പെരുന്തേനരുവി ജലവൈദ്യുത പദ്ധതി

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കാരണങ്ങള്‍ പലതുണ്ട്. പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതിയാണിത് എന്നത് അതിലൊന്നാണ്. നമ്മുടെ വൈദ്യുതി ഉല്‍പാദനത്തെ അത്ര വലിയതോതിലൊന്നുമല്ലെങ്കിലും മുമ്പോട്ടുകൊണ്ടുപോകുന്നു ഈ പദ്ധതി എന്നതാണു മറ്റൊന്ന്. നാടിനെ അടിസ്ഥാനപരമായ വികസനത്തിലേക്കു നയിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാവണമെങ്കില്‍ വൈദ്യുതി കൂടിയേ തീരൂ. ആ ബോധത്തോടെയുള്ള കര്‍മപരിപാടികളുമായി നീങ്ങുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പെരുന്തേനരുവി പദ്ധതി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ്പു തന്നെയാണ്.

പമ്പാനദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ പദ്ധതി നിര്‍മിച്ചിട്ടുള്ളത്. പ്രകൃതിഭംഗിക്ക് പോറലേല്‍പിക്കാതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഈ നിലയത്തില്‍ നിന്നുള്ള വൈദ്യുതി റാന്നി 110 കെ വി സബ്സ്റ്റേഷന്‍ വഴിയും റാന്നി – പെരുനാട് 33 കെ വി സബ് സ്റ്റേഷന്‍ വഴിയും പ്രസരണം ചെയ്യും. ഏകദേശം 35,000 വീടുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയതിന്‍റെ അഭിമാനത്തിലാണ് ഇപ്പോള്‍ നമ്മുടെ സംസ്ഥാനം. ‘ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ നടപ്പാക്കുന്നു’ എന്ന നിലയിലേക്ക് നമ്മുടെ വൈദ്യുതി വകുപ്പിന്‍റെ പ്രവര്‍ത്തനം മാറിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി അമ്പത്തിയൊന്നായിരത്തി എഴുപത്തിയാറ് കുടുബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചാണ് വൈദ്യുതീകരണം സമ്പൂര്‍ണമായതായി നമ്മള്‍ പ്രഖ്യാപിച്ചത്.

കൊടുംവനത്തിലൂടെ 13.5 കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചാണ് കാനന പഞ്ചായത്തായ ഇടമലക്കുടിയില്‍ സര്‍ക്കാര്‍ വെളിച്ചമെത്തിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിനും ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് നാം കൈവരിച്ചത് ചരിത്ര നേട്ടമാണെന്ന് ബോധ്യപ്പെടുന്നത്. പുതിയ കണക്ഷനുകള്‍ നല്‍കുക മാത്രമല്ല ഇപ്പോള്‍ നാം ചെയ്യുന്നത്. പുതുതായി അപേക്ഷിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതീകരണം ഉറപ്പാക്കുക കൂടി സര്‍ക്കാര്‍ ചെയ്യുന്നു. സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയും ജീവനക്കാരുടെ അര്‍പ്പണമനോഭാവവുമാണ് ഇതിനു പിന്നില്‍ എന്നു പറയാതിരിക്കാനാകില്ല.

വൈദ്യുതിയുടെ ഉപയോഗം അനുദിനം വര്‍ധിക്കുകയാണ്. പുതിയ സ്ഥാപനങ്ങളും, വ്യവസായങ്ങളും, വീടുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൂടിയതോതില്‍ വൈദ്യുതി ആവശ്യപ്പെടുന്നു. വൈദ്യുതി വഴി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍റെ ഭാവി ഊര്‍ജ ആവശ്യങ്ങള്‍ക്കായി പുതിയ സ്രോതസ്സുകള്‍ കണ്ടെത്തി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിനുതകുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പെരുന്തേനരുവി പദ്ധതി തീര്‍ച്ചയായും ഇതിന്‍റെ ഭാഗം തന്നെയാണ്.

ജലവൈദ്യുത പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളതലത്തില്‍ത്തന്നെ മാറിവരികയാണ്. ജലത്തിന് പുനരുപയോഗ സാധ്യതയുണ്ട്, ഏറ്റവും കുറച്ചുമാത്രം കാര്‍ബണ്‍ പുറത്തുവിടുന്നു, പ്രകൃതിക്കിണങ്ങിയതാണ്, ചെലവു കുറഞ്ഞതാണ്. ഇതൊക്കെ ജലവൈദ്യുത പദ്ധതികളെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഒരു കാലത്ത് ജലവൈദ്യുത നിലയങ്ങളോട് ചിലര്‍ക്കുണ്ടായിരുന്ന കടുത്ത എതിര്‍പ്പ് കേരളത്തിന്‍റെ ഊര്‍ജ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.

