പാലാ സ്പോര്‍ട്സ് സ്കൂള്‍

സ്കൂള്‍തലത്തിലുള്ള സ്പോര്‍ട്സിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നമ്മുടെ സ്കൂളുകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. സ്പോര്‍ട്സ് സ്കൂളുകളും കായികമേഖലയ്ക്ക് കാര്യമായ പ്രോത്സാഹനം നല്‍കുന്ന മറ്റു സ്കൂളുകളുമാണ് നമ്മുടെ കായികവികസനത്തിന്‍റെ അടിത്തറ. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചത്.

സ്കൂള്‍തല കായികമേളകള്‍ ഇത്രയേറെ ആസൂത്രണത്തോടെ നടത്തുന്ന മറ്റൊരു സംസ്ഥാനവുമില്ല. ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം പുലര്‍ത്തുന്ന ആധിപത്യം ഇതിനു തെളിവാണ്. പതിനായിരക്കണക്കിനു കുട്ടികളാണ് ഒരു വര്‍ഷം വിവിധതലങ്ങളിലുള്ള സ്കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നു. ലോകത്തുതന്നെ സ്കൂള്‍തലത്തില്‍ ഇത്തരമൊരു കായികസംഘാടനം അപൂര്‍വമാണ്.

കേരളത്തിന്‍റെ കായികമുന്നേറ്റത്തില്‍ മധ്യതിരുവിതാംകൂറിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സവിശേഷമായ പങ്കുവഹിച്ചു. ഊര്‍ജസ്വലമായ ഒരു സ്കൂള്‍ കായികസംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ കോരുത്തോട് സ്കൂളും കെ പി തോമസ് മാഷും വഹിച്ച പങ്ക് എടുത്തുപറയണം. കായികപാരമ്പര്യത്തിന്‍റെ കാര്യത്തില്‍ കോട്ടയം ജില്ല മുന്നിലാണ്. അതില്‍ പാലായുടെ പങ്ക് വളരെ വലുതാണ്. കോരുത്തോട് സ്കൂളിന്‍റെ കടന്നുവരവിനുമുമ്പ് എണ്‍പതുകളില്‍ പാലാ വിദ്യഭ്യാസ ജില്ലയായിരുന്നു സ്കൂള്‍ കായികമേളയിലെ ശക്തമായ ടീം. പാലായിലെ അല്‍ഫോന്‍സ, സെന്‍റ് തോമസ് കോളേജുകള്‍ നിരവധി കായികതാരങ്ങള്‍ക്ക് ജډം നല്‍കിയിട്ടുണ്ട്.

മൂന്നാം തവണയാണ് സ്കൂള്‍ കായികമേളയ്ക്ക് പാല ആതിഥ്യം വഹിക്കുന്നത്. കഴിഞ്ഞതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ആധുനിക സൗകര്യങ്ങളോടെയാണ് മേള നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ചതിലൂടെ ഇവിടത്തെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും വര്‍ഷങ്ങള്‍നീണ്ട സ്വപ്നമാണ് യഥാര്‍ഥ്യമായത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മേളയുടെനടത്തിപ്പ്.

സ്കൂള്‍ കായികമേളകളില്‍ കാണിക്കുന്ന ആവേശം നിലനിര്‍ത്തുന്ന കാര്യത്തില്‍ നമുക്ക് വീഴ്ചകളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ചെറുപ്രായത്തില്‍ മികവു കാണിക്കുന്ന താരങ്ങളില്‍ ഭൂരിപക്ഷവും വിസ്മൃതിയിലാകുകയാണ്. പൊതുവെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്നാണ് നമ്മുടെ കായികതാരങ്ങള്‍ വരുന്നത്. വളരെ ഗൗരവപൂര്‍ണമായ
പിന്തുണയില്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാനും ലോകനിലവാരമുള്ള കായികതാരങ്ങളായി വളരാനും സാധിക്കില്ല.

