ഓഖി ദുരന്തബാധിതര്‍ക്കുള്ള സഹായധനം സമയബന്ധിതമായി നല്‍കും

ഓഖി ദുരന്തത്തില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്‌സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടന്ന മത്‌സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുടെയും ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെയും ലത്തീന്‍ സമുദായ പ്രതിനിധികളുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഗോവ തീരം വരെ തിരച്ചില്‍ നടത്താനാണ് ആലോചിക്കുന്നത്. 200 മത്‌സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ഇതുസബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമുമായി ബോട്ടുടമകള്‍ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. ഓഖി ദുരന്തത്തിനു ശേഷം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് മുഴുവന്‍ ബോട്ടുകളും രംഗത്തിറക്കുന്നതിന് പ്രതിബന്ധമെന്ന് ബോട്ടുടമ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. തിരച്ചിലുമായി സഹകരിക്കുന്നതിന് ബോട്ടുകളില്‍ തൊഴിലാളികളെ എത്തിക്കുന്നതിന് മത്‌സ്യത്തൊഴിലാളി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പ്രഖ്യാപിച്ച സഹായങ്ങള്‍ ഒരുമിച്ച് നല്‍കാനാണ് തീരുമാനം. 20 ലക്ഷം രൂപയുടെ സഹായത്തില്‍ അഞ്ച് ലക്ഷം രൂപ മത്‌സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നാണ് നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത മത്‌സ്യത്തൊഴിലാളികള്‍ക്കും ഈ തുക ലഭിക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത് വരെ കാത്തിരിക്കാതെ ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് പണം നല്‍കും. 2018-19 ല്‍ മുഴുവന്‍ മത്‌സ്യത്തൊഴിലാളികള്‍ക്കും വീടു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നല്‍കുന്നതിനൊപ്പം കേന്ദ്ര സഹായവും തേടും. പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടും. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 13436 മത്‌സ്യത്തൊഴിലാളികളും ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത 4148 മത്‌സ്യത്തൊഴിലാളികളും കേരളത്തിലുണ്ട്. ഇവര്‍ക്ക് വീടു വയ്ക്കുന്നതിന് തീരദേശ പരിപാലന നിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകബാങ്ക് സഹായത്തോടെയുള്ള ഫണ്ട് ലഭിക്കുന്ന ദേശീയ സൈക്ലോണ്‍ റിസക് മിറ്റിഗേഷന്‍ പദ്ധതിയില്‍ നിന്നും ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കേരളം ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിന് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാന്‍ നടപടി സ്വീകരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. മത്‌സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. കടലില്‍ തിരച്ചില്‍ നടത്തിയ സേനാവിഭാഗങ്ങള്‍ക്കുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ കടലാക്രമണമുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടി വരും. നാടിന്റെ അതിര്‍ത്തി സംരക്ഷിക്കലിന്റെ ഭാഗം കൂടിയാണിത്. ഓഖി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ആദായനികുതി ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടലില്‍ കാണാതായവരുടെ കണക്ക് സംബന്ധിച്ച് വ്യക്തത കൈവരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭ്യര്‍ത്ഥിച്ചു. ദുരന്ത സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.