മന്ത്രിസഭാ തീരുമാനങ്ങള്‍   25/10/2017

1. ബിപിസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി നല്‍കും

സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐറ്റിഐയുടെ കൈവശമുളള 8.85 ഹെക്റ്റര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്റ്റര്‍ മുപ്പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎല്ലിന്റെ അപേക്ഷ പരിഗണിച്ചത്.

2. ആറ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഭരണാനുമതി

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കി. മട്ടന്നൂര്‍ എയര്‍പോര്‍ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ (കാസര്‍കോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്.

3. വടകര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അമ്പത് പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കും.

4. മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കിവെച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

5. കിന്‍ഫ്രയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 29 കോണ്‍ട്രാക്റ്റ് ജീവനക്കാരെ നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

6. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

7. പേഴ്സണല്‍ സ്റ്റാഫായി വിരമിച്ചവരുടെ അനന്തരാവകാശികള്‍ക്കുളള കുടുംബ പെന്‍ഷന്‍ കെ.എസ്.ആര്‍ ചട്ടങ്ങള്‍ക്കനുസൃതമായി പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

8. വ്യവസായ പരിശീലനവകുപ്പില്‍ ഐറ്റി സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ആറ് തസ്തികകള്‍ സൃഷ്ടിക്കും.

9. കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച് 3000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

10. കേരള ബ്ലഡ് ബാങ്ക് സൊസൈറ്റിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 15.5 സെന്റ് ഭൂമി മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

11. കേരള ഫാമിങ് കോര്‍പറേഷന്‍ ഡയറക്റ്ററായിരുന്ന എല്‍. ഷിബുകുമാറിനെ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയുടെ എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു.

12. കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രൊഫ. യു. ജയകുമാരനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു.

13. ശ്വാസകോശം, കണ്ണ്, തലച്ചോറ് എന്നീ അവയവങ്ങള്‍ക്ക് ഫംഗസ് രോഗം ബാധിച്ച് എറണാകുളം അമൃതാ ആശുപത്രിയില്‍ കഴിയുന്ന എസ്. ഐശ്വര്യ എന്ന കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

14. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, ഇടയാര്‍ എന്നീ സ്ഥലങ്ങളില്‍ 2013ല്‍ ഉണ്ടായ കലാപത്തില്‍ നാശനഷ്ടം സംഭവിച്ച കുഞ്ചുവിളാകത്ത് വീട്ടില്‍ വിജയന് 4.05 അഞ്ചുലക്ഷം രൂപയും പളളിവിളാകം പുരയിടത്തില്‍ ഹൃദയദാസന്‍, ബേബിദാസന്‍, ന്യൂകോളനിയില്‍ സിസ്റ്റസ് എന്നിവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.