പാര്‍വതിപുത്തനാര്‍ ശുദ്ധീകരണം: മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തി

പാര്‍വതിപുത്തനാര്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിനു സമീപത്തെത്തിയാണ് പാര്‍വതിപുത്തനാറിലെ മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ മുഖ്യമന്ത്രി വീക്ഷിച്ചത്. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ദേശീയ ജലപാതയുടെ ഭാഗമായാണ് പാര്‍വതിപുത്തനാറില്‍ ശുദ്ധീകരണ പ്രവൃത്തികള്‍ നടക്കുന്നത്. കോവളം മുതല്‍ കാസര്‍കോട് വരെ 600 കിലോമീറ്ററാണ് ദേശീയ ജലപാത. ആദ്യ ഘട്ടത്തില്‍ പാര്‍വതിപുത്തനാറിലെ പോളയും മറ്റു മാലിന്യങ്ങളും ചെടികളുമാണ് നീക്കം ചെയ്യുന്നത്. മാലിന്യം പൂര്‍ണമായി നീക്കം ചെയ്യുന്നതോടെ തിരുവനന്തപുരത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആറിലെ ജലമൊഴുക്ക് സാധ്യമാക്കുകയാണ് ആദ്യ ലക്ഷ്യം. തുടര്‍ന്ന് മാലിന്യമെത്തുന്ന സ്രോതസുകള്‍ കണ്ടെത്തി തടയും. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജലപാത നിര്‍മാണത്തിന് കേന്ദ്രസഹായം മുഖ്യമന്ത്രി തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം വര്‍ക്കല തുരങ്കത്തിലൂടെ ബോട്ടുകള്‍ക്ക് കടന്നു പോകാന്‍ ജലവിഭവ വകുപ്പ് സംവിധാനം ഒരുക്കും. പാര്‍വതിപുത്തനാറില്‍ കക്കൂസ് മാലിന്യം എത്തുന്നത് തടയാന്‍ പ്രായോഗിക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വന്‍കിട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ആദ്യം തടയും. സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് അവ നിര്‍മ്മിച്ചു നല്‍കുന്നതുള്‍പ്പെടെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.