അതിനെ പല മാര്‍ഗങ്ങളിലൂടെ മറികടക്കാനാണ് നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വൈദ്യുത മേഖലയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നു കൊണ്ടുവരികയാണ് എന്നു കാണാം. 30 ശതമാനം മാത്രമാണ് നമ്മുടെ ആഭ്യന്തര ഉല്‍പാദനം. ആഭ്യന്തര ഉല്‍പാദനശേഷി പരമാവധി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കത്തക്കവിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാകണം. മുടങ്ങിക്കിടക്കുന്നതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കണം.

ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രസരണമേഖല ശക്തിപ്പെടുത്താനും നടപടി ഉണ്ടാകണം. കേരളത്തിന്‍റെ തെക്ക്-വടക്ക് നീളുന്ന 400 കെ വി പവര്‍ ഹൈവേ വളരെ പ്രധാനപ്പെട്ടതാണ്. നിലവിലുള്ള ലൈനുകളുടെ ശേഷി വര്‍ധിപ്പിച്ച്, ഏതു സമയത്തും സുഗമമായി വൈദ്യുതി കടത്തിവിടാവുന്ന തരത്തില്‍ ഈ ഹൈവേ സജ്ജമാക്കണം. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ട്രാന്‍സ്ഗ്രിഡ് രണ്ടാം പദ്ധതി നിശ്ചയിച്ച സമയത്തിനുള്ളില്‍ തീരുമെന്നുറപ്പാക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

കെഎസ്ഇബിയുടെ സൗകര്യങ്ങളും സാങ്കേതികവിദ്യകളും ജനങ്ങള്‍ക്ക് എങ്ങനെയൊക്കെ ഗുണപരമായി ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തി അതിനനുസൃതമായ പദ്ധതികള്‍ വേണം വിഭാവനം ചെയ്യാന്‍. കെഎസ്ഇബിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഈ സര്‍ക്കാര്‍ തുടക്കമിടുകയാണ്. ടൂറിസം വികസനരംഗത്തും പ്രധാന പങ്കുവഹിക്കാന്‍ കെഎസ്ഇബിക്ക് കഴിയും.

ഡാമുകളോട് ചേര്‍ന്നുള്ള പ്രകൃതിഭംഗി ഉപയോഗപ്പെടുത്തി ഹൈഡല്‍ ടൂറിസം വ്യാപിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് എക്കാലത്തും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മികച്ച സംഭാവനകള്‍ നള്‍കിയിട്ടുണ്ട്. ഈ മന്ത്രിസഭ അധികാരത്തില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷം കേരളത്തിലുണ്ടായ ആകെ വൈദ്യുതി ഉല്‍പാദനം 85 മെഗാവാട്ടായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ചുമതലയേറ്റ് ഒരു വര്‍ഷം കൊണ്ടുതന്നെ 126 മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പാദിപ്പിച്ചത്. മുമ്പ് ഇഴഞ്ഞുനീങ്ങിയിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

ഒരു കോടി 22 ലക്ഷം ഉപഭോക്താക്കളാണ് കെഎസ്ഇബിക്കുള്ളത്. ഇവര്‍ക്ക് സുസ്ഥിരമായി കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുക
എന്നത് ഒരു വലിയ വെല്ലുവിളിയാണ്. അത് വളരെ അഭിമാനകരമായ നിലയില്‍ നടത്തിയെടുക്കാന്‍ കേരളത്തിലെ വൈദ്യുതി വകുപ്പിന്
സാധിക്കുന്നുണ്ട്. കനത്ത വേനലില്‍ പോലും ലോഡ്ഷെഡിങ്ങോ പവര്‍കട്ടോ കൂടാതെ ഇടതടവില്ലാതെ വൈദ്യുതി വിതരണം നടത്താന്‍ സര്‍ക്കാരിനു സാധിച്ചു.

വ്യവസ്ഥാപിതമായ രീതികളില്‍ നിന്ന് മാറിചിന്തിക്കുമ്പോഴാണ് പുരോഗമനപരമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകുന്നത്. ലോകത്താകെ പല രംഗങ്ങളിലും അനുകരണീയമായ അനേകം മാതൃകകള്‍ ഉണ്ട്. അതിലൊന്നാണ് ഫെല്‍ദാം ബയോ എനര്‍ജി വില്ലേജ്. ജര്‍മനിയില്‍ ബര്‍ലിനടുത്തുള്ള ഫെല്‍ദാം ഗ്രാമം സംയോജിത വൈദ്യുത പദ്ധതികള്‍ക്കൊരു മാതൃകയാണ്. 1995ല്‍ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ കാറ്റാടി ടവറുകള്‍ സ്ഥാപിച്ചു.

