മന്ത്രിസഭാ തീരുമാനങ്ങള്‍   30/05/2018

മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യം
കടല്‍ ക്ഷോഭത്തില്‍ 2018 ഏപ്രില്‍ മുതല്‍ പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടമത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തീരദേശവാസികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ തീരൂമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോകുടുംബത്തിനും 25,000 രൂപ വീതം അടിയന്തിര സഹായമായി അനുവദിക്കും.

ഭാഗികമായി വീട്, മറ്റ് ചമയങ്ങള്‍ ഫലവൃക്ഷങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക്റ വന്യൂ വകുപ്പ് നിലവില്‍ അനുവദിക്കുന്ന രീതിയിലുളള സഹായം ലഭ്യമാക്കും. കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കാനുംതീരുമാനിച്ചു.

കേരളത്തിന്‍റെ കടല്‍ത്തീരത്തിന് 590 കി.മീറ്റര്‍ നീളമുണ്ട്. ഇതില്‍കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍താമസിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തീരസംരക്ഷണത്തിന് കടല്‍ ഭിത്തി നിര്‍മ്മാണം വേഗത്തിലാക്കും. കടല്‍ ഭിത്തിക്ക് പുറമെ ജിയോട്യൂബും തീരസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കും.

പെട്രോള്‍, ഡീസല്‍ നികുതി ഒരു രൂപ കുറയ്ക്കും
പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ അടിക്കടി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്ന ഘട്ടത്തില്‍പോലും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ പെട്രോളിന് 82 രൂപയ്ക്കു മീതെയും ഡീസലിന് 75 രൂപയ്ക്കു മീതെയുമാണ് വില. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പരിമിതിക്കുളളില്‍ നിന്ന് ജൂണ്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം ഉപഭോക്താവിന് കുറവ് ലഭിക്കുന്ന രീതിയില്‍ നികുതിയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ഇതുമൂലം സര്‍ക്കാരിന് വര്‍ഷം നികുതിയിനത്തില്‍ 509 കോടി രൂപയുടെ നഷ്ടം സംഭവിക്കും. പെട്രോളിലും ഡീസലിനും വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുക എന്നതാണ് ഈ ദുരിതത്തില്‍ നിന്ന ജനങ്ങളെ ശ്വാശ്വതമായി സംരക്ഷിക്കാനുളള ഏക മാര്‍ഗ്ഗം.

കെ.എസ്.ബി.സിയില്‍ 2016-ലെ ഉത്തരവ് പ്രകാരം സൂപ്പര്‍ന്യൂമററിയായി അനുവദിച്ച 300 ഹെല്‍പ്പര്‍ / സെയില്‍സ്മാന്‍ തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റാന്‍ തീരുമാനിച്ചു.

2016 ജൂണ്‍ ഒന്നു മുതല്‍ സംരക്ഷിത അധ്യാപക/അനധ്യാപകരെ പുനര്‍വിന്യസിക്കുന്നതിനുളള ഉത്തരവ് പുറപ്പെടുവിച്ച 05-08-2016 വരെയുളള കാലയളവിലെ ശമ്പള ഇനത്തില്‍ കൈപ്പറ്റിയ തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന നിര്‍ദേശം നടപ്പിലാക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. തസ്തിക നഷ്ടപ്പെട്ട് അധ്യാപകരും അനധ്യാപകരും പുറത്തുനിന്ന 22 ദിവസം അവധിയായി ക്രമീകരിക്കാനും തീരുമാനിച്ചു.

2019-ലെ പത്മ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടവരെ കേന്ദ്രസര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു. മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറും ചീഫ് സെക്രട്ടറി സമിതിയുടെ സെക്രട്ടറിയുമാണ്.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍റെ ഹോണറേറിയം 20,000 രൂപയില്‍ നിന്ന് 30,000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മെമ്പര്‍മാരുടെ സിറ്റിംഗ് ഫീ സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.

ഔഷധിയിലെ വര്‍ക്കര്‍ ഒഴികെയുളള സ്ഥിരം ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

തെറ്റിവിള-നെല്ലിവിള-കാക്കാമൂല-കാട്ടുകുളം റോഡ് എന്ന പ്രവൃത്തിയുടെ അലൈന്‍മെന്‍റ് ആഴാംകുളം-മുട്ടയ്ക്കാട്-പനങ്ങോട്-കാട്ടുകുളം-നെല്ലിവിള-തെറ്റിവിള എന്ന് പുതുക്കുന്നതിനും ഈ പ്രവൃത്തിയുടെ തുക 10 കോടിയില്‍ നിന്നും 13 കോടിയായി ഉയര്‍ത്തുന്നതിനും തീരുമാനിച്ചു. ഈ പ്രവൃത്തിക്കു വേണ്ടി കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുന്നതാണ്.

