പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. പരിധി ഈ തോതില്‍ ഉയര്‍ത്തിയാല്‍ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് സമാഹരിക്കാന്‍ കഴിയും.
പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വീകരിക്കണം.
യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കും.
യു.എ.ഇയില്‍നിന്ന് 700 കോടി രൂപ സഹായമായി നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.
മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നത്.