തുടര്‍ന്ന് സോളാര്‍ഫാമും ബയോഗ്യാസ് പ്ലാന്‍റും സ്ഥാപിച്ചു. ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ആ ഗ്രാമം ഊര്‍ജത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാ പ്തമായി. സ്വന്തം ഇലക്ട്രിസിറ്റി ഗ്രിഡും ഹീറ്റിങ് ഗ്രിഡും സ്ഥാപിച്ച് യൂറോപ്പിലെ ആദ്യ ബയോ എനര്‍ജി വില്ലേജായി ഫെല്‍ദാം ഗ്രാമം മാറി. ഇത്തരത്തിലുള്ള മാതൃകകള്‍ നമ്മുടെ നാടിന് അനുഗുണമായ നിലയില്‍ എങ്ങനെ നടപ്പിലാക്കാമെന്ന് ആലോചിക്കാവുന്നതാണ്.

ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍ സോളാര്‍, വിന്‍റ്, ഹൈബ്രിഡ് നിലയത്തിന്‍റെ സാധ്യത പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ചു വരികയാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു.ഒരു കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പദ്ധതികള്‍ ആവിഷ്ക്കരിച്ചാല്‍ മാത്രം പോര. ആവിഷ്ക്കരിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി ശ്രദ്ധിക്കണം. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതു മുതല്‍ പൂര്‍ത്തിയാകുന്നതു വരെ കൃത്യമായ ടൈംടേബിള്‍ ഉണ്ടാകണം. പെരുന്തേനരുവി പദ്ധതി വര്‍ഷങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. 2015 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇപ്പോള്‍ 2017 ആയി. നിര്‍വ്വഹണത്തിലുള്ള ഇത്തരം കാലതാമസങ്ങള്‍ ഒരു തരത്തിലും അനുവദിക്കാനാവില്ല. കാലതാമസമെന്നാല്‍ ചെലവു വര്‍ധിക്കലാണ്. നഷ്ടമുണ്ടാക്കലാണ്. അതിനെ ആ വഴിക്കുതന്നെ കാണും. രണ്ടാം ഘട്ടത്തിന്‍റെ കാര്യത്തില്‍ ടൈംടേബിള്‍ കൃത്യമായി പാലിക്കാനാകണം. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പെരുന്തേനരുവി പദ്ധതി നമുക്കൊരു മാതൃകയാണ്. പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരായ ഒരു പ്രതിരോധമായി വേണം ഇതിനെ കണക്കാക്കാന്‍. പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവന്ന വനഭൂമിക്ക് തുല്യമായ അളവില്‍ കോഴിക്കോട് ജില്ലയില്‍ ഭൂമി ഏറ്റെടുത്ത് വനം വകുപ്പിനു കൈമാറി. 49.49 കോടി രൂപയാണ് പദ്ധതിക്കാകെ ചെലവായത്. ആറു മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഒരു പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ രണ്ട് ജനറേറ്റര്‍ വഴി പ്രതിവര്‍ഷം 25.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള ആദ്യത്തെ 12 വര്‍ഷം യൂണിറ്റ് ഒന്നിന് മൂന്ന് രൂപ 17 പൈസയാണ് ഉല്‍പാദനച്ചെലവ്. തുടര്‍ന്ന് യൂണിറ്റിനുള്ള ചെലവ് 50 പൈസയില്‍ താഴെയായി മാറും.

പെരുന്തേനരുവിയില്‍ 450 കിലോ വാട്ടിന്‍റെ സൗരോര്‍ജ പദ്ധതിയും ഹൈഡല്‍ ടൂറിസവും പെരുന്തേനരുവിയുടെ രണ്ടാംഘട്ടവും കെഎസ്ഇബി വിഭാവനം ചെയ്യുന്നതായാണ് മനസ്സിലാക്കുന്നത്. ഇവിടുത്തെ പ്രാദേശിക വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും അതുവഴി ഈ മേഖലയുടെയാകെ സമഗ്ര പുരോഗതിക്കും ഇത് സഹായിക്കും. ഈ പദ്ധതിയ്ക്കു പിന്നില്‍
പ്രവര്‍ത്തിച്ച ഏവരേയും അഭിനന്ദിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വം ഈ പദ്ധതി നാടിന് സമര്‍പ്പിക്കുന്നു.