ടെക്‌നോസിറ്റിക്ക് സ്ഥലംനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് നല്‍കും

ടെക്‌നോസിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള അധിക നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തറക്കല്ലിട്ട സര്‍ക്കാര്‍ മന്ദിരം 2019 ല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍നിന്ന് മാറി ചിന്തിച്ചാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയത്. അതുപ്രകാരമുള്ള സുപ്രധാന ചുവടുവെപ്പാണ് ടെക്‌നോസിറ്റി പദ്ധതി. രാജ്യത്തിനാകെ മുതല്‍ക്കൂട്ടാവുന്ന വിധം ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ടെക്‌നോസിറ്റി യാഥാര്‍ഥ്യമാകുന്നത്.

ക്വാണ്ടിറ്റേറ്റീവ് അനലിറ്റിക്‌സ്, സ്‌പേസ് ആപ്ലിക്കേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഇ മൊബിലിറ്റി, ഇന്റനെറ്റ് ഓഫ് തിങ്ങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വികസനമാണ് ടെക്‌നോസിറ്റിയെ ഇന്ത്യയിലെ മറ്റ് ഐ.ടി പാര്‍ക്കുകളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ഇതിനൊപ്പം ഐ.ടി മേഖലയിലെ പുത്തന്‍ പ്രവണതകള്‍ക്കും സാങ്കേതികവിദ്യാ പഠന, ഗവേഷണ മേഖലകള്‍ക്കും ഊന്നല്‍ നല്‍കി വികസിപ്പിക്കുന്ന നോളജ് സിറ്റി ഐ.ടി നയത്തില്‍ സ്വീകരിച്ചിട്ടുള്ള പുതിയ കാല്‍വെപ്പാണ്. സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക ജീവിതത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാന്നിധ്യം ശക്തമാക്കാന്‍ നോളേജ് സിറ്റി നിര്‍ണായക സാന്നിധ്യമാകും. ട്രിപ്പിള്‍ ഐ.ടി.എം.കെ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മേഖലയില്‍നിന്നുള്ള അക്കാദമിക പങ്കാളിത്തവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ടെക്‌നോപാര്‍ക്കിലൂടെ നിലവില്‍ ഒരുലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ടെക്‌നോസിറ്റി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം പേര്‍ക്കുകൂടി തൊഴില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

പ്രധാന സാമ്പത്തിക സമാഹരണ മേഖലയായി മാറിക്കൊണ്ടിരിക്കുന്ന മംഗലപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള ദേശീയപാതയ്ക്കിരുവശമുള്ള പ്രദേശം സംസ്ഥാനത്തിന്റെ ഐ.ടി. കോറിഡോറായി പ്രശസ്തി നേടുമെന്നതില്‍ സംശയമില്ല.

സാങ്കേതികവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജോലിയില്‍ പ്രവേശിക്കാനോ സംരംഭങ്ങള്‍ തുടങ്ങാനോ കഴിയുന്ന പുതിയ തലമുറയെ രൂപപ്പെടുത്തുന്നവിധത്തില്‍ വ്യവസായ-അക്കാദമിക ബന്ധം വളര്‍ത്തിയെടുക്കാന്‍ ടെക്‌നോസിറ്റിക്ക് കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.