ജലകൃഷി വികസനം സെമിനാര്‍

കേരളാ അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജലകൃഷി വികസനത്തെ സംബന്ധിച്ച ഈ സെമിനാറില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കണ്ണൂരില്‍ ജലകൃഷിയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്ത കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷനെ ആദ്യമായി അഭിനന്ദിക്കട്ടെ.

ലോകത്ത് ഏറ്റവും വേഗതയോടെ വളരുന്ന ഭക്ഷ്യ ഉത്പാദന മേഖലകളിലൊന്നാണ് ജലകൃഷി. 1980 മുതല്‍ പ്രതിവര്‍ഷം 8 ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന മേഖലയാണിത്. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന്‍റെ 48 ശതമാനത്തോളം ജലകൃഷിയില്‍ നിന്നുളളവയാണ്. ഉള്‍നാടന്‍ മത്സ്യോത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചൈനയില്‍ ആകെ മത്സ്യഉത്പാദനത്തിന്‍റെ 72 ശതമാനത്തോളവും ജലകൃഷി മേഖലയുടെ സംഭാവനയാണ്. ഇന്ത്യയുടെ സ്ഥിതിയും ഭിന്നമല്ല. നമ്മുടെ രാജ്യത്തിന്‍റെ ആകെ മത്സ്യോത്പാദനത്തിന്‍റെ 52 ശതമാനത്തോളം മത്സ്യകൃഷിയില്‍ നിന്നുളളവയാണ്.

എന്നാല്‍ ഏറെ വിചിത്രമായ കാര്യം, ജലാശയങ്ങളാല്‍ സമ്പന്നമായ കേരളത്തില്‍ ജലകൃഷി മേഖല ഏറെയൊന്നും വികസിച്ചിട്ടില്ല എന്നതാണ്. ഇന്ത്യയുടെ ആകെ ഉള്‍നാടന്‍ ജലസമ്പത്തിന്‍റെ 10 ശതമാനം നമ്മുടെ സംസ്ഥാനത്താണ് എന്നിരിക്കിലും ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന്‍റെ രണ്ടര ശതമാനം മാത്രമേ കേരളത്തിന്‍റേതായുളളൂ. 2016-17 വര്‍ഷത്തെ കണക്കനുസരിച്ച് കേരളത്തിന്‍റെ ജലകൃഷിയില്‍ നിന്നുളള മത്സ്യോത്പാദനം കേവലം മുപ്പതിനായിരം മെട്രിക് ടണ്‍ മാത്രമാണ്. ഉത്പാദനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഉത്പാദന ക്ഷമതയുടെ കാര്യത്തിലും കേരളം ഏറെ പിന്നിലാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍. ജലകൃഷിയിലൂടെയുളള ചെമ്മീന്‍റെ ഉത്പാദനക്ഷമത കേരളത്തില്‍ കേവലം 500 കി. ഗ്രാമിന് താഴെ മാത്രമാണ്. എന്നാല്‍ അടുത്ത കാലത്ത് മാത്രം ചെമ്മീന്‍ കൃഷിയിലേക്ക് കടന്നുവന്ന ആന്ധ്രാപ്രദേശില്‍ ഇത് 6500 കിലോഗ്രാമാണ്. ഗൗരവമായ പരിശോധന ആവശ്യമുള്ള വിഷയമാണിത്. ഈ മേഖയലിലെ നമ്മുടെ പിന്നോക്കാവസ്ഥയെല്ലേ ഇതൊക്കെ സൂചിപ്പിക്കുന്നത്?

എന്നാല്‍ കേരളത്തിന്‍റെ മത്സ്യോപഭോഗത്തിന്‍റെ കണക്കുകള്‍ പരിശോധിച്ചാല്‍, അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ഭക്ഷിക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. ഇന്ത്യയുടെ ശരാശരി പ്രതിശീര്‍ഷ മത്സ്യോപഭോഗം 3.3 കി ഗ്രാം ആയിരിക്കുമ്പോള്‍ കേരളത്തിലത് 24 കി. ഗ്രാം ആണ്. ലോകത്ത് പ്രാചീന കാലം മുതല്‍ തന്നെ മത്സ്യകൃഷി ചെയ്തുവരുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യഗവേഷണ സ്ഥാപനങ്ങളുളള സംസ്ഥാനവും നമ്മുടേതാണ്. ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് യൂണിവേഴ്സിറ്റി നിലവില്‍ വന്നതും നമ്മുടെ സംസ്ഥാനത്താണ്. ഇത്തരത്തില്‍ മത്സ്യകൃഷി വികസനത്തിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ടെങ്കിലും എന്തുകൊണ്ടാണ് ഈ രംഗത്ത് നമുക്ക് മുന്നേറാന്‍ കഴിയാത്തത് എന്നതിനെപ്പറ്റി ഗൗരവമായ ചര്‍ച്ച ആവശ്യമുണ്ട്. ഈ സെമിനാര്‍ അതിന് ഉപകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

