കേരള പുനർ നിർമ്മാണം: ശാസ്ത്ര സാങ്കേതിക കൗൺസിലിനു നിർണായക പങ്ക്

കേരള പുനർനിർമിതിയുമായി ബന്ധപ്പെട്ട് പ്രളയനാന്തര കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുവാനും പ്രതിരോധ പ്രതിവിധി മാർഗങ്ങൾ നിർദ്ദേശിക്കുവാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗൺസിലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ജവഹർലാൽനെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് എന്നീ സ്ഥാപനങ്ങളെയും ജലാശയങ്ങളിലും കിണറുകളിലും കാണപ്പെടുന്ന ക്രമാതീതമായ ജലനിരപ്പ് താഴുന്ന പ്രതിഭാസം, ഭൂഗർഭ ജലവിതാനത്തിൽ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം എന്നിവ പഠിക്കുന്നതിന് സെന്റർ ഫോർ വാട്ടർ റിസോഴ്സ്സ് മാനേജ്മെന്റിനെയും, റോഡുകൾ പാലങ്ങൾ എന്നിവയുമായിബന്ധപ്പെട്ട പ്രശ്ശനങ്ങൾ പഠിക്കുന്നതിനു നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിനെയും ചുമതലപ്പെടുത്തി.

ഇതു കൂടാതെ ജൈവ വൈവിധ്യ മേഖലകളിൽ പരിസ്ഥിതിക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളും സസ്യ ജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടായ വ്യത്യാസങ്ങളും അതിന്റെ പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കാനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിനോട് മുഖ്യമന്ത്രി നിർദേശിച്ചു.