന വിധമുള്ള ഒരു നയം സര്‍ക്കാര്‍ തന്നെ അംഗീകരിച്ച് പ്രഖ്യാപിക്കുകയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ചെയ്തത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ശാസ്ത്രീയമായ ഒരു പ്രയോഗ മാതൃക ഈ രംഗത്ത് രൂപീകരിക്കാന്‍ കേരളത്തിനാണ് കഴിഞ്ഞത്. അതുകൊണ്ടാണ് സുസ്ഥിര ടൂറിസം വികസനത്തിന്‍റെ ലോകത്തെ എണ്ണപ്പെട്ട മാതൃകകളിലൊന്നായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയെ, ഐക്യരാഷ്ട്രസംഘടനയുടെ ടൂറിസം വിഭാഗമായ ഡചണഠഛ തന്നെ പ്രഖ്യാപിച്ചത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഇതിനോടകം തന്നെ ഒട്ടേറെ അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുമരകത്തിന് ഈ രംഗത്ത് ദേശീയ അവാര്‍ഡ് ഒരിക്കല്‍കൂടി ലഭിച്ചു കഴിഞ്ഞു. കുമരകത്തിനു പുറമെ തേക്കടിയും വയനാടും ഈ രംഗത്ത് അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.

പ്രവര്‍ത്തനം തുടങ്ങി ഒമ്പതുവര്‍ഷം പിന്നിടുമ്പോള്‍ ലോകത്തെ ഒട്ടേറെ പ്രമുഖമായ അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. മികവിനുള്ള അംഗീകാരം തന്നെയാണത്. എന്നാല്‍, അംഗീകാരം എന്നതിനപ്പുറം മറ്റൊരു കാര്യം കൂടി ഇതിലുണ്ട്. ഏഴു കേന്ദ്രങ്ങളിലായി 5800 സാധാരണ കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വരുമാനം നേടിക്കൊടുക്കാന്‍ ഈ പദ്ധതിമൂലം കഴിഞ്ഞു.

ഇങ്ങനെ പല തലങ്ങളില്‍ പദ്ധതി വിജയിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ മനസ്സിലാക്കുന്നത്.പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി മാറ്റി. കള്ളുചെത്ത്, നെയ്ത്ത്, ഓലമെടയല്‍, തഴപ്പായ നെയ്ത്ത്, മണ്‍പാത്ര നിര്‍മാണം, കൈത്തറി നെയ്ത്ത് എന്നിവയെല്ലാം ടൂറിസത്തിലൂടെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഇന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി തെളിയിച്ചു കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 7 കേന്ദ്രങ്ങളിലായി 2.90 കോടി രൂപയുടെ വരുമാനം ഈ പ്രവര്‍ത്തനത്തിലൂടെ സാധാരണ കുടുംബങ്ങള്‍ക്കു ലഭിച്ചത് ശ്രദ്ധേയമാണ്. കൈത്തറി തോര്‍ത്തുകളെ കേരള ബാത്ത് ടവല്‍സ് എന്നു റീബ്രാണ്ട് ചെയ്ത് നടത്തിയ പ്രവര്‍ത്തനം എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. ഇതുവഴി 16 ലക്ഷം രൂപയുടെ തോര്‍ത്തുകളാണ് ടൂറിസം വ്യവസായം ഏറ്റെടുത്തത്.

ഈ ഓണക്കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ മറ്റൊരു പരിപാടി വളരെ ശ്രദ്ധേയമായിരുന്നു.’നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന പേരില്‍ നടത്തിയ ഗ്രാമയാത്ര ഒരു പുതിയ സന്ദേശം നല്‍കി. ഈ യാത്രയും വില്ലേജ് ടൂറിസം പദ്ധതിയും നാട്ടിന്‍പുറത്തെ വീടുകളില്‍ ടൂറിസ്റ്റുകളെ എത്തിക്കാനും അതുവഴി നാട്ടുകാര്‍ക്ക് വരുമാനം എത്തിക്കാനും കഴിയുന്ന ഒന്നായി പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ഇത് ടൂറിസം മേഖലയിലെ ഒരു പുതിയ അനുഭവമാണ്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ഏതാനും കേന്ദ്രങ്ങളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ നടന്നുവന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇനി കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ മോഡലില്‍ പ്രവര്‍ത്തിക്കും.

സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികം എന്നീ മൂന്ന് ഉത്തരവാദിത്ത ടൂറിസം മേഖലകളിലും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കുക. ഇതിന് സര്‍ക്കാരിന്‍റെ കൃത്യമായ മേല്‍നോട്ടവും വിലയിരുത്തലും ഉണ്ടാകും.കേരളത്തിലെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ചു നടക്കാനോ മേളകളില്‍ പ്രദര്‍ശിപ്പിക്കാനോ മാത്രമുള്ള ഒരു പരിപാടിയല്ല, മറിച്ച് സര്‍ക്കാരിന്‍റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമാണ്. ഏതു ടൂറിസം പ്രവര്‍ത്തനത്തിലും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാകും ടൂറിസം വകുപ്പ് ഇനി പ്രവര്‍ത്തിക്കുക. ഇതിന്‍റെ തുടക്കമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇപ്പോള്‍ നടപ്പാക്കിത്തുടങ്ങുന്ന പെപ്പര്‍ എന്ന പദ്ധതി.

