അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനം

സാമൂഹ്യ പ്രസക്തിയുള്ള ഒരു ചടങ്ങാണ് അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്നത്. കേരളത്തില്‍ സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ (സിവില്‍ ഡിഫന്‍സ് ഫോഴ്സ്) രൂപീകരണത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് വളരെ ഉചിതമാണ്. പലതരത്തിലുമുള്ള പ്രകൃതി ദുരന്തങ്ങള്‍ ലോകമാകെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ദുരന്തമുണ്ടായാല്‍ അത് ലഘൂകരിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന്ഗൗ രവതരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ദിനാചരണം.

പ്രകൃതിദത്ത പ്രതിഭാസങ്ങളാല്‍ ഉണ്ടാകുന്ന ജീവഹാനികളെയും നാശനഷ്ടങ്ങളെയും മനുഷ്യനിര്‍മിതമായ അപടകങ്ങളേയുമാണ് നമ്മള്‍ പൊതുവെ ദുരന്തങ്ങള്‍ എന്നു പറയാറുള്ളത്. ശുദ്ധജലക്കുറവ്, കാട്ടുതീ, മലയിടിച്ചില്‍, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, വെടിക്കെട്ട് അപകടം, മുങ്ങിമരണങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവയില്‍ ചില ദുരന്തങ്ങളെ മനസ്സുവെച്ചാല്‍ നമുക്ക് കുറെയൊക്കെ പ്രതിരോധിക്കാം.

ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ വലിയ ദുരന്തങ്ങളെ സമ്പൂര്‍ണമായി ഒഴിവാക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. എന്നാല്‍, മുന്‍കൂറായി കൈക്കൊള്ളുന്ന ചില നടപടികള്‍ കൊണ്ടും മറ്റും അത്തരം ദുരന്തങ്ങളുടെ ആഘാതം ഒട്ടൊക്കെ കുറച്ചുകൊണ്ടുവരാന്‍ പറ്റും. ഈ കുറച്ചുകൊണ്ടുവരല്‍ പ്രക്രിയ 2030ഓടെ പരമാവധി സാധ്യമാക്കണമെന്ന സന്ദേശമാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ ലഘൂകരണ വിഭാഗം ഈ ദിനാചരണത്തില്‍ ലോകത്തോട് പങ്കുവെയ്ക്കുന്നത്. പല ലോകരാജ്യങ്ങളും ഈ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ പ്രാദേശിക സന്നദ്ധ സേനകളെ സജ്ജമാക്കിവരികയാണ്.

വ്യക്തമായ അവബോധമുള്ള പ്രാദേശിക സന്നദ്ധ സേനകളുണ്ടെങ്കില്‍ ഏതു വലിയ ദുരന്തത്തിന്‍റെയും ആഘാതകാഠിന്യം കുറയ്ക്കാന്‍ കഴിയുന്ന സമൂഹമായി നമുക്കും മാറാന്‍ സാധിക്കും. ഓക്സ്ഫാം എന്ന ആഗോള സന്നദ്ധ സംഘടനയുടെ പഠനം അനുസരിച്ച് ക്യൂബയാണ് ഇക്കാര്യത്തില്‍ ലോകത്തിനൊരു മാതൃകായായുള്ളത്.

ഭൂമിശാസ്ത്രപരമായി അമേരിക്കയെ ബാധിക്കാവുന്ന ഒട്ടുമിക്ക ചുഴലിക്കാറ്റുകളും ക്യൂബയ്ക്കു മുകളിലൂടെയാണ് നീങ്ങുന്നത്. എന്നാല്‍, അമേരിക്കയെ അപേക്ഷിച്ച് തുച്ഛമായ നാശനഷ്ടങ്ങളേ ഏതു ചുഴലിക്കാറ്റുവന്നാലും ക്യൂബയില്‍ ഇപ്പോള്‍ ഉണ്ടാകാറുള്ളു. അതിനു കാരണം അനേക വര്‍ഷത്തെ അശ്രാന്തപരിശ്രമത്തിലൂടെ ആ രാജ്യം ദുരന്തങ്ങളെ നേരിടാന്‍ പ്രാദേശിക സന്നദ്ധസേനകളെ വാര്‍ത്തെടുത്തു എന്നതാണ്.

സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ദുരന്തം നടക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ മനുഷ്യരെയും മൃഗങ്ങളേയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളേയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അവിടത്തെ പതിവ്. ദുരന്തബാധിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങളില്‍ മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്താനും ഈ സേനയ്ക്ക് സാധിക്കുന്നു. ഇത്തരമൊരു പ്രതിരോധം അമേരിക്കയെപോലുള്ള വന്‍കിട രാജ്യങ്ങള്‍ക്കുപോലും ഇല്ല എന്നതാണ് വസ്തുത.

കൊടുങ്കാറ്റുപോലുള്ള പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ പല ലോകരാജ്യങ്ങളും ആഗോള ഇന്‍ഷുറന്‍സ് ഭീമന്‍മാര്‍ക്ക് മുതലെടുക്കാവുന്ന അവസരമാണ് സൃഷ്ടിച്ചു നല്‍കുന്നത്. എന്നാല്‍, ക്യൂബയെന്ന രാജ്യം അതിനു വിരുദ്ധമായി ദുരന്ത ലഘൂകരണം സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് 2016 നവംബറില്‍ ഡെല്‍ഹിയില്‍ നടന്ന ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ ദുരന്തങ്ങളില്‍ നിന്നുള്ള നാശനഷ്ടം കുറയ്ക്കാന്‍ പ്രാദേശിക തലത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ 2030നു മുമ്പ് രൂപപ്പെടുത്തണം എന്ന നിര്‍ദ്ദേശമുണ്ടായത്.

നമ്മുടെ നാട്ടിലെ സ്ഥിതി പരിശോധിച്ചാല്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ബാധിക്കുന്ന അത്രയും തീവ്രതയുള്ള പ്രകൃതി ദുരന്തങ്ങള്‍ അടുത്തകാലത്തൊന്നും ഇവിടെ സംഭവിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് ദശാബ്ദമായി നമ്മുടെ സംസ്ഥാനത്ത് വരള്‍ച്ച, ശുദ്ധജല ലഭ്യതകുറവ്, കാട്ടുതീ തുടങ്ങിയ ദുരന്തങ്ങളുടെ തീവ്രത വര്‍ധിച്ചുവരികയാണ്. കാലവര്‍ഷം ആരംഭിക്കാന്‍ വൈകുന്നു, മഴയുടെ അളവ് കുറയുന്നു. മഴ കൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും പ്രദേശങ്ങളിലും പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നു. ഈ പ്രയാസങ്ങള്‍ തീവ്രമാകുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനം, ഭൗമാന്തര്‍ഭാഗത്തെ പ്രതിഭാസങ്ങള്‍ എന്നിവയൊക്കെയാവാം. പക്ഷേ, ഇതിന്‍റെ അടിസ്ഥാനപരമായ വിഷയം പ്രകൃതിയെ സംരക്ഷിക്കാന്‍ നാം തയ്യാറാവുന്നില്ല എന്നതാണ്.

നാട്ടിലെ ഭൂമിയുടെ വിനിയോഗം ഏതുതരത്തിലാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയുടെ അവസ്ഥപരിശോധിച്ച ശേഷമല്ല, നമ്മുടെ സൗകര്യത്തിനനുസരിച്ചാണ് ഭൂമിയെ നമ്മള്‍ ഉപയോഗപ്പെടുത്തുന്നത്. ആ നിലയിലാണ് നമ്മുടെ ചിന്തകള്‍ പോലും ക്രമപ്പെട്ടിരിക്കുന്നത്. ആ രീതിയ്ക്ക് മാറ്റം വരണം. സുസ്ഥിരവും പ്രകൃതിക്ക് അനുയോജ്യവുമായ വികസന സാധ്യതകള്‍
ഉപയോഗപ്പെടുത്തണം. എന്നുവെച്ച് വികസനത്തിനുവേണ്ടിയുള്ള നിര്‍മാണങ്ങള്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ നമുക്ക് കഴിയുകയുമില്ല. ഒരു സമതുലിത സമീപനം വേണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വികസന-നിര്‍മാണ ചട്ടക്കൂട് രൂപീകരിക്കാന്‍ അതിനു അനുമതി നല്‍കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഒപ്പം പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുവാന്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളും അവലംബിക്കുകയും വേണം.

ഒരു കാര്യം ഈ അവസരത്തില്‍ ഓര്‍മിപ്പിക്കാനുള്ളത്, വന്‍ അപകടങ്ങളും പ്രകൃതി ദുരന്തങ്ങളുമല്ല, റോഡ് അപകടങ്ങളും മുങ്ങിമരണവുമാണ് കേരളത്തിലെ ദുരന്ത മരണങ്ങളിലെ പ്രധാന വില്ലനാവുന്നത് എന്നതാണ്. മുങ്ങിമരിക്കാന്‍ പോകുന്നവന്‍റെ കൂടെ എടുത്തുചാടുകയല്ല, കരയില്‍ നിന്ന് രക്ഷിക്കുകയാണ് വേണ്ടത് എന്നാണ് മുങ്ങിമരണം സംബന്ധിച്ച വിഷയത്തിലെ ആഗോള മുദ്രാവാക്യം. ‘Throw, Don’t Jump’ എന്നാണ് അതിനെ പറയുക. കയറോ, കമ്പോ, തുണിയോ എറിഞ്ഞുകൊടുക്കുക. അതില്‍ പിടിച്ച് കയറ്റുക. മുങ്ങിമരണത്തില്‍ നിന്നും ഒരാളെ രക്ഷിക്കാന്‍ അതാണ് ശരിയായ രീതി. അതല്ലെങ്കില്‍ ഒരു മരണത്തിന്‍റെ സ്ഥാനത്ത് രണ്ടോ അതിലധികമോ മരണമുണ്ടാവുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍, ജലാശയങ്ങള്‍ ധാരാളമായി ഉള്ള കേരളത്തില്‍ നീന്തലില്‍ വൈദഗ്ധ്യമുള്ളവര്‍ മുങ്ങിത്താഴുന്നവരെ ഏതാണ്ട് ശാസ്ത്രീയമായ രീതിയില്‍ത്തന്നെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ഇത്തരം രക്ഷപ്പെടുത്തലിനുള്ള വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുള്ളവര്‍ രക്ഷാശ്രമങ്ങളില്‍ അത് ഉപയോഗിക്കാതിരിക്കുന്നത് ശാസ്ത്രീയമാണോ എന്ന കാര്യം വേറെ ചിന്തിക്കണം. ഇക്കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള വിജയകരമായ രക്ഷാശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നുണ്ട്.

ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സാധ്യതകളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു നിഗമനത്തിലേക്ക് യുഎന്‍ ഉപസമിതി എത്തും എന്നു കരുതുന്നതില്‍ തെറ്റില്ല. നീന്തല്‍ അറിയാത്തവരെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും കരയില്‍നിന്ന് കയറെറിഞ്ഞും മറ്റുമുള്ള രക്ഷാശ്രമങ്ങള്‍ മാത്രമേ കരണീയമായിട്ടുള്ളു. വെള്ളത്തില്‍ മുങ്ങിപ്പോകുന്നവര്‍ രക്ഷിക്കാന്‍ വരുന്നവരെക്കൂടി രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുക്കിക്കളയും എന്ന ഒരു ധാരണ ഇവിടെയും ഉണ്ട്. എന്നാല്‍, ശരീരത്ത് പിടിക്കാനനുവദിക്കാതെയും മുങ്ങുന്നവന്‍റെ മുടിയില്‍ മാത്രം പിടിച്ചും രക്ഷിക്കുന്ന വിദ്യ നാട്ടിന്‍പുറങ്ങളില്‍ പലര്‍ക്കും സ്വായത്തമാണ് എന്നതുകൊണ്ടാണ് ആ തരത്തിലുള്ള രക്ഷാശ്രമങ്ങളെ പാടേ ഉപേക്ഷിക്കുന്നത് ഉചിതമാണോ എന്ന കാര്യം യുഎന്‍ ഉപസമിതി പരിശോധിക്കുന്നത് നന്നായിരിക്കും എന്നു പറയുന്നത്. ഏതായാലും ജലസുരക്ഷയെപ്പറ്റിയുള്ള അടിസ്ഥാനപരമായ ബോധവും നീന്തല്‍ പരിശീലനവും അനിവാര്യമാണെന്നാണ് ചെറുതും വലുതുമായ മുങ്ങിമരണങ്ങളും ജലദുരന്തങ്ങളും നമ്മളെ ഓര്‍മപ്പെടുത്തുന്നത്.