കായികമേഖലയില്‍ നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഏറെ മുന്നോട്ടുപോകാനുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ഒപ്പം ആത്മാര്‍ത്ഥമായ പരിശ്രമവും കഠിനാധ്വാനവും അതിന് ആവശ്യമാണ്. കായികമേളകള്‍ ജനകീയമാകുകയെന്നതും പ്രധാനമാണ്. സ്കൂള്‍ കായികമേളകളിലേക്ക് കാണികളെ ആകര്‍ഷിക്കാന്‍ സാധിക്കണം. മേളകള്‍ ചടങ്ങ് മാത്രമാകാതിരിക്കാന്‍ ഇതു കൂടിയേ തീരൂ. കൂടുതല്‍ കുട്ടികളെ കളിക്കളങ്ങളിലത്തിക്കാനും മേളകള്‍ കൂടുതല്‍ സജീവമാക്കാനും ജനകീയ പങ്കാളിത്തം സഹായിക്കും.

കുട്ടികളെ ചെറുപ്രായത്തില്‍ കണ്ടെത്തി, 10-15 വര്‍ഷം ശാസ്ത്രീയ പരിശീലനം നല്‍കിയാല്‍ മാത്രമേ അന്താരാഷ്ട്ര തലത്തില്‍ മികവു കാണിക്കുന്ന കായികപ്രതിഭകളാക്കി മാറ്റാനാകൂ. അതുകൊണ്ടുതന്നെ സ്കുള്‍തലം മുതലുള്ള കായികവികസനത്തില്‍ സമൂല മാറ്റം കൊണ്ടുവരികയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മുഴുവന്‍ കുട്ടികളിലും കായികാഭിരുചി വളര്‍ത്തി അവരെ വിവിധ കായികഇനങ്ങളില്‍ പങ്കാളികളാക്കി അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കണം. അതിനായാണ് സ്കൂളുകളില്‍ ‘കളിയിലൂടെ ആരോഗ്യം’ എന്ന പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. ഭാവി തലമുറയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഈ പദ്ധതി മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. എല്ലാ സ്കൂളിലും യോഗ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും അവസരം ഒരുക്കും.

നമ്മുടെ സ്പോട്സ് സ്കൂളുകള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ട്. പരിശീലന സൗകര്യങ്ങളുടെ കാര്യത്തിലും ഭക്ഷണം അടക്കമുള്ള വിഷയങ്ങളിലും പോരായ്മകളുണ്ട്. മറ്റു സ്കൂളുകളിലും കളികള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത അവസ്ഥയുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഈ സര്‍ക്കാര്‍ സ്പോര്‍ട്സ് സ്കൂളുകളുടെ ഭരണച്ചുമതല വിദ്യാഭ്യാസ വകുപ്പിനു കീഴില്‍നിന്നു മാറ്റി കായികവകുപ്പിനു കീഴിലാക്കി. സ്പോര്‍ട്സ് സ്കൂളുകളുടെ കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ സാധിക്കും. സ്പോര്‍ട്സ് സ്കൂളുകള്‍ അക്കാദമിക് നിലവാരത്തില്‍ പിന്നിലാണെന്ന പരാതി ഏറെക്കാലമായുണ്ട്. ഈ സ്കൂളുകളില്‍ പഠനനിലവാരം ഉയര്‍ത്താന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പരീക്ഷകളും കായികമേളകളും ഒന്നിച്ചു വരുന്നത് കുട്ടികള്‍ക്ക് വലിയ ദോഷമാണ്. ഇതു പരിഹരിക്കാന്‍ മുന്‍കൂറായി തന്നെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പുറത്തിറക്കാനും ആലോചനയുണ്ട്. അങ്ങനെയായാല്‍ പരീക്ഷാദിവസങ്ങള്‍ ഒഴിവാക്കി കായികമത്സരങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും. സംസ്ഥാനത്തിന് പുറത്ത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴുള്ള യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ പരാതി പതിവാണ്. ഈ പരാതിക്ക് ശാശ്വത പരിഹാരം കാണും.

