ഓഖി ദുരന്തം: കേന്ദ്ര സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മത്‌സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. മത്‌സ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ ലഭ്യമാക്കുന്നതിനും 600 ചതുരശ്ര അടിയുള്ള മികച്ച ഭവനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.

പൂന്തുറ ഉള്‍പ്പെടെ ഓഖി ദുരന്തത്തിനിരയായ തീരമേഖലയില്‍ പ്രാഥമിക സന്ദര്‍ശനം നടത്തിയ ശേഷമാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൊല്ലം ജില്ലയിലെ തെന്‍മല, കുളത്തൂപ്പുഴ എന്നിവിടങ്ങളിലേക്ക് പോയി. കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ എറണാകുളത്തെത്തിയിട്ടുണ്ട്. ഇവര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് (ഡിസംബര്‍ 27) എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും. ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരവും നാളെ (ഡിസംബര്‍ 28) കൊല്ലവും സന്ദര്‍ശിക്കും. 29ന് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. റവന്യു അഡീ. ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ ഓര്‍ഡിനേഷന്‍) വി. എസ്. സെന്തില്‍, ജില്ലാ കളക്ടര്‍ കെ. വാസുകി, സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.