കാസര്‍ഗോഡ് അച്ചാംതുരുത്തി – കോട്ടപ്പുറം പാലം നാടിന് സമർപ്പിച്ചു

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്നമായിരുന്ന അച്ചാംതുരുത്തി – കോട്ടപ്പുറം പാലം ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

2016 നവംബര്‍ അവസാനം കാസര്‍ഗോഡ് ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ രാത്രിയായപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ 2009 ലെ ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കം കുറിച്ച പാലം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് അപ്പോൾ തന്നെ പാലം സന്ദര്‍ശിക്കുന്നതിനായി തീരുമാനിച്ചു. നിര്‍മ്മാണം മുടങ്ങികിടക്കുന്ന പാലത്തിലേക്ക് രാത്രിയില്‍ കയറുന്നത് ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ആളുകള്‍ പറഞ്ഞിരുന്നെങ്കിലും പാലത്തില്‍ കയറി പരിശോധിച്ചു. നാട്ടുകാരുടെ പ്രയാസങ്ങളും അഭിപ്രായങ്ങളും കേട്ടു.

ഉടന്‍ തന്നെ ചീഫ് എഞ്ചിനീയറെ വിളിച്ച് പാലവുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് ഓഫീസിലെത്തിക്കാൻ അറിയിച്ചു. പിന്നീട് നിരവധി തവണ തിരുവനന്തപുരത്ത് ഓഫീസില്‍ വെച്ച് ശ്രീ എം.രാജഗോപാല്‍ എം.എല്‍.എയുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ത്തു. കരാറുകാരനുമായും ചർച്ച ചെയ്തു. പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട് ഇടപെട്ട് പരിഹരിച്ചത് കൊണ്ടാണ് പാലത്തിന്‍റെ നിര്‍മ്മാണം വേഗത്തില്‍ പുനരാരംഭിക്കാനും പൂർത്തീകരിക്കാനും സാധിച്ചത്.

ഇത്തരത്തിൽ മുടങ്ങി കിടന്ന പല പദ്ധതികളും ഈ സർക്കാർ മുൻകൈയ്യെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ വികസനം എന്നത് യാഥാര്‍ത്ഥ്യമാക്കുകയാണ്. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂടെ നവകേരളത്തെ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് കൊണ്ട് പുതിയ ന്യൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. നിര്‍മ്മാണം നടക്കുന്ന എല്ലാ പ്രവൃത്തികളിലും ജനങ്ങളുടെ നല്ല സഹകരണവും പിന്തുണയും സര്‍ക്കാരിനൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.