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായി എസ്.കെ. സുരേഷിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു. കൃഷി വകുപ്പ് റിട്ട. ജോയിന്‍റ് ഡയറക്ടറാണ് സുരേഷ്.
ദേശീയ സമ്പാദ്യപദ്ധതി വകുപ്പില്‍ ഡയറക്ടറായി കബീര്‍ ബി ഹാരൂണിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അഡീഷണല്‍ ഡയറക്ടറാണ് കബീര്‍.

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ശമ്പളം പരിഷ്കരിച്ചപ്പോള്‍ ഉത്തരവില്‍ ഉള്‍പ്പെടാതെ പോയ 223 സ്ഥിരം ജീവനക്കാര്‍ക്കുകൂടി ശമ്പളപരിഷ്കരണം ബാധകമാക്കാന്‍ തീരുമാനിച്ചു.

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2018-19 അധ്യയനവര്‍ഷം മുതല്‍ രണ്ട് ബാച്ച് ഉള്‍പ്പെട്ട ഹയര്‍സെക്കന്‍ററി കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കും.

പൊതുഭരണവകുപ്പില്‍ ഒരു സെക്ഷന്‍ ഓഫീസറുടെയും രണ്ടു അസിസ്റ്റന്‍റുമാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെയും മറ്റു വകുപ്പുകളിലേയും ഹാജര്‍ കൃത്യമായി പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.

ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നതിനുളള യോഗ്യതയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് യു.ജി.സി അംഗീകാരമുളള സര്‍വ്വകലാശാലയില്‍ നിന്ന് 50 ശതമാനം മാര്‍ക്കോടെ എം.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷോ എം.എ ഇംഗ്ലീഷോ പാസാകുന്നവര്‍ക്ക് അപേക്ഷിക്കാം.

കാസര്‍കോട് ജില്ലയില്‍ അമ്പലത്തറ വില്ലേജില്‍ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പിന്‍റെ 4 ഏക്കര്‍ ഭൂമി സാംസ്കാരിക വകുപ്പിന് ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തികൊണ്ടാണ് അനുമതി നല്‍കുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന് ആസ്പിന്‍വാള്‍ ഹൗസ് കോമ്പൗണ്ടില്‍പെട്ട 1.29 ഏക്കര്‍ സ്ഥലം നിബന്ധനകള്‍ക്ക് വിധേയമായി പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാലുമാസത്തേക്കാണ് അനുവാദം നല്‍കുക. ഒരു മാസത്തേക്ക് രണ്ടുലക്ഷം രൂപ നിരക്കില്‍ പാട്ടം ഈടാക്കും. പാട്ടത്തുകയില്‍ ഓരോ വര്‍ഷവും പത്തുശതമാനം വര്‍ധന വരുത്തും.

മാറ്റിനിയമിച്ചു
1. കേരളഹൗസ് അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളഹൗസ് റസിഡന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു.

2. പാര്‍ലമെന്‍ററി കാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിന് കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധികചുമതല കൂടി ഉണ്ടാകും.

3. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ.ഗോപാല കൃഷ്ണ ഭട്ടിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി.

4. അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. മുഹമ്മദ് സാഗിറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.

5. കൊളിജീയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയെ സപ്ലൈകോ സി.എം.ഡി.യായി മാറ്റി നിയമിച്ചു.

6. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ അധിക ചുമതല കൂടി നല്‍കി.

7. തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗിരിജയ്ക്ക് അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.

8. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി. വീണ എന്‍ മാധവനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയുടെ അധിക ചുമതല കൂടി ഉണ്ടാകും.

9. പാലക്കാട് ജില്ലാ കളക്ടര്‍ പി. സുരേഷ് ബാബുവിനെ ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

10. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

11. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹിനെ പത്തനംതിട്ട ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

12. ലൈഫ് മിഷന്‍ സി.ഇ.ഒ. അദീല അബ്ദുളളയെ ഐ.എം.ജി കോഴിക്കോട് റീജിയണല്‍ ഡയറക്ടറായി മാറ്റി നിയമിച്ചു.

13. ഹൗസിംഗ് കമ്മിഷണര്‍ ബി. അബ്ദുള്‍ നാസറിന് നിര്‍മ്മിതി കേന്ദ്രം ഡയറക്ടറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ട് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെയും അധിക ചുമതല കൂടി നല്‍കി.

14. അസാപ്പ് സി.ഇ.ഒ. ഹരിത വി കുമാറിന് കൊളീജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.

15. ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബുവിനെ എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മിഷണറായി മാറ്റി നിയമിച്ചു.