ആഗോള ഡിജിറ്റല്‍ ഉച്ചകോടി ‘#ഫ്യൂച്ചര്‍’ മാര്‍ച്ചില്‍ കൊച്ചിയില്‍

ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ‘#ഫ്യൂച്ചര്‍’ 2018 മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിവര സാങ്കേതികരംഗത്ത് കേരളമെന്ന ബ്രാന്റ് വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര വിവരസാങ്കേതിക സമിതിയും ഐ.ടി വിദഗ്ധരും ചേര്‍ന്ന് ഉച്ചകോടി ഏകോപിപ്പിക്കും. വിവിധ ഐ.ടി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഐ.ടി കമ്പനികളിലെ മലയാളി പ്രതിഭകളെ പങ്കെടുപ്പിക്കും. ഒരു തവണ നടത്തി അവസാനിപ്പിക്കാതെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഇത്തരം ഉച്ചകോടികള്‍ നടത്താനുള്ള തുടര്‍പ്രക്രിയ സ്വീകരിക്കും.

ഐ.ടി വികാസത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ആതിഥ്യം, യാത്ര തുടങ്ങിയ മേഖലകളിലെ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിജ്ഞാന വ്യവസായ മേഖലയിലെ നൂതന പ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റങ്ങള്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഫ്യൂച്ചര്‍ ഉച്ചകോടി നടത്തുന്നത്.

ലോഗോ പ്രകാശന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഉന്നതാധികാര വിവരസാങ്കേതിക സമിതി ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍, സമിതിയംഗം വി.കെ. മാത്യൂസ്, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.