മറ്റൊന്ന് റോഡ് അപകടമാണ്. അതിന് ഇരകളാകുന്നതില്‍ ഭൂരിപക്ഷവും യുവജനങ്ങളാണ്. മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കല്‍, അലക്ഷ്യമായ ഡ്രൈവിങ്, റോഡ് നിയമങ്ങളുടെ ലംഘനം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി നമുക്കു ചൂണ്ടിക്കാട്ടാന്‍ കഴിയും. നല്ല തിരക്കുള്ള റോഡുകളില്‍പോലും ചില യുവാക്കള്‍ ബൈക്കുകളില്‍ മത്സരഓട്ടം നടത്തുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താറുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിച്ചാല്‍ ഇത്തരത്തിലുള്ള റോഡ് അപകടങ്ങളുടെ തോതും നമുക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.

രാത്രിയില്‍ എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റ് കൊണ്ട് കണ്ണുകാണാതായി ദുരന്തങ്ങളില്‍ ചെന്നു പെടുന്ന എത്രയോ അനുഭവങ്ങളുണ്ട്. രാത്രി യാത്രകളില്‍ ലൈറ്റ് ഡിം ആക്കാതെ എതിര്‍ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ വേണം. വന്നുവന്ന്, ഇത്തരക്കാര്‍ ചെയ്യുന്നത് ട്രാഫിക് നിയമലംഘനമേ അല്ല എന്നു കരുതുന്ന അവസ്ഥയായിട്ടുണ്ട്. അത്ര സാധാരണമായിരിക്കുന്നു ഈ വിധത്തിലുള്ള ദുരന്തങ്ങള്‍.

റോഡുകളുടെ ഡിവൈഡറുകളില്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക എന്നത് ട്രാഫിക് വിഭാഗം ഉറപ്പുവരുത്തിയേ പറ്റു. ഡിവൈഡറുകളില്‍ വാഹനം ചെന്നുകയറി എത്രയോ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ അപകടങ്ങള്‍ക്കുശേഷവും അവിടങ്ങളില്‍ റിഫ്ളക്ടറുകള്‍ ഇല്ല എന്ന സത്യം ബാക്കിനില്‍ക്കുന്നു. ദുരന്തമുണ്ടായിട്ടുപോലും കണ്ണുതുറക്കുന്നില്ല എന്ന അവസ്ഥ അനുവദിക്കാനാവില്ല. ഡിവൈഡറുകളില്‍ റിഫ്ളക്ടറുകള്‍ വെച്ചേ പറ്റൂ. മനുഷ്യനിര്‍മിതവും പ്രകൃത്യാലുള്ളതുമായ ഇത്തരം അപകടങ്ങളുടെ ഗൗരവം മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി വേണം റോഡ് അതോറിറ്റി, സേഫ്റ്റി, അഗ്നിശമന സേന തുടങ്ങിയ സുരക്ഷാവിഭാഗങ്ങള്‍ മുന്നോട്ടുപോകേണ്ടത്.

വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് ആധുനിക പ്രതിരോധ പ്രതികരണ സംവിധാനങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. ഈ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇടിമിന്നല്‍, പേമാരി എന്നിവയുടെ പ്രവചനത്തിനുള്ള സാങ്കേതികവിദ്യ ദുരന്തനിവാരണ അതോറിറ്റിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. കേരളത്തിലെ 22 മനുഷ്യജന്യ ദുരന്ത സാധ്യതകളും 17 പ്രകൃതിജന്യ ദുരന്ത സാധ്യതകളും മുന്‍നിര്‍ത്തിയുള്ള ദുരന്ത ലഘൂകരണപദ്ധതി അംഗീകരിച്ചു. എല്ലാ ജില്ലകളിലും ഒരു സാങ്കേതിക വിദഗ്ദ്ധന്‍റെ സേവനവും ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ ഉപഗ്രാധിഷ്ഠിത വിവരസാങ്കേതികവിദ്യാ സേവനവും ഏര്‍പ്പെടുത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് സാമൂഹികാധിഷ്ഠിത ജനരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേരളം ഇപ്പോള്‍ സജ്ജമായിരിക്കുന്നത്.

