ശിശു സൗഹൃദ സ്‌റ്റേഷനുകള്‍ പോലീസിലെ മാറ്റത്തിന്റെ ഭാഗം

ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ക്ക് തുടക്കമായി

പോലീസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ക്ക് തുടക്കമായതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഏതൊരു മുഖത്തിലാണോ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടത് ആ മുഖം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണിതെല്ലാം. പോലീസ് സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഉണ്ടാകുന്ന വികാരം മാറ്റാന്‍ ഇതിലൂടെ കഴിയും.

കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. അതിനാല്‍ ആശങ്കയില്ലാതെ സ്‌റ്റേഷനില്‍ വരാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യം ഉയര്‍ന്നുവരും. എല്ലാ പോലീസ് സ്‌റ്റേഷനിലും വനിതാ സാന്നിധ്യം ഇപ്പോള്‍ നല്ലതുപോലെയുണ്ട്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും ഘട്ടത്തില്‍ പോലീസില്‍ പരാതി സമര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായി സ്‌റ്റേഷനില്‍ എത്തിയാല്‍ മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാവും. ജനമൈത്രി പോലീസാണ് നമ്മള്‍ സംസ്ഥാനത്താകെ ഉദ്ദേശിക്കുന്നത്. ജനങ്ങളോട് മൃദുവായും സൗഹാര്‍ദ്ദപരമായും ഇടപെടുകയാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാത്ത പ്രവണതകള്‍ അവസാനിപ്പിക്കാന്‍ പോലീസ് തന്നെ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുരുന്നുകള്‍ ചുറ്റും കൂടിയതോടെ എല്ലാവര്‍ക്കും ഷേക് ഹാന്റ് നല്‍കിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രത്യേകമായി മരച്ചുവട്ടില്‍ ഒരുക്കിയ മണലില്‍ എഴുതുന്ന സ്ഥലത്ത് കുട്ടികളെ കൈപിടിച്ച് എഴുതിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പി ജയ്‌ദേവ് ജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ ആറു പോലീസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളാണിവ.