മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപതു വര്‍ഷങ്ങള്‍

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഏഴുപതിറ്റാണ്ട് തികയുകയാണ്. ആ രക്തസാക്ഷിത്വ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നോ, ആ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുതന്നെയാണ് ആ രക്തസാക്ഷിത്വ ദിനാചരണത്തെ എക്കാലവും കൂടുതല്‍ പ്രസക്തമാക്കുന്നത്.

ആ ജീവിതസന്ദേശം പുതിയ സമൂഹത്തിന്‍റെ മനഃസാക്ഷിയില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത് ഏറ്റെടുക്കുക എന്നു പറയുന്നത് സമൂഹത്തിന്‍റെ ഉല്‍കര്‍ഷത്തിലും മാനവരാശിയുടെ അതിജീവനത്തിലും താല്‍പര്യമുള്ള ഏതു ഭരണസംവിധാനത്തിന്‍റെയും ധാര്‍മികമായ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം കേരള ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയാണ്.

നേരത്തേ, ‘നമുക്ക് ജാതിയില്ല’ എന്ന ശ്രീനാരായണ ഗുരുവിന്‍റെ ചരിത്രപ്രസിദ്ധമായ വിളംബരം നാം ഏറ്റെടുത്തു പ്രചരിപ്പിച്ചിരുന്നല്ലോ. ജാതിഭ്രാന്തിന്‍റെ ആലയമായിരുന്ന ഈ നാടിനെ മാനവികതയുടെ ആലയമാക്കി മാറ്റാന്‍ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍റെ സന്ദര്‍ശനത്തിനു പിന്നിലുള്ള സന്ദേശം ഏറ്റെടുത്തു.

പ്രചരിപ്പിച്ചിരുന്നല്ലോ. അതേപോലെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതസന്ദേശത്തെയും ഏറ്റെടുത്ത് പുതുതലമുറയുടെ മനസ്സില്‍ കൊളുത്തിവെയ്ക്കാനുള്ള മഹത്തായ ഒരു ദൗത്യം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം’ എന്ന് ഗാന്ധിജി പറഞ്ഞു. എന്തായിരുന്നു ആ ജീവിതം, എന്തായിരുന്നു ആ സന്ദേശം? അത് പുതിയ തലമുറ അറിയണം. സ്വാതന്ത്ര്യം, ജനാധിപത്യം, സ്വയംപര്യാപ്തത, മതനിരപേക്ഷത, മാനവികത തുടങ്ങിയ ഉന്നതങ്ങളായ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നവയായിരുന്നു ആ സന്ദേശങ്ങള്‍. അവയുടെ പ്രായോഗിക രൂപമായിരുന്നു ആ ജീവിതം.

മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ടതു കൊണ്ടാണ് അദ്ദേഹത്തിന് വെടിയേറ്റു മരിക്കേണ്ടിവന്നത് എന്നതോര്‍ക്കണം. രാജ്യത്തെ ന്യൂനപക്ഷത്തിന്‍റെ മാനുഷികമായ അവകാശങ്ങള്‍ക്കൊപ്പം അദ്ദേഹം നിന്നു. രാജ്യത്തെ മാത്രമല്ല, വിഭജനത്തെത്തുടര്‍ന്ന് രൂപംകൊണ്ട പാകിസ്ഥാനിലായ മുസ്ലിം സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും നിലകൊണ്ടു. ആ നിലപാടിനു പിന്നിലുള്ളത് വളരെ വിശാലമായ ഒരു കാഴ്ചപ്പാടായിരുന്നുവെന്ന് ഓര്‍മിക്കണം. മാനവികതയിലൂന്നിയുള്ള അതിവിശാലമായ ഒരു കാഴ്ചപ്പാട്.

ഇടുങ്ങിയ ചുവരുകളാല്‍ വേര്‍തിരിക്കപ്പെടാത്ത ഒരു മാനവികതാബോധത്തെക്കുറിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പാടിയില്ലേ. അത്തരത്തിലുള്ള വിശാലതാബോധമാണ് ഗാന്ധിജിയെ നയിച്ചത്. അതിരുകള്‍ക്കെല്ലാം അപ്പുറത്ത് മനുഷ്യരാകെ ഒന്നാണ് എന്ന ബോധം. ഈ ബോധം വര്‍ഗീയവാദികള്‍ക്കും സങ്കുചിത ദേശവാദികള്‍ക്കും സഹിച്ചില്ല. അതിന്‍റെ ഫലമായിരുന്നു ഗാന്ധിവധം. വ്യക്തി, രാഷ്ട്രം, ലോകം എന്നിവയെ വെള്ളം കടക്കാത്ത അറകളായി കാണുന്നതിനു പകരം ഒരു സമഗ്രതയില്‍ കാണുന്ന ദര്‍ശനമാണ് ഗാന്ധിജി മമ്പോട്ടുവെച്ചത്. ലോകമേ തറവാട് എന്ന സങ്കല്‍പത്തില്‍നിന്ന് രൂപപ്പെട്ട ദര്‍ശനമാണത്.