ഇന്നിവിടെ തുടക്കമിടുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ സേവനം നാടിന്‍റെ നാനാദിക്കിലും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുരന്തങ്ങളെക്കുറിച്ചുള്ള സൂചന ലഭിക്കുമ്പോള്‍ത്തന്നെ അവയെ നേരിടാനും ദുരന്തശേഷമുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ സേനയുടെ സേവനം ഉപയോഗപ്പെടുത്താം. സേവന സന്നദ്ധരായ ജനങ്ങളെ അണിനിരത്തിയാണ് ഈ സേനയുടെ രൂപീകരണം സാധ്യമാക്കുന്നത്. എല്ലാ താലൂക്കുകളിലുമായി ഏകദേശം മൂവായിരം ഫസ്റ്റ് റസ്പോണ്‍ഡേഴ്സിനെ (First Responders) സംസ്ഥാനത്തുടനീളം അണിനിരത്തി സേനയുടെ പ്രവര്‍ത്തനത്തെ വ്യാപിപ്പിക്കും. ‘ആപതാമിത്ര’ എന്ന പേരിലുള്ള ഈ പദ്ധതി ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിസുരക്ഷാവകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 200 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുവാനുള്ള പദ്ധതിക്ക് ഇന്ന് തുടക്കമാവുകയാണ്.

ദുരന്തനിവാരണ രംഗത്തെ ഈ ചുവടുവെയ്പ്പ് കേരളത്തില്‍ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്നതിനുള്ള മുന്‍ കരുതലാണ്. ചുഴലിക്കാറ്റു മുതല്‍ ഭൂമികുലുക്കം വരെയുള്ള ഏതു വലിയ ദുരന്തങ്ങളേയും നേരിടാന്‍ പ്രാപ്തിയുള്ള സമൂഹമായി നമുക്കു മാറാന്‍ സാധിക്കണം. ചെറിയൊരു ശ്രദ്ധയില്ലായ്മകൊണ്ടുപോലും വലിയ ദുരന്തങ്ങളുണ്ടാവും. നെല്‍ വയലുകളും ജല സംഭരണികളും കുളങ്ങളും നീരുറവകളും സംരക്ഷിച്ചില്ലെങ്കില്‍ വരള്‍ച്ചയും ഉണ്ടാവും.

ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിച്ചില്ലെങ്കില്‍ കുടിവെള്ളവും നഷ്ടപ്പെടും. ഇതൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ് എന്ന് ചിന്തിക്കരുത്. സമൂഹത്തിന്‍റെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള പ്രകൃതി സംരക്ഷണ കൂട്ടായ്മയാണ് വേണ്ടത്. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഹരിത കേരളം എന്ന പദ്ധതി ഈ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം പദ്ധതികളില്‍ നിങ്ങളുടെ ഏവരുടെയും സജീവ പങ്കാളിത്തമുണ്ടാകണം. പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടി നടത്തുന്ന സന്നദ്ധപ്രവര്‍ത്തനമായി അതിനെ കണക്കാക്കണം.

വരള്‍ച്ച, കുടിവെള്ള ക്ഷാമം തുടങ്ങിയ ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹാരം കാണാന്‍ നമുക്ക് കഴിയണം. ഇവിടെ രൂപീകരിക്കപ്പെടുന്ന ദുരന്തനിവാരണ ലഘൂകരണ സേനയുടെ പ്രവര്‍ത്തനവും നമ്മുടെ സഹായത്തിനുണ്ടാവും. ഇത്തരം കാര്യങ്ങളുടെ മാതൃകാപരമായ തുടക്കമെന്ന നിലയില്‍ ഈ പദ്ധതി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.