ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം

* സംയോജിത ലഹരിവിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ന് തുടക്കമായി

സമൂഹത്തിലെ ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാന്‍ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമുക്തമാക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന സംയോജിത ലഹരി വിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കുട്ടികളാണ് നാളെ നാടിന്റെ എല്ലാ മേഖലയിലും സ്തുത്യര്‍ഹ പങ്ക് വഹിക്കേണ്ടത്. ഇത്തരക്കാരെ ലഹരി പൂര്‍ണമായി തകര്‍ത്ത് കര്‍മരാഹിത്യവും അന്തര്‍മുഖത്വവും സൃഷ്ടിക്കുന്നു. ഈ വിപത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മയക്കുമരുന്ന് വിമുക്ത തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

നാട്ടില്‍ പലതരം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ട്. ആദ്യം തമാശയ്‌ക്കോ കൗതുകത്തിനോ ആരംഭിക്കുന്നതിന് ഒടുവില്‍ ഗുരുതരമായി അടിമപ്പെടും എന്ന തിരിച്ചറിവ് വേണം. ലഹരി ഉപയോഗത്തിന് ഇപ്പോള്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. ലഹരിക്കടിമപ്പെട്ടാല്‍ അവരവര്‍ നിര്‍വഹിക്കുന്ന ജോലിയില്‍ ശ്രദ്ധിക്കാനാവാതെ ഭ്രാന്തമായ അവസ്ഥയിലെത്തും. ഇത്തരക്കാര്‍ ക്രമേണ സാമൂഹ്യവിരുദ്ധരായി മാറുന്ന സാഹചര്യവുമുണ്ട്.

പോലീസും എക്‌സൈസും ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ എടുക്കുന്നുണ്ട്. എന്നാല്‍ ലഹരി മാഫിയ പല രാജ്യങ്ങളിലെയും സര്‍ക്കാരുകളേപ്പോലും മറിച്ചിടാന്‍ ശേഷിയുള്ളവരാണ്. അതിനാല്‍ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ നാടിന്റെയാകെ കണ്ണും കാതും ഇതിനെതിരെ തുറന്നിരിക്കണം.

ലഹരിയില്‍ നിന്ന് അനേകംപേരെ മുക്തരാക്കാന്‍ ആന്റി നര്‍ക്കോട്ടിക് സെല്ലിന് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ഇത്തരം നേട്ടങ്ങള്‍ പോലീസിന്റെയാകെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി സിനിമാതാരം ജയസൂര്യ, നടി പ്രിയാ പി. വാര്യര്‍, ക്രിക്കറ്റര്‍ സഞ്ജു വി. സാംസണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലഹരിഭൂതത്തെ വെടിവെച്ച് വീഴ്ത്തി ജയസൂര്യയും, ലഹരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുപായിച്ച് സഞ്ജുവും ലഹരി വിരുദ്ധ സന്ദേശമുള്ള ബലൂണ്‍ പറത്തി പ്രിയയും പ്രതീകാത്മകമായി ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളായി. ലഹരി വിമുക്ത, ബോധവത്കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.

ലഹരി വിരുദ്ധ സന്ദേശങ്ങളുമായി കേരളാ പോലീസ് കമാന്‍ഡോകളുടെ മാസ്മരികപ്രകടനവും ചടങ്ങില്‍ നടന്നു. എ.ഡി.ജി.പി സൗത്ത് അനില്‍ കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, ഐ.ജി അഡ്മിനിസ്‌ട്രേഷന്‍ പി. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതവും സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് നന്ദിയും പറഞ്ഞു.

ആര്‍. രാജമൂര്‍ത്തിയുടെ മായാജാലവും ദ്രുത വനിതാ ബാന്‍ഡിന്റെ സംഗീതപരിപാടിയും തുടര്‍ന്ന് അരങ്ങേറി.

കൗമാരക്കാരും കുട്ടികളും ലഹരിയുടെ ഇരകളാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നിയമനടപടികള്‍ ശക്തിപ്പെടുത്തല്‍, ലഹരിക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കടിപ്പെട്ടവരെ ചികിത്സയിലൂടെ ലഹരിവുമുക്തരാക്കല്‍, ലഹരിവിമുക്തി നേടിയവരുടെ പുനരധിവാസം എന്നിങ്ങനെ നാലു ഘടകങ്ങള്‍ ചേര്‍ന്നതാണ് പദ്ധതി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 76 പേരെ ലഹരിവിമുക്തമാക്കാനും പ്രാരംഭഘട്ടത്തില്‍ കഴിഞ്ഞു.