ഒരുകാര്യം ശ്രദ്ധിക്കണം. ഗാന്ധിജി ഇന്ത്യയില്‍ ദേശീയതാ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ ആസേതുഹിമാചലം സഞ്ചരിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ത്തന്നെ, ലോകത്തിന്‍റെ രണ്ടിടങ്ങളിലെങ്കിലും മറ്റൊരു ദേശീയതാപ്രസ്ഥാനം ഇവിടുത്തേതില്‍ നിന്ന് വ്യത്യസ്തമാം വിധം
വളര്‍ന്നുകൊണ്ടിരുന്നു. ജര്‍മനിയിലും ഇറ്റലിയിലും. അവിടെ വളര്‍ന്നുകൊണ്ടിരുന്ന വംശീയസ്വഭാവത്തിലുള്ള വിപല്‍കരമായ ആ ദേശീയവാദങ്ങളോട് ഒരു ആനുകൂല്യവും ഗാന്ധിജി പ്രകടിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിശക്തമാം വിധം അതിന് എതിരുമായിരുന്നു ഗാന്ധിജി.
ദേശീയതയെ ആദരിക്കുമ്പോള്‍ തന്നെ അതിന്‍റെ മറവില്‍ മനുഷ്യത്വരഹിതമായ ഏതു തത്വശാസ്ത്രം തഴയ്ക്കുന്നതിനെയും നഖശിഖാന്തം എതിര്‍ക്കുക തന്നെ ചെയ്യണമെന്ന പാഠമാണ് അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്നത് എന്നതു മറന്നുകൂട.

എന്നാല്‍, നാസിസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും, ജര്‍മന്‍ വംശീയതയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും കരുതിക്കൊണ്ട് അതേ ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു വര്‍ഗീയ-വംശീയ പ്രസ്ഥാനം ശക്തിപ്രാപിച്ചുവന്നു. ആ പ്രസ്ഥാനത്തിന്‍റെ വക്താവാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത് എന്നതു മറന്നുകൂട.

ഗാന്ധിജി ആത്മീയവാദിയായിരുന്നില്ലേ? ആയിരുന്നു. ഭഗവദ്ഗീത നെഞ്ചോടു ചേര്‍ത്തും ‘ഹേ റാം, റാം’ എന്നു ജപിച്ചും നടന്നിരുന്ന വന്ദ്യവയോധികനായിരുന്നു ഗാന്ധിജി. ആ ഗാന്ധിജിയെ നിഷ്കരുണം വെടിവെച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സേയോ? ഗോഡ്സേ സ്വയം വിശേഷിപ്പിച്ചിരുന്നത് താന്‍ ആത്മീയവാദിയാണെന്നായിരുന്നു. ഇവിടെ ഒരു വ്യത്യാസം കാണേണ്ടതുണ്ട്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചത് ആത്മീയതയാണെങ്കില്‍, ഗോഡ്സേ ഉയര്‍ത്തിപ്പിടിച്ചത് വ്യാജ ആത്മീയത അഥവാ കപട ആത്മീയത; അതുമല്ലെങ്കില്‍ വിഷലിപ്തമായ ആത്മീയത.

ഗാന്ധിജി പ്രതിനിധാനം ചെയ്ത ആത്മീയതയെ ഗോഡ്സേ പ്രതിനിധാനം ചെയ്ത കപട ആത്മീയത കീഴടക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. അതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്നതും അയാളുടെ വിഗ്രഹം ഉണ്ടാക്കിവെച്ച് പൂജിക്കാന്‍ ശ്രമിക്കുന്നതും മറ്റും. കപട ആത്മീയത, അതിന്‍റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയത, അതു വഷളായി ഉണ്ടാവുന്ന ഭീകരത തുടങ്ങിയവയൊക്കെ ‘ദേശീയത’യുടെ മുഖാവരണമിട്ട് സമൂഹത്തിലഴിഞ്ഞാടുന്നുണ്ട്.ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഞെരിച്ചുകൊല്ലാന്‍ സര്‍വസന്നാഹങ്ങളും ഒരുക്കി ശക്തിപ്രാപിക്കുന്നുണ്ട്. ഇതിനെതിരായി വലിയ ജാഗ്രതയുണ്ടാവണം. ആ ജാഗ്രതയുണ്ടാക്കിയെടുക്കാന്‍ കാര്യമായ തോതില്‍ ബോധവല്‍ക്കരണമുണ്ടായേ പറ്റൂ. ആ ബോധവല്‍ക്കരണത്തിനുള്ള ഊര്‍ജം ഗാന്ധിജിയില്‍നിന്നും അദ്ദേഹത്തിന്‍റെ ജീവിതസന്ദേശത്തില്‍നിന്നും ലഭിക്കും.