സ്കൂളുകളില്‍ കായികപരിശീലകരുടെ അഭാവം രൂക്ഷമാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം ഹയര്‍സെക്കന്‍ഡറിയില്‍ ആയിരം കായികാധ്യാപകരെ നിയമിച്ചു. കൂടുതല്‍ കായികാധ്യാപക നിയമനത്തിന്‍റെ സാധ്യത പരിശോധിക്കും. നല്ല പരിശീലകരെ സൃഷ്ടിക്കാനും സംവിധാനമുണ്ടാക്കും.

‘രമരേവ വേലാ ്യീൗിഴ’ എന്നൊരു ചൊല്ലുണ്ടല്ലൊ. കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന ആ തത്വത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കായികവികസന രീതിയാണ് നടപ്പാക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ഓരോരുത്തരെയും താല്‍പര്യമുള്ള കായിക ഇനത്തിലേക്ക് തിരിച്ചുവിടണം. അവര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങളും പരിശീലനവും ലഭ്യമാക്കണം. അതിലൂടെ മാത്രമേ കേരള കായികമേഖലയുടെ ശാശ്വതമായ പുരോഗതി സാധ്യമാകൂ. നമ്മള്‍ കായികമേഖലയുടെ വികസനത്തിന് വലിയ പണം ചെലവാക്കുന്നു. എന്നാല്‍, അതിനനുസൃതമായ ഒരു പുരോഗതി ഈ മേഖലയില്‍ ഉണ്ടാകുന്നില്ല. ഈ സ്ഥിതി മാറണം. മുടക്കുന്ന തുക കളിക്കും കളിക്കാര്‍ക്കും കൃത്യമായി പ്രയോജനപ്പെടണം.

കളിക്കും കായികതാരങ്ങള്‍ക്കുമാണ് ഈ സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന. കഴിവുള്ളവര്‍ക്കായിരിക്കണം അംഗീകാരം. ഇക്കാര്യത്തില്‍ ഒരുതലത്തിലും വീഴ്ച അനുവദിക്കില്ല. കഴിവുള്ളവരെ മാറ്റിനിര്‍ത്തി കഴിവ് കുറഞ്ഞവരെ ഏതെങ്കിലുമൊക്കെ സ്വാധീനത്തിനു വഴങ്ങി ഉയര്‍ത്തിവിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് കായികരംഗത്ത് കേരളത്തിനുള്ള യശസ്സിനെ തകര്‍ക്കാനുള്ള ശ്രമമായി തന്നെ ഗവണ്‍മെന്‍റ് കാണും. അതിനനുസൃതമായ നടപടിയും ഉണ്ടാകും.

കായികപുരോഗതിക്ക് ഏറ്റവും പ്രധാനമാണ് അടിസ്ഥാന സൗകര്യ വികസനം. നിലവിലെ മൈതാനങ്ങളും സ്റ്റേഡിയങ്ങളും മറ്റും നിലവാരമുള്ളതാക്കുകയും പരിശീലനത്തിനും മത്സരങ്ങള്‍ക്കും സദാ സജ്ജമാക്കുകയും ഒപ്പം പുതിയ മൈതാനങ്ങളും സ്റ്റേഡിയങ്ങളും സ്ഥാപിക്കുകയും വേണം. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്കൂള്‍ കായികമേളകളും മറ്റും നന്നായി നടത്താന്‍ ഈ സൗകര്യം ഉപയോഗപ്പെടും. 14 ജില്ലയിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ നടപടി തുടങ്ങി. ഏഴ് സ്റ്റേഡിയങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. സ്പോട്സ് എഞ്ചിനിയറിങ് വിഭാഗം രൂപീകരിച്ചതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം നടത്താനാകും.

