മന്ത്രിസഭാ തീരുമാനങ്ങള്‍   21/08/2018

പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്.

സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. പരിധി ഈ തോതില്‍ ഉയര്‍ത്തിയാല്‍ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് സമാഹരിക്കാന്‍ കഴിയും.

പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വീകരിക്കണം.

പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പ്രത്യേക ലോട്ടറി
പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാന്‍ തീരുമാനിച്ചു. അധിക വിഭവസമാഹരണത്തിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന ജി.എസ്.ടി. തുകയ്ക്കു മേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

ഇതരസംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഫണ്ടിനു പുറമെ നല്‍കുന്ന സാധനസാമഗ്രികള്‍ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കാനും അവ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. തികയാത്ത സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കും.

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പൊതുചടങ്ങില്‍ ആദരിക്കുമ്പോള്‍ അവര്‍ക്ക് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ അംഗങ്ങളെ പൊതുചടങ്ങില്‍ ആദരിക്കാന്‍ തീരുമാനിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു.

പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

പാലക്കാട് നെډാറ അളവുശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട അഖിലയുടെ (24 വയസ്സ്) ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന ഡോ. എ. ജയതിലകിനെ കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.