‘പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പ്ലാനിങ് ആന്‍റ് എംപവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം’ എന്ന ഈ പദ്ധതി ഇന്ത്യയിലെന്നല്ല, ലോകത്തില്‍ത്തന്നെ ഒരുപക്ഷെ ആദ്യമാകും. ആസൂത്രണ പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ടൂറിസം. അതിന്‍റെ വികസനത്തെക്കുറിച്ചു മാത്രം ചര്‍ച്ചചെയ്യാന്‍ പ്രാദേശിക ഗ്രാമസഭകള്‍ ചേരുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി, പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച് ലോകോത്തര ടൂറിസം ഡെസ്റ്റിനേഷനുകളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ‘പെപ്പര്‍’ പദ്ധതി ആദ്യം നടപ്പാക്കുക വൈക്കത്താണ്.

ഇതൊരു മാറ്റത്തിന്‍റെ തുടക്കമാണ്. കേരളത്തിലെ ടൂറിസം വികസനത്തില്‍ ഇനി നാട്ടുകാര്‍ നോക്കുകുത്തികള്‍ ആവില്ല. ഈ സര്‍ക്കാര്‍ ജനപങ്കാളിത്ത ടൂറിസം വികസനമാണ് ലക്ഷ്യംവെയ്ക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘പെപ്പര്‍’ ഒരു മാതൃകയാണ്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരള ടൂറിസം എങ്ങനെ മാറണം എന്ന മാതൃക. ജനപങ്കാളിത്ത ടൂറിസം വികസനത്തിന് മൂര്‍ത്ത രൂപം നല്‍കുവാന്‍ സര്‍ക്കാരിനെയും ടൂറിസം വകുപ്പിനെയും സഹായിക്കുക എന്നതാണു ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രധാന ജോലി.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ ഒന്നരലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുവാനാണ് ആഗ്രഹിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായുണ്ടായിരുന്ന എല്ലാ ജനകീയ കമ്മിറ്റികളും പുനരുജീവിപ്പിക്കും. ഡിഎല്‍ആര്‍ടിസികള്‍, പിഎല്‍ആര്‍ടിസികള്‍ തുടങ്ങിയ ഡെസ്റ്റിനേഷന്‍ തല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റികള്‍, പഞ്ചായത്ത്തല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റികള്‍ എന്നിവ അടിയന്തിരമായി രൂപീകരിക്കപ്പെടും. ആ കമ്മിറ്റികള്‍ പ്രാദേശിക തലങ്ങളിലെ ടൂറിസം വികസനം ചര്‍ച്ച ചെയ്യുന്നതിനുള്ള സംവിധാനങ്ങളായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഇനി മുതല്‍ ടൂറിസം മേഖലയിലെ പരിസ്ഥിതി സരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

വേമ്പനാട്ട് കായലിന്‍റെയും, അഷ്ടമുടിക്കായലിന്‍റെയും മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും ആരംഭിക്കുന്നതുമായ എല്ലാ ജലാശയങ്ങളുടെയും പാരിസ്ഥിതിക സംരക്ഷണച്ചുമതലയും ടൂറിസവുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജന സംസ്കരണ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ മേല്‍നോട്ടത്തിലാകണം നടക്കേണ്ടത്. ഇതിന് ഹരിതകേരള മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കഴിയണം.

പ്രാദേശിക, കുടുംബശ്രീ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിപണി ഉറപ്പാക്കല്‍, പരിസ്ഥിതി സൗഹൃദ ടൂറിസം വികസനം, ടൂറിസം മേഖലയിലെ മാലിന്യ സംസ്കരണം, എല്ലാ അക്കൊമഡേഷന്‍ യൂണിറ്റുകള്‍ക്കും ആര്‍ ടി ക്ലാസ്സിഫിക്കേഷന്‍ നടപ്പാക്കല്‍, സ്കൂള്‍, കോളേജ് തലങ്ങളില്‍ ആര്‍ ടി ക്ലബുകള്‍ രൂപീകരിച്ച് ഉത്തരവാദിത്തപൂര്‍ണമായ ടൂറിസം സംസ്കാരം വളര്‍ത്തിയെടുക്കല്‍, സാധാരണക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കല്‍, ടൂറിസം മേഖലയിലെ വിവിധ പഠനങ്ങള്‍, പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും ടൂറിസം മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കല്‍ എന്നിങ്ങനെ ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ വലിയ പങ്കാണ് നിര്‍വഹിക്കാനുള്ളത്.

ഇത് വിജയിപ്പിക്കാന്‍ സര്‍ക്കാരും പ്രദേശവാസികളും മാത്രം ശ്രമിച്ചാല്‍ പോരാ, കേരളത്തിലെ മുഴുവന്‍ ടൂറിസം വ്യവസായികളും സംരഭകരും കൂടി ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ജനകീയവും ആസ്വാദ്യകരവും വികസനോډുഖവുമായ കേരള ടൂറിസം സൃഷ്ടിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസത്തോടെ ഉത്തരവാദിത്ത ടൂറിസം മിഷനെ നാടിന് സമര്‍പ്പിക്കുന്നു. മിഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നതായി പ്രഖ്യാപിക്കുന്നു.