ഫിഫ ലോകകപ്പിനായി കൊച്ചിയിലെ സ്റ്റേഡിയം ലോകനിലവാരത്തില്‍ നവീകരിക്കുകയും നാല് പരിശീലന മൈതാനങ്ങളും മികച്ച രീതിയില്‍ തയ്യാറാക്കുകയും ചെയ്തു. കാര്യക്ഷമമായ നടപടികളുടെ ഫലമായി, പരാതികളില്ലാതെ കൊച്ചിയിലെ മത്സരങ്ങള്‍ നടത്താന്‍ ഫിഫയ്ക്ക് സാധിച്ചു. ഇത് വലിയ നേട്ടമാണ്. സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും മികച്ച രീതിയില്‍ പരിരക്ഷിച്ചാല്‍ ഭാവിയില്‍ മത്സരങ്ങള്‍ നടത്താനും ഒപ്പം കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താനും വേണ്ട സൗകര്യം ലഭിക്കും.

2020, 2024 ഒളിമ്പിക്സുകളില്‍ മെഡല്‍ സാധ്യത വര്‍ധിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ ഒളിമ്പിയ’ എന്ന കര്‍മപദ്ധതി സ്പോട്സ് കൗണ്‍സിലിനു കീഴില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ സാധ്യതയുളളതെന്ന് തിരിച്ചറിഞ്ഞ കായിക ഇനങ്ങളിലാണ് പദ്ധതിപ്രകാരം പരിശീലനം നല്‍കുന്നത്. മികവുകാണിച്ചിട്ടുള്ള 250ഓളം കായികതാരങ്ങളെ പദ്ധതിക്കു കീഴില്‍ പരിശീലിപ്പിക്കും.

കായികക്ഷമതയും ആരോഗ്യവുമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കായികക്ഷമതാമിഷന് രൂപംനല്‍കും. നഴ്സറിതലം മുതല്‍ മുതിര്‍ന്ന പൗരډാര്‍ വരെയുള്ളവരുടെ ശാരീരിക-കായികക്ഷമത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ നടപ്പാക്കുക. സ്പോട്സ് മെഡിസിന്‍, സ്പോട്സ് ഇന്‍ഫര്‍മേഷന്‍ മേഖലകളില്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

കായികതാരങ്ങളെ സംരക്ഷിക്കാനും അവരുടെ നډയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. അത്ലറ്റ് പി യു ചിത്രയുടെയും ഫുട്ബോള്‍ താരം സി കെ വിനീതിന്‍റെയും കാര്യത്തില്‍ ഇത് തെളിഞ്ഞതാണ്. ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. മുടങ്ങിക്കിടന്ന അപേക്ഷകളില്‍ തീരുമാനമെടുത്ത് കുടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

പിഎസ്സി നിയമനത്തില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം വെയിറ്റേജ് നല്‍കാനുള്ള തീരുമാനം നടപ്പാക്കി. അപകടംപറ്റുന്ന താരങ്ങളുടെ ക്ഷേമത്തിന് കാര്യമായ പരിഗണന നല്‍കും. അടിയന്തര ചികിത്സാസഹായവും അവര്‍ക്ക് ജോലിയും പരിഗണിക്കും. കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് നടപ്പാക്കാനും ആലോചനയുണ്ട്.

സ്കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ കായികതാരങ്ങളുടെ ക്യാഷ് അവാര്‍ഡ് വിതരണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ക്യാഷ് അവാര്‍ഡ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിദ്യഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കായികരംഗത്തിന് സര്‍വതോډുഖമായ ഉല്‍ക്കര്‍ഷത്തിനും അതിലൂടെയുള്ള കേരളത്തിന്‍റെ യശസ്സിന്‍റെ ഉയര്‍ച്ചയ്ക്കും ഇതുപോലുള്ള മേളകള്‍ വഴിവെക്കട്ടെ എന്ന് ആശംസിക്കുന്നു. മേള ഉദ്ഘാടനം ചെയ്യുന്നു. നന്ദി.