കടലില്‍ നിന്നുളള മത്സ്യോത്പാദനം മത്സ്യബന്ധനത്തിലൂടെ ഏറെയൊന്നും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. മാത്രല്ല നമ്മുടെ സംസ്ഥാനത്ത് കടല്‍ മത്സ്യോത്പാദനം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയുമാണ്. കേന്ദ്ര സമുദ്ര – മത്സ്യഗവേഷണ സ്ഥാപനത്തിന്‍റെ കണക്കു പ്രകാരം 2012 – ല്‍ 8.30 ലക്ഷം മെട്രിക് ടണ്‍ ആയിരുന്ന കേരളത്തിലെ കടല്‍ മത്സ്യോത്പാദനം തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ക്രമേണ കുറഞ്ഞു വരുന്ന പ്രവണതയാണ് കാണിക്കുന്നത്. 2013 മുതല്‍ 2015 വരെ നിലനിന്ന ഈ കുറവ് 2016 ല്‍ അല്പം ഉയര്‍ന്നു എന്നതു മാത്രമാണ് ആശ്വസം. എന്നിരിക്കിലും അത് 2012 ലെ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

കേരളത്തിലെ കടല്‍ മത്സ്യോത്പാദനം കുറയുകയും മത്സ്യോപഭോഗം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടില്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള ഏക പോംവഴി ജലകൃഷി വികസനമാണ്. കടലിലും ഉള്‍നാടന്‍ മേഖലയിലും മത്സ്യകൃഷി നടത്താം. കടലിലെ കൃഷി ഏറെ ചെലവേറിയതും ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമുളളതുമാണ്. എന്നാല്‍ ഉള്‍നാടന്‍ മേഖലയിലെ കൃഷിയാകട്ടെ താരതമ്യേന കുറഞ്ഞമുടക്ക് മുതല്‍ ആവശ്യമുള്ളതും ലളിതമായ സാങ്കേതികവിദ്യ മാത്രം മതിയാവുന്നതുമാണ്. അതിനാലാണ് ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. മൂന്ന് വര്‍ഷകാലയളവിനുളളില്‍ കൃഷിയില്‍ നിന്നുളള മത്സ്യോത്പാദനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിന് ഇതിനകം തന്നെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ ജലാശയങ്ങളില്‍ നിന്നും മത്സ്യോത്പാദനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം എന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്.

മത്സ്യകൃഷി വികസനത്തിന് പ്രതിബന്ധമായി നില്‍ക്കുന്ന മത്സ്യ/ചെമ്മീന്‍ വിത്തിന്‍റെ അപര്യാപ്തത പരിഹരിക്കുന്നതിനുളള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. ഈ രംഗത്ത് കേരളത്തിന്‍റെ ആകെ ശുദ്ധജല മത്സ്യവിത്തിന്‍റെ ആവശ്യകത 12 കോടി മത്സ്യക്കുഞ്ഞുങ്ങളാണ്. എന്നാല്‍ നാം ഉത്പാദിപ്പിക്കുന്നതോ? കേവലം രണ്ട് മുതല്‍ രണ്ടര കോടി മാത്രവും. ഗുണമേډയുളള ചെമ്മീന്‍ വിത്തിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതിനുളള പരിഹാരമെന്ന നിലയില്‍ കൂടുതല്‍ മത്സ്യ/ചെമ്മീന്‍ വിത്തുത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുളള മത്സ്യവിത്തുത്പാദനകേന്ദ്രങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ നമ്മുടെ സംസ്ഥാനത്തിന്‍റെ ശുദ്ധജല മത്സ്യവിത്തുത്പാദനം അഞ്ചു കോടിയായി ഉയര്‍ത്താനുളള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ് എന്നറിയിക്കട്ടെ.

നിലവിലുളള മത്സ്യോത്പാദനം ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകര്‍ മുന്‍കൈയെടുക്കണം. അതിനായി സഹകരണ മേഖലയില്‍ കര്‍ഷക കൂട്ടായ്മകളുണ്ടാക്കി മുന്നോട്ട് പോകാന്‍ കഴിയണം. കേരളത്തിന്‍റെ വടക്കന്‍ മേഖലയിലുളള അഞ്ച് ജില്ലകള്‍ പ്രവര്‍ത്തനപരിധിയാക്കികൊണ്ട് അഉഇഛട എന്ന പേരില്‍ ഒരു സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചതായി അറിയാന്‍ കഴിഞ്ഞു. അഭിനന്ദനാര്‍ഹമായ കാര്യമാണത്. മത്സ്യകര്‍ഷകര്‍ മുന്‍കൈ എടുത്ത് ഇതുപോലുളള സഹകരണസംഘങ്ങള്‍ കേരളത്തിന്‍റെ എല്ലാ മേഖലകളിലും ആരംഭിക്കണം. മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുതകുന്ന എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നിര്‍ലോഭമായ സഹായങ്ങള്‍ ഉണ്ടാകും. പൊതുജലാശയങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും മത്സ്യകൃഷിക്കായി പാട്ടത്തിന് നല്‍കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജലകൃഷി വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുളള ഒരു മത്സ്യനയം രൂപീകരിക്കന്നുതിനുളള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മത്സ്യവിത്തിന്‍റെ ഗുണമേډ ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടു ആരംഭിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രവും ഉടന്‍ നിലവില്‍ വരുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇത്തരത്തില്‍ മത്സ്യകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യോല്പാദന വര്‍ധനവിനും ഉതകുന്ന പദ്ധതികളുമായാണു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന്‍ പോലുള്ളവയുടെ സഹകരണം ഉണ്ടാകണം.

ജലകൃഷി വികസനത്തിനുതകുന്ന നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ കേരളാ അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അവയെല്ലാം തന്നെ അര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതാണെന്ന് സൂചിപ്പിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വം ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.