മജ്ജയോടും മാംസത്തോടും കൂടി ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് പുതിയ തലമുറയ്ക്കു വിശ്വസിക്കാന്‍ പോലും കഴിഞ്ഞേക്കില്ല എന്നാണ് ഗാന്ധിജിയെ മുന്‍നിര്‍ത്തി ഐന്‍സ്റ്റീന്‍ പറഞ്ഞത്. അഹിംസയുടെ വഴിയിലൂടെ സഞ്ചരിച്ച ആ ഗാന്ധിജിയെപ്പോലും വര്‍ഗീയവിധ്വംസക ശക്തികള്‍ക്ക് സഹിക്കാനായില്ല എന്നു പറഞ്ഞാല്‍ ആ ശക്തികളുടെ സ്വഭാവം എത്ര നിഷ്ഠുരമാണെന്നതിന് വേറെ വിശദീകരണം വേണ്ട.

ആ മതനിരപേക്ഷാ മനോഭാവമാണ് അദ്ദേഹത്തിന്‍റെ ജീവിതസന്ദേശം. അതാണ് ആ ജീവിതത്തെ കടന്ന് കാലത്തിലേക്കു പടരേണ്ട ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. വര്‍ഗീയ കാലുഷ്യത്തിന്‍റെ കാലത്ത് ഏറ്റവും സൗമ്യമായി, ശാന്തമായി ജീവിക്കുക എന്നു പറഞ്ഞാല്‍, ഏറ്റവും അപകടകരമായി ജീവിക്കുക എന്നു കൂടിയാണ് എന്ന് ആ ജീവിതം കാട്ടിത്തുന്നു. ഏറെ സൗമ്യ മായ ഒരു ജീവിതത്തെയാണല്ലൊ, വര്‍ഗീയശക്തികള്‍ തല്ലിക്കെടുത്തിയത്.

തൊട്ടുകൂടായ്മ എന്നത് മനുഷ്യനും ദൈവത്തിനും എതിരായ കുറ്റകൃത്യമാണ് എന്ന് ഗാന്ധിജി പറഞ്ഞു. തൊട്ടുകൂടായ്മ, ജീവിച്ചുകൂടായ്മയായി വഷളായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാമിന്ന് വന്നുനില്‍ക്കുന്നത്. ഗാന്ധിജിയുടെ കാലത്ത് ചില ചില വിഭാഗങ്ങള്‍ തൊട്ടുകൂട എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. കാലം പുരോഗമിച്ചു എന്നു പറയുന്ന ഇന്ന് ആ വിഭാഗങ്ങള്‍ ജീവിച്ചിരുന്നുകൂട എന്നുപോലും ചിലര്‍ കരുതുന്നു. ഇതാണ് മാറ്റം. അതിനിഷ്ഠൂരമായി ദളിതരെ ഭേദ്യം ചെയ്യുന്നതിന്‍റെയും കൊല്ലുന്നതിന്‍റെയും വാര്‍ത്തകളാണ് ഇപ്പോള്‍ ഓരോ ദിവസവും കേള്‍ക്കുന്നത്. ഗാന്ധിജിയുടെ കാലത്തുപോലും ഇല്ലാതിരുന്ന തോതിലുള്ള ദളിത്വിരുദ്ധ-മനുഷ്യത്വ വിരുദ്ധ ക്രൂരത ഇന്ന് നടമാടുന്നു. ഭരണസംവിധാനങ്ങള്‍ അതിന് സുരക്ഷിതത്വത്തിന്‍റെ തണല്‍ വിരിച്ചുകൊടുക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് ദളിതരുടെ ചേരികളിലേക്കു പോയി അവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഗാന്ധിജിയെ രാഷ്ട്രം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

മനുഷ്യരാശിയുടെയാകെ ക്ഷേമത്തെക്കുറിച്ച് ഗാന്ധിജി ചിന്തിച്ചു. ആ സാര്‍വദേശീയ ക്ഷേമബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം, പഞ്ചായത്ത്രാജ്, സ്വാഭിമാന്‍, സ്വയംപര്യാപ്തത, പ്രകൃതിസ്നേഹം, വികേന്ദ്രീകരണം തുടങ്ങി എത്രയോ മൂല്യങ്ങള്‍ ഗാന്ധിജി പ്രകാശിപ്പിച്ചു. അവയൊക്കെ നമ്മുടെ സാമൂഹ്യജീവിതത്തില്‍ വര്‍ദ്ധിച്ച തോതില്‍ പകര്‍ത്തേണ്ടതുണ്ട്.

