നീര്‍ത്തട സംരക്ഷണത്തോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം

പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസനത്തിന് നീര്‍ത്തട സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം. ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിന്റെ ജൈവസ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തിരികെപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീര്‍ത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലം ഒഴുകിയെത്തുന്ന മുഴുവന്‍ പ്രദേശത്തിന്റെയും അതിര്‍ത്തി, ഉദ്ഭവ സ്ഥാനം എന്നിവ ചേര്‍ന്നതാണ് നീര്‍ത്തടം. നമ്മുടെ നാട്ടില്‍ നീര്‍ത്തടമില്ലാത്ത ഒരു പ്രദേശവുമില്ല. പാടങ്ങള്‍, പറമ്പുകള്‍, കുന്നുകള്‍, പുഴകള്‍, ചതുപ്പുകള്‍ തുടങ്ങിയ വിവിധ പരിസ്ഥിതി വ്യൂഹങ്ങളുടെ കൂട്ടായ്മയാണ് ഓരോ നീര്‍ത്തടവും. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, ദുരന്ത നിവാരണം, പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അവലോകനം എന്നിവയില്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെടണം.

നിലവിലുള്ള ജലസ്രോതസ്സുകളുടെ ശുദ്ധീകരണം ഉറപ്പാക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. നാശോമുഖമായ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിന് ഹരിതകേരളമിഷന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ വന്‍തോതില്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ധാരാളം ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഹരിതകേരളം മിഷന്റെ പ്രസക്തിയാണ് ഈ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ജലസംരക്ഷണത്തിനും കൃഷിക്കും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് ഹരിതകേരള മിഷന്‍ നടത്തുന്നത്. ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ നാട്ടുകാരുടെ ഇടപെടലുകളും ആവേശകരമാണ്.

കൂടുതല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം നമുക്ക് ലഭിക്കുന്നില്ല. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ സാധിക്കണം. ഉപരിതല ജലനില വര്‍ധിപ്പിച്ചും ജലമലിനീകരണം തടഞ്ഞും പരിഹാരം കണ്ടെത്തണം. നേരത്തേ ഉണ്ടായിരുന്നതും നശിച്ചുപോയതുമായ ജലസ്രോതസ്സുകളും ജലസംഭരണികളും വീണ്ടെടുക്കുകയോ പുതുതായി സൃഷ്ടിക്കുകയോ ചെയ്യണം. മഴവെള്ളം സംരക്ഷിക്കുന്നതിന് നീക്കങ്ങളുണ്ടാവണം. മട്ടുപ്പാവില്‍ പെയ്യുന്ന വെള്ളം കിണറുകളില്‍ സംഭരിക്കാന്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ സംവിധാനമുണ്ടാവണം. വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ കോംപൗണ്ടില്‍ മൂന്നു ശതമാനം സ്ഥലം മഴവെള്ള സംഭരണികള്‍ക്കായി മാറ്റിയിടാന്‍ ചട്ടമുണ്ടാക്കും.

ജലമലിനീകരണം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്ത് തയ്യാറാക്കിയ നീര്‍ത്തട ഭൂപടങ്ങളുടെ സി.ഡി. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമയ്ക്കും നീര്‍ത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന പ്രബന്ധം കെ. മുരളീധരന്‍ എംഎല്‍എ യ്ക്കും നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.