പല ഭാഷകളും പല സംസ്കാരങ്ങളും പല മതങ്ങളും പല ആചാരാനുഷ്ഠാനങ്ങളുമുള്ള രാജ്യത്തിന് വൈവിധ്യത്തില്‍ അധിഷ്ഠിതമായ ഏകത്വത്തിലൂടെയേ നിലനില്‍ക്കാനും അതിജീവിക്കാനുമാവൂ എന്ന് ഗാന്ധിജി ചിന്തിച്ചു. ആ ചിന്ത കൂടുതല്‍ പ്രസക്തമാവുന്നുണ്ട് ഇന്ന്. ഏതു കാര്യം ചെയ്യുമ്പോഴും ഏറ്റവും താഴേതട്ടിലുള്ളവന് അതുകൊണ്ട് എന്തു ഗുണമുണ്ടാവുമെന്ന ചിന്തയാവണം മനസ്സിലുണ്ടാവേണ്ടത് എന്ന് ഗാന്ധിജി പറഞ്ഞു. ഏതു പ്രവൃത്തിയിലും അതു പ്രതിഫലിക്കുന്നുവെന്നുറപ്പു വരുത്താന്‍ കഴിയേണ്ടതുണ്ട്.

രണ്ട് ലോകമഹായുദ്ധങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതഘട്ടത്തിലുണ്ടായി. സര്‍വനാശത്തിന്‍റെ അന്ധകാരം ലോകത്തിനുമേല്‍ പടരുന്നുവോ എന്ന നൈരാശ്യചിന്ത പലരിലും പടര്‍ന്നു.

എന്നാല്‍, അപ്പോഴും പ്രത്യാശയുടെ പ്രകാശമാണ് വാക്കുകൊണ്ടും ചിന്തകൊണ്ടും ഗാന്ധിജി പ്രസരിപ്പിച്ചത്. ഗീതയെയും ഖുറാനെയും ബൈബിളിനെയും ഒരുപോലെ ആദരിച്ച ഗാന്ധിജി എല്ലാ മതങ്ങളെയും സമഭാവനയോടെ കണ്ടു. ഈ സര്‍വ്വധര്‍മസമഭാവനയടക്കം പുതിയകാലത്ത് കൂടുതല്‍ പ്രസക്തമാവുന്ന എത്രയോ മൂല്യങ്ങള്‍ ആ ജീവിതത്തില്‍നിന്നു പ്രസരിച്ചു.

മതാടിസ്ഥാനത്തിലുള്ള രാഷ്ട്രം എന്ന സങ്കല്‍പത്തിനു തന്നെ ഗാന്ധിജി എതിരായിരുന്നു. അത് ഇവിടത്തെ കാര്യത്തില്‍ മാത്രമല്ല, ഇസ്രയേല്‍ രാഷ്ട്ര രൂപീകരണ കാര്യത്തില്‍ വരെ ഇതു തെളിഞ്ഞുകണ്ടു. മതരാഷ്ട്രം സ്ഥാപിക്കാനുള്ള വര്‍ഗീയശ്രമങ്ങള്‍ ശക്തമാവുന്ന ഘട്ടത്തില്‍ അതിനെ ചെറുക്കാന്‍, മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ പ്രചോദനം പുതിയ കാലത്തും ഗാന്ധിജിയുടെ നിലപാടുകളില്‍നിന്നു നമുക്ക് ലഭിക്കുന്നു.

ഇങ്ങനെ പുതിയ കാലത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് നാം ഇവിടെ തുടക്കം കുറിക്കുന്നത്. മഹാത്മജിയുടെ പ്രപൗത്രനും മഹാത്മാഗാന്ധി ഫൗണ്ടേഷന്‍റെ അധ്യക്ഷനും പത്രപ്രവര്‍ത്തകനുമായ ശ്രീ. തുഷാര്‍ ഗാന്ധി അടക്കമുള്ളവര്‍ ഇതുമായി സഹകരിക്കുന്നു എന്നു കാണുന്നത് ഏറെ സന്തോഷകരമാണ്.

ശ്രീനാരായണ ഗുരുവിന്‍റെ ‘ജാതിയില്ലാ വിളംബര’ത്തിന്‍റെ നൂറാം വാര്‍ഷികവും സ്വാമി വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനത്തിന്‍റെ 125-ാം വാര്‍ഷികവും ഏറ്റെടുത്തു വിജയിപ്പിച്ച പ്രബുദ്ധമായ കേരളജനത കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒറ്റമനസ്സായി ഈ സംരംഭവും ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് എനിക്കുറപ്പുണ്ട്. ആ ഉറപ്പ് നിങ്ങളുമായി പങ്കുവെച്ചുകൊണ്ട് മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപതു വര്‍ഷങ്ങള്‍ എന്ന ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിക്കുന്നു. നന്ദി.